ഒരു ഗുരുവായൂർ അനുഭവം
എന്റെ ഗുരുവായൂർ യാത്രകൾ ഇപ്പോൾ വർഷത്തിൽ ഒരിക്കലായി മാറിയിരിക്കുന്നു. കണ്ണൻ എന്നെ അങ്ങോട്ട് വിളിക്കാറില്ല എന്ന് പറയുന്നത് ശരി അല്ല, കാരണം ഞാനും കൂടി ഉത്സാഹിച്ചാൽ മാത്രമേ അവിടുന്നും ഒരു ചരട് ഇട്ടു തരികയുള്ളു. അപ്പോൾ അതെന്തേ താൻ ഇപ്പോൾ തന്റെ കണ്ണനെ കാണാൻ പോകാത്തത് എന്ന് ആരുടെയെങ്കിലും മനസ്സിൽ ഒരു ചോദ്യം ഉണ്ടെങ്കിലോ എന്ന് കരുതി പറയട്ടെ, എന്റെ തിരക്കിട്ട ജീവിതവും യാത്രകളും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന രീതിയിൽ ഉള്ള ഓട്ടവും, അതോ ഇനി മൂപ്പരോട് ഇച്ചിരി സ്നേഹ കുറവാണോ എന്നൊരു സംശയവും ഉണ്ട്. ദോഷം പറയരുതല്ലോ! എന്റെ സ്നേഹം അങ്ങോട്ട് ഇച്ചിരി കുറയുന്നു എന്ന് എപ്പോൾ തോന്നുമോ അന്ന് മുതൽ കിട്ടും ചെറിയ ചെറിയ പണി, എന്നാലും കൈ പിടിച്ചു കര കയറ്റുകയും ചെയ്യും,! അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ബന്ധം.
കഴിഞ്ഞ വർഷം എന്റെ ചേച്ചിയും കൂടേ രണ്ടു കസിൻസ് മോളി ചേച്ചിയും ശാരിയുമായി പോയി വന്ന ശേഷം ഇപ്പോൾ ആണ് ഗുരുവായൂർക്കു പോകാൻ ചാൻസ് കിട്ടുന്നത് . ഇത്തവണ ചേച്ചിയും ശാരിയും കൂടേ ശാരിയുടെ രണ്ടു മക്കളും. കുഞ്ഞുങ്ങൾ ആദ്യമായി ആണ് ഗുരുവായൂർ പോകുന്നതും. അങ്ങനെ രാവിലെ ഞാനും ചേച്ചിയും ആലുവയിൽ നിന്നും തൃശൂർ പോയി തിരുവനന്തപുരത്തു നിന്നും വന്ന വന്ദേഭാരത്തിൽ നിന്നും അവരെ വിളിച്ചു നേരെ ഹോട്ടൽ ഭാരത് ൽ പോയി ദോശയും പൂരിയും ഒക്കെ സേവിച്ചു വടക്കും നാഥനെ തൊഴുതു അവിടുന്ന് തൃശൂർ ഗുരുവായൂർ റൂട്ടിലെ ഗതാഗത കുരുക്കിൽ കൂടി ഞങ്ങൾ താമസിക്കാൻ പ്ലാൻ ചെയ്തിരുന്ന ഹോട്ടലിൽ എത്തിയപ്പോൾ, ഉച്ച പൂജയ്ക്കുള്ള സമയമായി. നേരെ ക്ഷേത്രത്തിലേയ്ക്ക് തൊഴാനായി ഓടി . കുഞ്ഞു കണ്ണനേ കൺ കുളിർക്കെ തൊഴുതു നേരെ പ്രസാദഊട്ടു കഴിച്ചു റൂമിൽ എത്തിയപ്പോൾ മണി 3.30..