കൂട്ടികാലത്തെ ഒരു ഓർമ്മക്കുറിപ്പ്
ഉഷ ഉതുപ്പ് എന്ന പാട്ടുകാരിയുടെ, 'സുരാംഗണി സുരാംഗണി', എന്ന പാട്ടു എന്റെ കണ്ണമ്മയ്ക്ക് വേണ്ടി യൂട്യൂബിൽ തപ്പുന്നതിന്റെ ഇടയിലാണ് ബബ്ലൂസ് നാരങ്ങയുടെ കാര്യം ഓർമ കടന്നുവന്നത്, ഇതെന്താല്ലെ... ഉഷ ഉതുപ്പും ബബ്ലൂസ് നാരങ്ങയും! അതിനു കുറഞ്ഞത് ഒരു 35 വർഷം പുറകിലേയ്ക്കു പോകണം. എനിക്ക് ഒരു പത്ത് വയസ് പ്രായം, ആയോ, അല്ല അതിലേയ്ക്ക് ഒരു മൂന്ന് വർഷവും കൂടി ചേർത്ത് 38 വർഷം എന്നാക്കാം, പണ്ടേ കണക്ക് വീക്കാണ്.. അപ്പോൾ കാൽക്കുലേഷൻ മിസ്റ്റേക്സ്, സ്വാഭാവികം! എന്തായാലും അന്നത്തെ ആ ദിവസം ഞങ്ങളുടെ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉഷ ഉതുപ്പിന്റെ ഗാനമേള ഉണ്ടായിരുന്നു. അന്ന് ഉഷാ ഉതുപ്പ് വലിയ പാട്ടുകാരി ആണെന്നൊന്നും എനിക്കറിയില്ല. ഞങ്ങൾ ആ വർഷം ഡൽഹിയിൽ പോയപ്പോൾ വാങ്ങിയ സൽവാർ കമ്മീസ് ഒക്കെ ഇട്ട് വളരെ സ്റ്റൈലിഷായാണ് പോയത്, എന്നാണ് എന്റെ ഓർമ്മ. എന്തായാലും ഒരു നാലാമത്തെയോ അഞ്ചാമത്തെയോ വരിയിൽ സ്ഥാനം പിടിച്ചു. ഗാനമേള തുടങ്ങി, ഉഷ മൈക്ക് എടുത്തു അവരുടെ ഘനഗംഭീരമായ ശബ്ദത്തിൽ സംസാരിക്കുന്നു,...