യാത്ര -ആദ്യ ദിവസം
അങ്ങനെ കാത്തിരുന്ന ആ സുദിനം എത്തി. 17ന് എറണാകുളത്തു നിന്നും ചേച്ചിയും ,സിന്ധുവും കമലയും രാത്രി 10.30 യൊടെ എത്തി . വാചകം അടിയും പോകുന്നതിന്റെ ആകാംഷയിലും ഉറക്കം ഇല്ലായിരുന്നു എന്നു പറയാം ..സ്കൂളിൽ നിന്നും പിക്നിക് പോകുന്ന അതെ മനസികാവസ്ഥയിലായിരുന്നു. അങ്ങനെ 18ന് രാവിലെ 4.25 ന് ഞങ്ങളുടെ യാത്ര പ്രാർത്ഥനകളോടെ ആരംഭിച്ചു. ട്രാഫിക് ഒന്നുമില്ലാതെ ഉദിച്ചു വരുന്ന സൂര്യ രശ്മികളുടെയും മഞ്ഞുമൂടിയ മലയുടെയും വീതിയുള്ള റോഡിലൂടെ നഗർകോവിലും തിരുനെൽവേലിയും കടന്നു കോവിൽപട്ടി ശരവണ ഭവനിൽ 7.15ന് എത്തിയതറിഞ്ഞില്ല എന്നു തന്നെ പറയാം . അവിടുന്ന് പ്രാതലും കഴിച്ചു 10.30 യോടെ മധുരയിലും എത്തി . ശാസ്ത്തമംഗലത്തു നിന്നും മധുര മീനാക്ഷി അമ്മയുടെ സനിധി വരെ ഏകദേശം 310km ആണ്.
മധുരയിൽ കാർ എങ്കേയോ പാർക്ക് ചെയ്തു ഓട്ടോ പിടിച്ചു ഞങ്ങൾ ക്ഷേത്രത്തിൽ പോയി. തിരക്കില്ലാതെ അമ്മയെ കൺകുളിർക്കെ തൊഴുതു. സുന്ദരേശ പെരുമാൾ സന്നിധിയിൽ പോകുന്ന വഴി ഒരു തൂണിൽ ഗർഭിണിയായി നിൽക്കുന്ന ഒരു സ്ത്രീ രൂപം ഉണ്ട്. കഴിഞ്ഞ തവണ ഞാനും ചേച്ചിയും പോയപ്പോഴാണ് ആ കഥ അവിടെ തൊഴാൻ വന്ന ചേച്ചി പറഞ്ഞു തന്നു സുഖ പ്രസവത്തിനായി പ്രാർത്ഥിക്കണം എന്നും പണ്ട് നടന്ന ഒരു കഥയും പറഞ്ഞു തന്നു.. ആരും തുണയിലാതിരുന്ന ഒരു സ്ത്രീയുടെ അടുക്കൽ ഒരു അമ്മ കൂട്ടിനു വന്നിരുന്നു എന്നും ആ കുഞ്ഞു സുഖമായി പ്രസിവിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഗർഭരക്ഷാംബാളെ പ്രാർത്ഥിച്ചാൽ സുഖപ്രസവം ആണ് ഫലം. ഗർഭിണിയായ ആ പെൺകുട്ടി ആ ഭഗവാനേ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ അമ്മയായി വന്നു ആ കുട്ടിയുടെ പ്രസവം എടുത്തു എന്നാണ് കഥ. തായ്മാനവർ എന്നാണ് ഭഗവാന് വേറെ ഒരു പേര്. അന്ന് ഇതു കേട്ടപ്പോൾ എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചു പട്ടും നേർന്നിരുന്നു. ആ കാരണത്താൽ ആണ് ആദ്യമേ മധുരയിൽ തൊഴുണം എന്ന് തീരുമാനിച്ചതും. എനിക്കും ചേച്ചിയ്ക്കും പട്ടു വയ്ക്കണമായിരുന്നു പക്ഷേ കാറിൽ നിന്നും അതെടുക്കാൻ മറന്നു…. മധുരയിൽ താമസിച്ചു തൊഴാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്, എന്തായാലും അടുത്ത തവണ താമസിച്ചു തൊഴാൻ വേണ്ടിയാകും ഈ മറവി എന്ന സമാധാനത്തിൽ സുന്ദരേശ പെരുമാളെയും