അലവലാതി
ജീവിതത്തിൽ നിന്നും ഓരോ വ്യക്തികൾ മറയുമ്പോഴും ഓർമ്മകൾ ഓടി കളിയ്ക്കും , നമ്മൾ ഓരോരുത്തർക്കും. നമ്മുടെ മുൻപിൽ നിന്ന് മറഞ്ഞവർ കണ്ടു മുട്ടി ഇരിക്കുമോ, കഥകൾ കൈമാറി കാണുമോ എന്നൊക്കെ ഉള്ള ചിന്തകൾ കളിയാടും . ഇങ്ങനെ ഉള്ള ചിന്തകൾ ഒട്ടുമിക്ക ആളുകളുടെയും ഇടയിലെ ഒരു വിനോദം തന്നെയാണ്. നമ്മൾ നമ്മളെ സാന്ത്വനിപ്പിക്കുന്ന ഓരോ കുഞ്ഞു വേലകൾ.
അങ്ങനെ എന്റെ പ്രിയപ്പെട്ട ചന്ദ്രൻ ചേട്ടൻ യാത്ര ആയപ്പോഴും കുറെ ഏറെ പൊട്ടത്തരങ്ങൾ എന്റെ ഉള്ളിലും കടന്നു വന്നു. ചേട്ടന്റെ മക്കൾസ്സ് USA യിൽ ആയതു കൊണ്ട് മണി ചേച്ചിയ്ക്ക് കൂട്ട് ഞാനും ലത ചേച്ചിയും ആയിരുന്നു, അതു കൊണ്ട് തന്നെ ചേട്ടനെ ice മുറിയിൽ സൂക്ഷിക്കാൻ വെച്ചു. ശരിക്കും സങ്കടം ആണ് ആ ഒരു അവസ്ഥ, മണിച്ചേച്ചി ചേട്ടന്റെ ഹോം നേഴ്സ് ആയ സുരേന്ദ്രനോട് ഈ ഒരു ദുഃഖം പറയുകയും അതു കൂടുതൽ കൈ വിട്ടുപോകാതിരിക്കാൻ എന്റെ സ്ഥിരം പൊട്ട തരം ഞാൻ കാച്ചി, അപ്പുറത്തു കിടക്കുന്ന ആളോട് ചേട്ടൻ തണുത്തു "വിറയ്ക്കുനോടെയ്" എന്നു ചോദിച്ചിരിക്കും എന്നങ്ങു പറഞ്ഞു ..അതോടെ സുരേന്ദ്രന്റെ കിളി പോയി ...രൂക്ഷമായി എന്നെ നോക്കിയ സുരേന്ദ്രനോട് മണി ചേച്ചി പറഞ്ഞു ഇവളും ഇവളുടെ ചേട്ടനും അച്ഛനും എല്ലാം ഈ ടൈപ്പ് ആണ് എന്നു പറഞ്ഞു പുള്ളിയുടെ രൂക്ഷതയിൽ നിന്നു എന്നെ രക്ഷിച്ചു. എന്തയാലും കുടുംബ മഹിമ മനസിലായല്ലോ ..ചിരിപ്പിക്കുക situation light ആക്കുക എന്ന സദ് ഉദ്ദേശം മാത്രം…
ഞങളുടെ FACT ഡേയ്സ് മുതൽ ഉള്ള അവിഭാജ്യ ഘടകം ആണ് ചേട്ടൻ, കാരണം അമ്മാവനും അനിന്തരവനും ഫാക്ടലായിരുന്നു ജോലിയും. അങ്ങനെ കഴിഞ്ഞ 3 ദിവസമായി എന്നെ "അലവലാതി"എന്നു മാത്രം വിളിച്ചിരുന്ന ചന്ദ്രൻ ചേട്ടനും അച്ഛനും അമ്മയും ഹരിയും എല്ലാം ഒത്തു കൂടി കാണും അവരുടെ ആ ലോകത്തു എന്നൊക്കെ ഇവിടെ ഇരുന്നു ഞങ്ങൾ കഥകൾ മെനഞ്ഞെടുത്തു.
അതിൽ എന്റെ അമ്മ എന്തയാലും പറഞ്ഞു കാണും,"അയ്യോ ചന്ദ്രനും ഇങ്ങു പോന്നോ", പിന്നെ അച്ഛന്റെ സന്തോഷം അനിന്തരവനെ കണ്ടപ്പോൾ കാരണം പണ്ടേ ഞങ്ങളുടെ അച്ഛന് എന്തിനും ഏതിനും ചേട്ടൻ കൂടെ ഇല്ലാതെ പറ്റില്ലായിരുന്നു, ഹരി ഒരു ചെറു പുഞ്ചിരിയും കൊടുത്തിരിക്കും.