ഒരു 15 മിനിറ്റ് റസ്റ്റ് ചെയ്ത് വീണ്ടും പോയി കണ്ണനെ കാണാൻ. വൈകിട്ടത്തെ ശീവേലിയും തൊഴുതു ഭഗവാനെയും ദർശിച്ചു മമമ്മിയൂർക്ക് പോകാൻ ഒരു ഓട്ടോയിൽ കയറി. ആ ചേട്ടനോട് ബലരാമ ക്ഷേത്രം എവിടെ ആണ് എന്ന് തിരക്കിയതും മൂപ്പര് നേരെ അങ്ങോട്ടേക്ക് കൊണ്ട് പോയി. നേന്മേനി ഇല്ലത്തിന്റെ വകയായിരുന്നു നേന്മേനി ബലരാമ ക്ഷേത്രം ഇപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ ആണ് ഈ ക്ഷേത്രം. അങ്ങനെ അവിടെ എത്തി നല്ല ചന്തം ഉള്ള ബലരാമ സ്വാമിയേ തൊഴുത് നിന്നപ്പോൾ അവിടുത്തെ തിരുമേനി ചോദിച്ചു നിങ്ങൾ ദീപാരാധനക്കു നിൽക്കുമോ, കാരണം ഓട്ടോയിൽ വന്നതിനാൽ സാധാരണ ഗതിയിൽ അവർ നമ്മളെ അവിടെ അധികം സമയം നിറുത്താൻ സമ്മതിക്കാറില്ല, ഞാൻ പറഞ്ഞു ഞങ്ങളെ കൊണ്ട് വന്ന ഓട്ടോ ചേട്ടൻ ഒരു ധൃതിയും പറഞ്ഞില്ല..അങ്ങനെ അവിടുത്തെ വിളക്കും തെളിയിച്ചു ദീപാരാധനയും തൊഴുതു നേരെ മമ്മിയൂർക്കു പോയി. സ്വതവേ ഗുരുവായൂർ എത്തിയാൽ എനിക്കു ദീപാരാധന തൊഴാൻ ആണ് എറ്റവും അധികം ആഗ്രഹം. ഇത്തവണ എല്ലാവരും ഉള്ളതിനാൽ അങ്ങനെ ഒരു ആഗ്രഹം വേണ്ടാന്നു വെച്ചിരുനെങ്കിലും എന്റെ കണ്ണൻ വിചാരിച്ചു കാണും നീ എന്റെ ഏട്ടനെ കണ്ടു വണങ്ങി അവിടുത്തെ ദീപാരാധന തൊഴുതോള്ളൂ, അങ്ങനെ ബലരാമസ്വാമിയുടെ അവിടെ ദീപാരാധനയും തൊഴുതു മമ്മിയൂർക്കും പോയി, തിരികെ കണ്ണന്റെ ശീവേലി തൊഴണോ എന്ന് ചിന്തിച്ചെങ്കിലും, നല്ല ക്ഷീണം ആയതിനാൽ റൂമിലേക്ക് പോയി, രാവിലേ തൊഴാൻ പോകാം എന്ന പ്ലാനും ഇട്ടു. അങ്ങനെ പിറ്റേന്ന് അഞ്ചു മണിയോടെ പോയി ക്യൂയിൽ ഇരുന്നു, ഒരു അര മണിക്കൂറിനുള്ളിൽ അകത്തേക്ക് കയറി തൊഴുതു, വച്ചടി പ്രദക്ഷിണവും കൂടേ രാവിലത്തെ ശീവേലിയും തൊഴുതു.
ഭഗവാനെ തൊഴുതു നിന്നപ്പോൾ എന്തെങ്കിലും ഒരു സ്പെഷ്യൽ അനുഗ്രഹം ഉണ്ടകുമോ കണ്ണാ എന്നൊരു ചോദ്യം ചോദിച്ചിരുന്നു മൂപ്പരോട്. സുഖമായി തൊഴുതല്ലോ അല്ലെ എന്ന മറുപടിയും കിട്ടി. അങ്ങനെ മൂപ്പരോട് യാത്ര പറഞ്ഞു റൂമിൽ എത്തി. റൂമിൽ എത്തിയാൽ വേപ്രാളം മൊബൈലിൽ ആരുടെയൊക്കെ മെസ്സേജ് വന്നു എന്നാണല്ലോ ആദ്യം നോക്കുക. DR എടനാട് രാജൻ നമ്പ്യാർ സാറ് എന്നും അയക്കാറുള്ള വീഡിയോ വന്നോ എന്നാണ് ആദ്യം നോക്കുക. കണ്ണന്റെ വീഡിയോ കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ് പതിവ്. കണ്ണന്റെ കഥകളും മറ്റുമായി സാറിന്റെ ശബ്ദത്തിൽ കേൾക്കുന്ന ഓരോ വീഡിയോസും ശരിക്കും കേൾക്കുന്നവരുടെ ജന്മ സുകൃതം. എനിക്കു കിട്ടുന്നതും ഞാൻ എന്നും അയക്കാൻ നോക്കി ഇരിക്കുന്ന മറ്റൊരു ഗ്രൂപ്പ് വേറെയും ഉണ്ട്. വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്നതും നോക്കി ഇരിക്കുന്നവരും ഉണ്ടേ, കാരണം മൂകാംബികയിൽ യാത്ര പോയപ്പോൾ റേഞ്ച് പ്രശനം കാരണം ഒത്തിരി താമസിച്ചാണ് ഞാൻ കണ്ടിരുന്നത്. അപ്പോൾ കുറച്ചു പേരുടെ അന്വേഷണം ഉണ്ടായിരുന്നു, സാറിന്റെ വീഡിയോ സ്റ്റാറ്റസിൽ കാണാത്തതു കൊണ്ട് എനിക്കു വല്ലതും പറ്റിയോ. എന്തായാലും ഈ ദിവസം സാറിന്റെ വീഡിയോ വന്നു ഡൌൺലോഡ് ചെയ്തപ്പോൾ ആ ശബ്ദത്തിൽ കൂടി ഗുരുവായൂർ വന്നു തൊഴുനത്തിനെ കുറിച്ച് സാർ പറഞ്ഞിരിക്കുന്നു, “ഭൂലോകവൈകുണ്ഠനായ ഗുരുവായൂരപ്പന്റെ തിരുനടയിലെ കാറ്റിനു വരെ എന്തൊരു സുഖന്ധാ, തുളസി മാലയുടെയും, അപ്പത്തിന്റെയും കളഭത്തിന്റെയും താമര മൊട്ടിന്റെയും ഒക്കെ. ചിലപ്പോൾ കിഴക്കേ നടയ്ക്കു നിനൊരു കാറ്റു വീശുന്നത് കണ്ടാൽ എനിക്ക് ക്യൂ നിൽക്കാനൊന്നും സമയമില്ല. ഞാൻ ആ സുന്ദര കുട്ടനെ ഒന്ന് തൊഴുതു വന്നോട്ടെ എന്ന് പറഞ്ഞ് ശ്രീലകത്തേയ്ക്കൊരു ഓട്ടമാണ്. അവിടെ ചെന്ന് ഭംഗിയായിട്ടു നമസ്കരിക്കുന്നുണ്ടാകും. ഗുരുവായൂർ അങ്ങനെ നടന്നാൽ മതി, കൃഷ്ണാ, ഗുരുവായൂരപ്പ, മാധവ, ഗോവിന്ദ, ഗോവിന്ദ എന്ന് കേൾക്കാം, അവിടെ വാക്കുകൾ പോലും മന്ത്രമധുരമാണ് കർണ പീയൂഷമാണ്. വാകച്ചാർത്താണോ ദീപാരാധനയാണോ ശീവേലിയാണോ എറ്റവും മധുരം എന്ന് ചോദിച്ചാൽ അതിപ്പോ ഗുരുവായൂരപ്പന് തന്നെയെ പറയാൻ പറ്റുള്ളൂ. അവിടെ സകലവും മധുരമാണ്. മഥുരാധിപതെ അഖിലം മധുരം. ഒന്ന് പറയാം ഗുരുവായൂർ എത്താൻ കഴിഞ്ഞാൽ അത് തന്നെ ഭാഗ്യം. ഹന്ത ഭാഗ്യം ജനാനാം!”
