യാത്ര -രണ്ടാം ദിവസം -ആദ്യ പകുതി
ഈ രണ്ടാമത്തെ യാത്ര എഴുതിയാലും എഴുതിയാലും തീരണില്ല, പിന്നെ കുറച്ചു ബോറാകുമോ എന്ന സംശയത്താൽ ഞാൻ രണ്ടാക്കുന്നു. അപ്പോൾ തുടങ്ങട്ടെ…
തലേന്ന് നിശ്ചയിച്ച പ്രകാരം കാലേലേ ഉയർത്തെഴുന്നേറ്റു കുളിച്ചു സുന്ദരികളായി ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിൽ വിശ്വരൂപദർശനത്തിനായി ഞങ്ങൾ ഒരു 5.15 മണിയോടെ പുറപ്പെട്ടു. വീണ്ടും ഓട്ടോ തന്നെ ശരണം. രാവിലെ ആയതു കൊണ്ടാകും ഓട്ടോകൾ ഒന്നും ആ വഴി വന്നില്ല, അപ്പോഴേക്കും എപ്പോഴും ഗുരുവായൂരപ്പനെ തൊഴാൻ പോകുമ്പോൾ ഉണ്ടാകുന്ന അതേ ടെൻഷൻ പിടിപെട്ടു, കാരണം സമയത്തിന് ഭഗവാന്റെ മുൻപിൽ എത്താൻ പറ്റുമോ അല്ലെങ്കിൽ തിരക്ക് കാരണം തൊഴാൻ പറ്റുമോ എന്ന എന്റെ സ്ഥിരം വേവലാതി. എന്തായാലും ഒരു ഓട്ടോ വരുന്നത് കണ്ടു, പക്ഷേ പുറകിൽ ഒരു യാത്രികനും ഉണ്ടായിരുന്നു.. എന്തായാലും ഓട്ടോ നിറുത്തി ആ പുറകിൽ ഇരുന്ന അദ്ദേഹം മുൻപിൽ ഇരുന്നു ഞങ്ങളോട് കയറാൻ പറഞ്ഞു. നല്ല ഐശ്വര്യം ഉള്ള അദ്ദേഹം പിന്നീട് ക്ഷേത്രത്തെ കുറിച്ചും ഭഗവാന്റെ വിശ്വരൂപദർശനത്തെ കുറിച്ചും വാചാലനായി, കൂടെ ഓട്ടോക്കാരനും കൂടി. ഗുരുവായൂരും മൂകാംബികയിലും നിർമ്മാല്യ സമയത്തു നട തുറക്കുമ്പോൾ പശുവിനെയും കിടാവിനെയും നിറുത്തി കണ്ടിട്ടുണ്ട് പക്ഷേ ഇവിടെ അത് ആനയും, കുതിരയും, പശുവും ആണ്. തികച്ചും ആശ്ചര്യത്തോടെ ഇരുന്നു കേട്ടു ഞങ്ങൾ നാല് പേരും. അപ്പോഴേക്കും ക്ഷേത്ര കവാടം എത്തുകയും ഫ്രീ ക്യൂയിൽ കയറി നിൽക്കണം എന്നുള്ള ഉപദേശവും തന്നു.
ഞങ്ങൾ യാത്ര പ്ലാൻ ചെയ്ത സമയത്തു ഞാൻ പറയുകയുണ്ടായി നമ്മുക്ക് ഭാഗവാൻ ചില ആളുകളെ കൊണ്ട് നിറുത്തി തരും ആ ക്ഷേത്രത്തിലെ കഥകൾ വിവരിക്കാൻ. ഇവിടെ ഇദ്ദേഹത്തിന്റെ രൂപത്തിൽ പറഞ്ഞു തന്നു ഞങ്ങൾക്ക്. അങ്ങനെ ഉള്ള ഒത്തിരി അനുഭവങ്ങൾ ഇതിനു മുൻപും കിട്ടിയിട്ടും ഉണ്ട്. തിരക്കില്ലാതെ ഫ്രീ ക്യൂയിൽ കയറി നിന്ന്, അകത്തേക്ക് പ്രവേശിച്ചു. അവിടെ 100 രൂപ ടിക്കറ്റ് എടുത്തു നടന്നു നീങ്ങി, ഭഗവാന്റെ സന്നിധിയിലേക്ക്. ഒരു 15 മിനുട്ടുകളുടെ കാത്തിരിപ്പിനു ശേഷം ദേ വരുന്നു കൊട്ടും വാദ്യവുമായി ആനയും, വെള്ള കുതിരയും, പശുവും. ഇവർ മൂവരും ഭഗവത് സന്നിധിയുടെ മുൻപിൽ നിന്ന ശേഷം കവാടം തുറക്കുകയും ഭഗവാന്റെ ദർശന സൗഭാഗ്യം ഏറ്റു വാങ്ങുകയും ചെയ്യും. ഇതിൽ ആനയുടെ മുകളിൽ വെള്ളി കുടത്തിൽ കാവേരി തീർത്ഥവും കൊണ്ട് വരുന്നു എന്നും മനസിലാക്കാൻ സാധിച്ചു. എന്തായാലും ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നു, ഭഗവാന്റെ വിശ്വരൂപദർശനം വേണ്ടുവോളം, കൺ നിറയെ കാണുവാൻ ഉള്ള സൗഭാഗ്യവും കിട്ടി.