തൊഴുതു വലം വയ്ച്ചു, അറിയാവുന്ന കഥകൾ ഒക്കെ പങ്കു വെയ്ച്ചു മീനാക്ഷി സുന്ദരേശ പെരുമാളോട് യാത്ര പറഞ്ഞു, തിരികെ ഉടനെ എത്തിക്കണേ എന്ന പ്രാർത്ഥനയോടെ സ്ഥിരം പരുപാടിയായ ഫോട്ടോ എടുക്കലും കഴിഞ്ഞു ഒരു ഓട്ടോ പിടിച്ചു കാർ പാർക്കിംഗ് തേടി പോയി. മധുരയിൽ നിന്നും തൃചിയിലേക്കുള്ള യാത്രയക്ക് 12.30 യോടെ തുടക്കം ഇട്ടു.l
മധുരയിൽ നിന്നും തൃചിനാപ്പള്ളി ഞങ്ങളുടെ ഹോട്ടൽ വരെ വഴി തെറ്റാതെ പോയാൽ 152 km ആണ്. തൃച്ചിയിൽ എത്തിയ ശേഷം ഊണ് എന്ന് തീരുമാനിച്ചു ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചു Ammikal Restaurant ൽ കഴിക്കാം എന്ന പ്ലാനിൽ, ഒരു പാലത്തിന്റെ മുകളിൽ കൂടി പോയപ്പോൾ ഈ പറഞ്ഞ കട കണ്ടെതും സർവീസ് റോഡ് ആണ് എന്ന് തെറ്റിദ്ധരിച്ചു one way യിലോട്ടു തിരിഞ്ഞതും അബദ്ധം പറ്റിയല്ലോ എന്നറിയുന്നതും എല്ലാം ഒരു നിമിഷം കൊണ്ട് മനസിലായി, പക്ഷേ നല്ലവരായ അവിടുത്തെ ആളുകൾ KL 01 കണ്ടിട്ടോ അതോ സുന്ദരികളായ 4 പെൺകുട്ടികളെ കണ്ടിട്ടോ അതോ ഡ്രൈവറായ എന്റെ നിഷ്കളങ്കമായ വിളറിയ ചിരി കണ്ടിട്ടോ, എന്തായാലും ആരും ഇവിടുത്തെ പോലെ ചീത്തവിളിക്കുകയോ മുഖം കറുപ്പികയോ ചെയ്തില്ല, ശരിക്കും പറഞ്ഞാൽ അവർ ഒതുക്കി അവരുടെ വണ്ടി ഓടിച്ചു. കഷ്ടി ഒരു 50 meter മാറി ആയിരുന്നു ആ ഹോട്ടലും. അവിടുന്ന് ഞങ്ങൾ ബുക്ക് ചെയ്തിരുന്ന hotel scarlet ശ്രീരംഗതേയ്ക്ക് 3 മണിയോടെ എത്തി check in ചെയ്തു കുറച്ചു സമയം restii.
ഏകദേശം 5.30 യോടെ ഉയർത്തെഴുനേറ്റു Rock Fort എന്ന ഉച്ചിപിള്ളയാർ കോവിലിലേയ്ക്ക് പോകാം എന്ന് നേരത്തെ തീരുമാനിച്ചതനുസരിച്ച് തയ്യാറായി അവിടെ പാർക്കിംഗ് ബുദ്ധിമുട്ടാണ് എന്ന് ഹോട്ടലിലെ ജീവനക്കാരും പറഞ്ഞു, ഞാൻ അത് വായിച്ചും മനസിലാക്കിയിരുന്നു, അതുകൊണ്ട് ഓട്ടോയിൽ പോയി വരാം എന്ന് തീരുമാനിച്ചു. ഇറങ്ങിയ ഉടനെ ഓട്ടോ കിട്ടി അങ്ങോട്ടേക്കു പുറപ്പെട്ടു. ചെറിയ ഇടുങ്ങിയ വഴിയിലൂടെ കുലുങ്ങി കുലുങ്ങി ഞങ്ങൾ എത്തി. കേരളം ഒഴിച്ച് ബാക്കി എല്ലാ സ്ഥലങ്ങളിലും വിനയക ചതുർഥി ആഘോഷിക്കുന്നത് 19 നാണ്, തിരക്കുണ്ടാകുമോ എന്ന ചെറിയ ആശങ്കയിൽ ഞങ്ങൾ 450 പടവുകൾ എങ്ങനെ കയറും, കയറിയാൽ എങ്ങനെ ഇറങ്ങും എന്നൊക്കെ ചിന്തിച്ചു ഭഗവാൻ തരുന്ന ശക്തി ഒന്ന് കൊണ്ട് മാത്രം ഒരു മണിക്കൂർ കൊണ്ട് കയറി, അനുകൂലമായ കാലാവസ്ഥയും ആയിരുന്നു.