അങ്ങനെ പല കഥകളും മെനഞ്ഞു ചേട്ടനെ കൊണ്ടുപോകാൻ സമയവുമായി, മക്കളായ മായയും ലക്ഷ്മിയും ആണ് കർമ്മം ചെയ്യുന്നത് ,എന്നാൽ പിന്നെ ഞാനും കൂടെ തള്ളി കയറാം എന്നു തീരുമാനിച്ചു, കൂടെ ആംബുലൻസിൽ, ശാന്തി കവാടത്തിലേക്ക് പോയി , പോകുന്ന വഴി ഒരു വിഢിത്തവും വിളമ്പരുത് എന്നു മുന്നേ തീരുമാനിച്ചത് കൊണ്ട് വായ അടച്ചു വച്ചില്ല എന്നതാണ് പരമാർത്ഥം. ചന്ദ്രൻ ചേട്ടൻ ശരിക്കും പറഞ്ഞിരിക്കും ഈ അലവലാതിയോടു വീട്ടിൽ പോകാൻ ..പാവം മിണ്ടാൻ പറ്റില്ലല്ലോ 🥲അങ്ങനെ ഞങ്ങൾ മൂന്നും ഓരോന്നു പറഞ്ഞു ശാന്തി കവാടത്തിൽ എത്തി.
ചടങ്ങുകൾ കഴിഞ്ഞു "ശ്രീരാമ രാമ രാമേതി രമേ രമേ മനോരമേ " ജപിച്ചു ചേട്ടനെ അയച്ചപ്പോൾ പണ്ട് മുതൽക്കേ ഞങ്ങളുടെ വീട്ടിൽ ചേട്ടൻ വരുമ്പോഴൊക്കെ പറയുന്ന ഡയലോഗ് ഭാഗ്യത്തിന് എന്റെ മനസ്സിൽ മാത്രം പറഞ്ഞു ...എറണാകുളം സ്റ്റൈലിൽ ..ഞങ്ങ പോണേണ് , ഞ്ഞിങ്ങ വന്നാ...
എപ്പോൾ പടിയിറങ്ങുമ്പോഴും ചേട്ടന്റെ മാത്രം കുത്തക ആയ
"പോ..യിട്ടു ...വരാം"എന്നും പറഞ്ഞു, അതെ എന്നായാലും പുറകെ വരണമാലോ ...മനസിന്റെ കോണിൽ ഈ വേർപാടിന്റെ ദുഖവും ഒളിപ്പിച്ചു വച്ചു ഞങ്ങൾ യാത്ര തിരിച്ചു🙏🏻
23-05-2023
DT
Comments
ആ അവസരങ്ങളിൽ സ്വയം മനസ്സിലെ ഭാരം കുറയ്ക്കാൻ, നമ്മൾ തന്നെ ശ്രമിക്കണം. ദേവി സ്വന്തമായും മറ്റുള്ളവർക്കും അങ്ങിനെ കൊടുക്കുന്ന സാന്ത്വനം വലുതാണ്.
നമ്മളെ വിട്ടുപോകുന്നവർ തീർച്ചയായും കണ്ടൂമുട്ടും. വിവരങ്ങൾ പങ്കു വയ്ക്കുകയും ചെയ്യും. ഒരു പക്ഷെ, നമ്മൾ സംസാരിക്കുന്ന പോലെ ആവില്ല. ഒരു ചെറു നിമിഷത്തിൽ തന്നെ ഒരു ജീവിത കഥ മുഴുവൻ, ചിന്താധാരയിൽ കൂടി ആവാം അവരുടെ പങ്കു വയ്ക്കൽ...
അങ്ങിനെ ഒരു നാൾ, നമുക്കും അവരെ വീണ്ടും കാണാൻ (അറിയാൻ) ഉള്ള സമയം സംജാതമാകും.. അന്ന് അത് തന്നെയാണ് ജീവിതത്തിൻ്റെ ഒരു വലിയ ഭാഗ്യം എന്ന് മനസ്സിലാകും. നാടകം എല്ലാം കഴിഞ്ഞു, വേദി വിട്ട്, നടന്മാർ എല്ലാം ഒത്തുകൂടുന്ന സമയം..
പിന്നെ.. നമ്മൾ ഇഷ്ടപ്പെടുന്നവരെ വീണ്ടും കാണാമെന്ന പോലെ, ഇഷ്ടമില്ലാത്തവരെയും കാണണം എന്നത് മറ്റൊരു കാര്യം.. അതിനും മനസ്സിനെ പാകാപെടുത്താം..
അതിനെല്ലാം ഈ നർമ്മം കൈമുതൽ ഉള്ളത് ഒരു വരദാനം..
ദേവി പറഞ്ഞത് ഒന്നും അലവലാതിയുടെ പൊട്ടത്തരം അല്ല. വേദന അകറ്റുന്ന അദ്ഭുത വാക്കുകൾ ആണെന്ന സത്യം ഞങ്ങൾക്ക് മനസ്സിലാവുന്നു.. സമാശ്വാസത്തിൻ്റെ നറുതെന്നൽ ആണ്.. വേനൽ ചൂടിനെ തെല്ലു തണുപ്പിക്കുന്ന കുളിർ ചാറ്റൽ ആണ്..
അത് അനുസ്യൂതം ഒഴുകട്ടെ.
എന്താ പറയ്ക എന്റെ കുട്ട്യേ..... ❤😊