ഒരു കാര്യം പറയാൻ വിട്ടു പോയി, ഉച്ചി പിള്ളയാറിന്റെ മഹത്വം പറഞ്ഞപ്പോൾ എഴുതണം എന്ന് കരുതിയതാണ്, അതായതു വിഭീഷണന്റെ കൈയിൽ നിന്നും കുട്ടിയായി വന്ന ഗണപതി സ്വാമി ഏറ്റു വാങ്ങിയ മഹാവിഷ്ണുവിന്റെ ആ വിഗ്രഹം നിലത്തു ഉറയ്ക്കുകയും ഇത്രെയും വലിയ മഹാക്ഷേത്രമായി മാറുകയും ചെയ്തു ശ്രീ രംഗനാഥ സ്വാമിയുടെ ഈ സന്നിധി. 108 ദിവ്യ ദേശങ്ങളിൽ ആദ്യത്തേത് എന്ന് തന്നെ പറയാം. ശരിക്കും ഏതു വർഷമാണ് ഈ മഹാക്ഷേത്രം വന്നത് എന്ന് പോലും പറയാൻ പറ്റില്ല എന്നാണ് അവിടുത്തെ ഒരു പൂജാരി പറഞ്ഞതും. ഐതിഹ്യങ്ങൾ ഒത്തിരി ഉണ്ട് പക്ഷേ ഞാൻ മനസിലാക്കിയത് മാത്രമേ ഇവിടെ എഴുതുന്നുള്ളു.
പിന്നീട് ലക്ഷ്മി ദേവിയെയും തൊഴുതു ഇറങ്ങി ബാക്കി ഉള്ള ഉപദേവതകളെ വണങ്ങിയും പതിവ് ഫോട്ടോ ഷൂട്ടും കഴിഞ്ഞു ആ വലിയ ക്ഷേത്രം വലം വച്ച് ഭഗവാന്റെ ശംഖും ചക്രവും ഉള്ള ആ ക്ഷേത്രവും അതിനു നേരെ മുൻപിലായി രാമാനുജ ആചാര്യരുടെ ജീവസമാധിയുടെ മുൻപിലും എത്തി. ചന്ദനവും പച്ചകർപൂരവും കുംങ്കുമവും ചേർത്തിട്ടുള്ള ഒരു മിഷ്രിതമാണ് സ്വാമികളുടെ ശരീരം സമാധിയിൽ ഇരുത്തിയിരിക്കുന്നത്, അതും നൂറ്റാണ്ടുകളായി ഇതേ പോലെ കെടുകൂടാതെ നിലനിൽക്കുന്നു എന്നുള്ളത് ആശ്ചര്യമാണ്. ഒത്തിരി പോസിറ്റീവ് vibration ഉള്ള ഒരു സ്ഥലം ആണ് ഈ ക്ഷേത്രം. കുറച്ചു സമയം ഞങ്ങൾ അവിടെ ധ്യാനികുകയും ചെയ്തു. ആ വലിയ ക്ഷേത്രത്തിനോട് വിട പറഞ്ഞു ഏകദേശം 8 മണിയോടെ ഞങ്ങൾ ഇറങ്ങി.