ഉച്ചിപിള്ളയാറിൽ ഒരു വലിയ ഗണപതി പ്രതിഷ്ഠയാണ് ഉള്ളത്. ശ്രീരാമൻ പുജിച്ച മഹാവിഷ്ണുവിന്റെ വിഗ്രഹം വിഭീഷണന് നൽകുകയും, എന്നത്തേയും പോലെ ദേവന്മാർക്ക് അസുരനായ വിഭീഷണന് ശക്തി കൂടിയല്ലോ എന്ന ഭയം കാരണം ഗണപതി സ്വാമി ഒരു കുട്ടിയുടെ രൂപത്തിൽ എത്തി. വിഭീഷണൻ സന്ധ്യ വന്ദനം ചെയ്യാൻ കാവേരിയിൽ ഇറങ്ങിയപ്പോൾ ആ വിഗ്രഹം അവിടെ നിന്ന കുഞ്ഞിനെ ഏല്പിച്ചു, കാരണം വിഗ്രഹം തറയിൽ വെയ്ക്കാൻ പാടില്ല എന്നാണ്. ആ സമയം നമ്മുടെ ഈ കുട്ടി വിഗ്രഹം അവിടെ തറയിൽ വയ്ക്കുകയും, ഇതു കണ്ടു വിഭീഷണന് ദേഷ്യം വരുകയും കുഞ്ഞിനെ പിടിക്കാൻ ഓടിയപ്പോൾ ആ കുഞ്ഞു മലയുടെ മുകളിൽ കയറി, വിഭീഷണൻ കുഞ്ഞിനെ അടിക്കുകയും അപ്പോൾ ഗണപതി ഭാഗവാനായി മാറുകയും വിഭീഷണനെ അനുഗ്രഹിക്കുകയും ചെയ്തു എന്നാണ്. ഗണപതിയുടെ നെറ്റിയിൽ ആ അടി കിട്ടിയതിന്റെ പാടും ഉണ്ട് എന്നാണ് പറയുന്നത്. ഗോകർണത്തും ഇതു പോലെ ഒരു കഥയുണ്ട്. അവിടെ രാവണന് മഹാദേവന്റെ കൈയിൽ നിന്നും കിട്ടിയ ആത്മലിംഗവുമായി പോകുന്ന സമയത്തു സന്ധ്യവന്ദനത്തിനായി ആ വിഗ്രഹം ഒരു കുഞ്ഞിനെ ഏല്പിക്കുകയും പിന്നീട് അത് താഴെ വെച്ചത് കണ്ടു ഒരു വടി എറിയുകയും, ആ കുഞ്ഞു ഗണപതി സ്വാമിയുടെ രൂപം എടുക്കുകയും നെറ്റിയിൽ ഒരു പാട് ഉണ്ടാകുകയും ചെയ്തു. ഗോകർണത്തു പോയപ്പോൾ ഈ ഉള്ളവൾക്ക് ഗണപതി സ്വാമിയുടെ നെറ്റിയിലെ ആ പാട് കാണുവാനും സ്പർശിക്കുവാനും സാധിച്ചിരുന്നു.
എന്തായാലും കരിങ്കൽ പടവുകൾ കയറി ആദ്യം തായ്മാനവരായി നിൽകുന്നത് മഹാദേവൻ ആണ് എന്ന് മനസിലാക്കിയപ്പോൾ, മധുരയിൽ കൊടുക്കാൻ വച്ചിരുന്ന പട്ടു ഇവിടെ കൊടുത്താലോ എന്ന് ആലോചിച്ചു, പൂജാരിയെ കാണിച്ചപ്പോൾ കൊണ്ട് വന്നത് പാവാട ആയതിനാൽ അമ്മയുടെ സന്നിധിയിൽ കൊടുക്കൂ എന്നതു ഭഗവാന്റെ നിർദേശമായി എടുത്തു പാർവതി ദേവിയുടെ അവിടെ സമർപ്പിക്കുകയും, അവിടുത്തെ പൂജാരി ഞങ്ങളെ അവിടെ നിറുത്തി നല്ല ഭംഗി ആയി ആ പാവാടകൾ അണിയിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത ആനന്ദം ആയിരുന്നു. പിന്നീട് വീണ്ടും പടവുകൾ കയറി ഗംഭീരമായി അലങ്കരിച്ചിരിക്കുന്ന നന്നേ വലിപ്പം ഉള്ള ഗണപതി സ്വാമിയേയും കണ്ടു വണങ്ങി.
തൃച്ചിയിലെ വഴി വിളക്കുകൾ നല്ല ഭംഗി ആയി ആസ്വദിക്കാനും പറ്റിയ ഒരു സ്ഥലം ആണ്. ശ്രീ രംഗനാഥസ്വാമിയുടെ ഗോപുരവും അവിടെ നിന്ന് കാണാനാകും. മഴയുടെ ഭീഷണി ഉള്ളതിനാൽ ഞങ്ങൾ കുറച്ചു സമയം അവിടെ നിന്നിട്ടു താഴേയ്ക്കുള്ള ജൈത്രയാത്ര ആരംഭിച്ചു. താഴെ എത്തി അടുത്ത ആത്മരക്ഷയിൽ കയറി ഭക്ഷണവും കഴിച്ചു റൂമിൽ കയറി രണ്ടാമത്തെ ദിവസത്തെ പ്ലാനിങ് കഴിഞ്ഞു ഉറങ്ങാൻ കിടന്നു.
ബാക്കി അടുത്ത എപ്പിസോഡിൽ………
30-09-2023
DT
Comments