ഈ വാക്കുകൾ ശരിക്കും അദ്ദേഹം എനിക്ക് വേണ്ടി പറഞ്ഞ പോലെ ആണ് എന്നിൽ തോന്നിപ്പിച്ചതും, എന്തായാലും രാജൻ സാറിന് ഒരു മെസ്സേജ് അയച്ചിട്ട് പറഞ്ഞു അങ്ങ് ചെയ്ത ഈ വീഡിയോ ഞാൻ ഗുരുവായൂർ ഇരുന്നാണ് കേട്ടത് എന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ മറുപടിയും വന്നു, ഗുരുവായൂർ എത്താൻ കഴിഞ്ഞാലേ ഭാഗ്യം എന്ന് പറയുമ്പോൾ, നമ്മൾ ഭാഗ്യവാന്മാരാണ് എന്ന് തെളിയിക്കുകയാണ്. അവിടെ ഗുരുവായൂരാണെങ്കിൽ തീർച്ചയായിട്ടും ഗുരുവായൂരപ്പൻ നമ്മുക്ക് വേണ്ടിയാണു ഇത് പറയിപ്പിച്ചത് എന്ന് മനസിലാക്കാം. ഒട്ടും പ്രതീക്ഷിക്കാതെ അദേഹത്തിന്റെ മറുപടി കൂടി കിട്ടിയപ്പോൾ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥയിലായി, അനുഗ്രഹം പൂർണമായി.. ശരിക്കും കണ്ണൻ അറിഞ്ഞു നൽകിയ പ്രസാദം എന്നൊരു മെസ്സേജും ഞാൻ കൊടുത്തപ്പോൾ അദ്ദേഹത്തിന് അടുത്ത മെസ്സേജ്. അദ്ദേഹം അന്നത്തെ ദിവസം ചെയ്ത വീഡിയോ ഞാൻ ആ ദിവസം തന്നെ കണ്ടില്ല പല തിരക്കുകളുടെ ഇടയിലും വിട്ടു പോകാമല്ലോ, നാളെയോ മാറ്റന്നാളോ ആണ് അത് കാണുന്നതെങ്കിലോ! അപ്പോൾ നമ്മുക്കത്തിന്റെ പൂർണത കിട്ടില്ല. ചിലതു നമുക്കു വേണ്ടി തന്നെ ഗുരുവായൂരപ്പൻ പറയിപ്പിക്കും.. അദ്ദേഹം അറിഞ്ഞിട്ടുമില്ലലോ ഞാൻ ഗുരുവായൂർ ആണെന്നും പക്ഷേ അതെല്ലാം അറിയുന്ന ഒരേ ഒരാൾ സാക്ഷാൽ ഗുരുവായൂരപ്പൻ ആണല്ലോ… അതെ എന്റെ മനസ്സിൽ വന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു എടനാട് സാറിന്റെ വിഡിയോയും മറുപടിയും…ശരിക്കും ഓരോരുത്തർക്കും നമ്മുടെ കണ്ണൻ ഓരോ അനുഭവങ്ങൾ തരുന്നു.. എന്റെ കണ്ണനോട് ഒരു തരത്തിലും എനിക്ക് സ്നേഹം കുറഞ്ഞിട്ടുമില്ല എന്നതിന് എന്നിക്കു നൽകിയ തെളിവുമാകാം ഇതു. ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്റെ മനസ്സു വേദനിക്കണ്ടാട്ടോ ഞാൻ ഇല്ലേ കൂടേ എന്ന് പറഞ്ഞു തന്നത് പോലെ. അതെ എന്റെ കണ്ണാ.. നീയെ തുണ!
അങ്ങനെ ഈ കിട്ടിയ അനുഗ്രഹത്തിന്റെ സന്തോഷത്തിൽ പ്രാതലും കഴിഞ്ഞു കുഞ്ഞുങ്ങളെ ആന കൊട്ടിൽ കാണിക്കുവാൻ കൊണ്ട് പോയി. ഇംഗ്ലണ്ടിൽ നിന്നു വന്ന ഈ കുട്ടികളെ ഗജവീരന്മാരെ കാണിച്ചു കൂടേ ഞങ്ങളും ആസ്വദിച്ചു തിരികെ ഉച്ച ഭക്ഷണവും കഴിച്ചു ആലുവയിൽ ചേച്ചിയുടെ വീട്ടിലേക്കു തിരിച്ചു. വീണ്ടും ബ്ലോക്കും താണ്ടി വരുമ്പോൾ ഈ കുഞ്ഞുങ്ങളുടെ കലപില ഇംഗ്ലീഷ് കേൾക്കുമ്പോൾ സബ് ടൈറ്റിൽസ് ഇല്ലാതെ കാണുന്ന സിനിമ പോലെ ആയിരുന്നു എന്ന് മാത്രം. എന്റെ ചേച്ചി അവരുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിന് മറുപടി പറയുന്നതോ, ഉർവശി കടുക് വറ കടുക് വറ എന്നു പറയുന്നത് പോലെയും.
DT
28-07-2025
Comments