Saint Ramanujacharya at Sri Ranganatha Swamy Temple -Picture coutesy- srirangapankajam. inഒന്ന് കൂടി പറയട്ടെ, ഞങ്ങൾ അവിടെ ഓരോ നടയിലേയ്ക്ക് പോകുമ്പോഴും വെളിയിൽ നിന്നിരുന്ന ഒരു സെക്യൂരിറ്റി ഞങ്ങളുടെ ഒപ്പം നടക്കുകയുണ്ടായി. ഓരോ സ്ഥലവും എത്തുന്നതിനു മുൻപേ അദ്ദേഹം അവിടെ കൂടി തൊഴണം എന്ന് പറയും പിന്നീട് ഒന്ന് കാണും പിന്നെ വീണ്ടും കുറെ കഴിയുമ്പോൾ ഞങ്ങളുടെ അടുത്ത് വന്നു അടുത്ത് പോകേണ്ട സ്ഥലം പറഞ്ഞു തരും. ആദ്യം ഞങ്ങൾ വിചാരിച്ചു കാശിനു ആകുമോ ഈ സഹായം, പക്ഷേ, അവസാനം വരെ മിന്നി മറിഞ്ഞു ഞങ്ങൾക്ക് മാർഗദർശി ആയിരുന്ന അദ്ദേഹം ഞങ്ങൾ അവിടുന്ന് ഇറങ്ങുന്ന സമയം അദ്ദേഹത്തിന്റെ സ്ഥാനത്തു അതായതു കാവടത്തിനു മുൻവശം പോയി നിന്നു. ചില സമയങ്ങളിൽ അവരും കാശിനു വേണ്ടി അല്ല എന്ന് തിരിച്ചറിയുമ്പോൾ അതും ഭാഗവാൻ നമ്മുക്ക് പറഞ്ഞു വിടുന്ന ഒരോ ഭഗവത് പ്രതിരൂപങ്ങൾ ആണ് എന്ന് മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളൂ …ഇങ്ങനെയും ഉണ്ട് ഒന്നും കാംക്ഷിക്കാതെ നമ്മളെ സഹായിക്കുന്ന വ്യക്തിത്വങ്ങൾ പ്രത്യേകിച്ച് കേരളത്തിന് വെളിയിലോട്ടു പോകുമ്പോൾ കാണുക ഭഗവത് കൃപ തന്നെയാണ്.
ബാക്കി ക്ഷേത്രങ്ങളിലേയ്ക്ക് പോകാൻ ഒരു ടാക്സി ശരിപ്പെടുത്തിയിരുന്നു, കാരണം കാർ ഉണ്ടെങ്കിലും ഒത്തിരി അമ്പലങ്ങൾ തൊഴുത്തിറങ്ങുമ്പോൾ വഴിയും ദൂരവും മനസിലാകാതെ പോകണ്ടാ എന്ന് വിചാരിച്ചു ടാക്സി അറേഞ്ച് ചെയ്തിരുന്നു. എന്റെ സുഹൃത്തുക്കളായ അനിത ചേച്ചിയും ജയശരീ ചേച്ചിയും ആണ് സുന്ദറിന്റെ നമ്പർ തന്നതും കൂടാതെ മടപള്ളി ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണവും കഴിക്കണം എന്നും പറഞ്ഞിരുന്നു. ബാക്കി പോകേണ്ട അമ്പലങ്ങളുടെ ലിസ്റ്റും തന്നിരുന്നത് കാരണം എല്ലാ കാര്യങ്ങളും ഞങ്ങൾ വിചാരിച്ചതിലും ഭംഗി ആയി നടന്നു.
അങ്ങനെ നല്ല ഉഗ്രൻ ഭക്ഷണവും കഴിച്ചു സുന്ദറിന്റെ നിർദേശം അനുസരിച്ചു അടുത്ത ക്ഷേത്രങ്ങളിലേയ്ക്ക് പൊക്കാൻ പുറപ്പെട്ടു…….
ഉടൻ വരും ബാക്കി വിവരണവും….



Comments
അത് സമ്മതിച്ചേ തീരൂ..
Route Map ഉണ്ടാക്കിയ ആൾ തന്നെ വണ്ടി ഓട്ടിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ്. പരമപ്രധാനം. ഭാഗ്യം..
അടുത്ത ലക്കം ഉടനേ പോരട്ടെ ..