യാത്ര -മൂന്നാമത്തെ ദിവസം
അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തി. പണ്ടേ പോകണം എന്ന് ആഗ്രഹിച്ച ഒരു ക്ഷേത്രം ആണ്, പക്ഷേ, അന്ന് ഈ ക്ഷേത്രത്തെ കുറിച്ച് കേൾക്കുമ്പോൾ പഞ്ചഭൂതങ്ങളിൽ ഉൾപ്പെട്ടതാണെന്നോ, പഞ്ചഭൂതങ്ങൾ എന്താണ് എന്നും അറിയാത്ത കാലം. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ ആണ്, എന്നാലും! പഞ്ചഭൂതങ്ങളിൽ ആകാശം ആണ് ഞങ്ങൾ പോകുന്ന ചിദംബരം ക്ഷേത്രം. ചിദംബരം ക്ഷേത്ര ദർശനം പ്ലാൻ ചെയ്തതു എന്റെ ചേച്ചി പറഞ്ഞത് കൊണ്ടാണ്. എന്തായാലും ഒരു 3 മണിക്കൂർ യാത്ര ഉണ്ട് ചിദംബരത്തെയ്ക്ക്, അത് കൊണ്ട് തന്നെ ഹോട്ടലിലെ complimentary breakfast തെല്ലു ദുഖത്തോടെ വേണ്ടാന്നു വച്ചു. ഏകദേശം 5-½ യോടെ ഞങ്ങൾ തിരിച്ചു. എട്ടരയോടെ എങ്കിലും എത്തുമല്ലോ എന്നായിരുന്നു ഡ്രൈവറും ടൂർ ഓപ്പറേറ്ററുമായ എന്റെ ഒരു പ്ലാൻ.
അങ്ങനെ മാർഗബന്ധു സ്തോത്രവും എല്ലൂർ ബിജുവിന്റെ ചന്ദ്രശേഖര എന്ന സോപാന സംഗീതം കേട്ടും കൂടെ പാടിയും ഗൂഗിൾ ചേച്ചി പറഞ്ഞു തന്ന വഴിയിൽ കൂടി വണ്ടി തഞ്ചാവൂരിൽ നിന്നും അടുത്ത ദേശത്തേയ്ക്ക് പാഞ്ഞു. പോകുന്ന വഴി ആദ്യം ഒന്ന് തെറ്റി, കൂടെ ഉള്ള കമല്ലൂസിന്റെ തമിഴിൽ ഞങ്ങൾ ചോദിച്ചു ചോദിച്ചു പോയി…. എന്തായാലും ഒരു സ്ഥലം എത്തിയപ്പോൾ റോഡിന്റെ ഗതി മാറി, ഹൈവേയിൽ നിന്നും ഒരു ഗ്രാമപ്രദേശത്തിലേയ്ക്ക് ആണ് ഞങ്ങൾ ഡ്രൈവ് ചെയ്തു പോയതും. സംശയ ഉള്ളത് കൊണ്ട്, ഗൂഗിൾ മാപ്പ് അത്രയ്ക്ക് വശം ഇല്ലാത്തവർ ആയതു കൊണ്ടും, 'അയ്യാ ഇന്ത വഴി എങ്കെ പോകുമാ' എന്നൊക്കെ കാച്ചി വിടാം എന്ന ഐഡിയയിൽ ഇരുന്നെങ്കിലും, ഗൂഗിൾ മാപ്പിൽ കണ്ടു പിടിച്ചു രണ്ടു വഴി ഉണ്ട് ചിദംബരം പോകാൻ, അതിൽ ഇന്ത വഴി പോയാൽ കുറച്ചു കൂടി നേരത്തെ ചിദംബരം എത്തും എന്ന് കണ്ടു, പണ്ടേ നേരെ ചൊവ്വേ പോകാൻ ഇഷ്ടം ഇല്ലാത്ത ഞാൻ ആ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ചു പോകാം എന്ന് തീരുമാനിച്ചു. എന്തായാലും അവിടെ ഉള്ളവരോട് , "അണ്ണാ ഇന്ത പക്കം ഏതാവതു ചിദംബരം പോക മുടിയുമാ, " എന്ന എന്റെ ചോദ്യത്തിന്, അയ്യോ, അമ്മാ ഇന്ത പക്കം ഏതുക്ക് പോഹണം എന്നായി നമ്മുടെ അണ്ണൻ, അപ്പോഴേക്കും നമ്മുടെ അടുത്ത ചോദ്യം അപ്പോൾ ഈ വഴിക്കു പോയാൽ എങ്കെ എത്തും, പിന്നെ അണ്ണന്റെ ഒപ്പം മറ്റൊരു മാമനും ഒരു തമ്പിയും എല്ലാവരും കൂടി ചേർന്ത് പറഞ്ഞു, അതായതു ഇതു വഴിയും പോകാം അതിലെയും പോകാം…അപ്പോൾ കുറച്ചു വിവരം ഉള്ള ഞാൻ ചോദിച്ചു റോഡ് കണ്ടിഷൻ നല്ലത് ഏതു? അപ്പോൾ, ദേ വരുന്ന ഉത്തരം, 'ഇതു താൻ നല്ല റോഡ്ഡ് അമ്മാ എന്ന്'! പിന്നെ എതുക്ക് കവല പെടണം എന്നായി ഞങ്ങളും, അടി കുതിരേ മുന്നോട്ടു എന്ന് പറഞ്ഞു വണ്ടി മുന്നോട്ടെയ്ക്ക് തന്നെ എടുത്തു. നല്ല പ്രകൃതിരമണീയമായ ആ ഗ്രാമപ്രദേശത്തു കൂടി ഉള്ള യാത്ര ശരിക്കും ആസ്വദിച്ചു, അങ്ങനെ ഒരു 20 കിലോമീറ്റർ താണ്ടിയപ്പോൾ, ഒരു വളവും അതിന്റെ മുകളിൽ എന്തോ പാലം പോലെ കണ്ടു, താഴെ റോഡ് പുഴ ആയി മാറിയ അവസ്ഥ…ഇതു പുഴയാണോ അതോ എന്തെങ്കിലും ചിന്ന ടാം വല്ലതും ആയിരിക്കുമോ എന്ന സന്ദേഹത്തിൽ ഞാൻ വണ്ടി നിറുത്തി പറഞ്ഞു, നമ്മുക്ക് പോകാൻ പറ്റുമോ എന്തോ…എന്നാൽ അവിടെ കൂടി നിന്നിരുന്ന തമിഴ് അണ്ണന്മാർ, ധൈര്യമായി "വണ്ടി പോങ്കോ""ധൈര്യമാ പോങ്കോ "എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. സത്യം പറഞ്ഞാൽ കുറച്ചു പേടിച്ചാണ് ഞാൻ വണ്ടി എടുത്തത്. അങ്ങനെ ആ ചിന്ന ഡാം കടക്കുന്ന സമയം ഞാൻ എന്റെ മരൂനെ ഒന്ന് ഓർത്തു പോയി, മനസ്സിൽ പറഞ്ഞു, നന്ദു, ഞാനും നന്ദുവിനെ പോലെ OFF ROAD ഡ്രൈവിയല്ലോ! എന്തായാലും കേടുപാടുകൾ ഒന്നും ഇല്ലാതെ ഞങ്ങൾ ആ വഴി കടന്നു… ഇനിയും ഇത് പോലെ രസകരമായ സംഭവങ്ങൾ ഉണ്ടാകുമോ എന്തോ എന്നൊക്കെ ആലോചിച്ചു വഴിയിൽ കുറച്ചു ഫോട്ടോസും എടുത്തു, ഗൂഗിൾ ചേച്ചിയോട് ചെറിയ ഒരു വിശ്വാസ കുറവ് കാരണം ചോദിച്ചു ചോദിച്ചു മുന്നോട്ടു പോയി.
ആ സമയം ആണ് ഞാൻ മനസ്സിലാക്കുന്നത് കുംഭകോണം വഴി ആണ് ചിദംബരം പോകുന്നേ എന്നും, കുംഭകോണത്തെ ഒത്തിരി ക്ഷേത്രങ്ങളെ കുറിച്ച് കേട്ടിരുന്നു, പ്രത്യേകിച്ച് നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതും അവിടെ ആണ്. എന്തായാലും ഞങ്ങളുടെ ലക്ഷ്യം ചിദംബരം, അത് കൊണ്ട് ബാക്കി ഒന്നും ഇപ്പോൾ ഗൂഗിലേണ്ട എന്ന തീരുമാനത്തിൽ മൂന്നോട്ടേക്കു പോയി. ചെറിയ വഴികൾ, തിരക്കും ഇല്ലാതെ പോകുക നല്ല സുഖമുള്ള അനുഭവം ആണ്, പതുക്കെ വിശപ്പിന്റെ വിളി തുടങ്ങി, 'എനിക്കു വിശക്കുന്നെ' എന്നും പറഞ്ഞു ഞാൻ ഒരു കുഞ്ഞു ഹോട്ടലിന്റെ മുൻപിൽ വണ്ടി ഒതുക്കി, ആദ്യം ഇപ്പോൾ വേണോ എന്നൊക്കെ എല്ലാവരും ചിന്തിച്ചെങ്കിലും, ഡ്രൈവർക്കു വിശന്നാൽ പിന്നെ എല്ലാവർക്കും വിശക്കും. അത്രയ്ക്ക് concern ആണേ ഡ്രൈവറോട്!
അങ്ങനെ നല്ല ചൂട് പൂരിയും കാപ്പിയും കുടിച്ചു അവരോടും Route ചോദിച്ചു വീണ്ടും മുൻപോട്ടു. ഈ വഴി ചെന്ന് കയറിയത് ആകട്ടെ പണി നടക്കുന്ന ബൈപാസിലേയ്ക്കും, അവിടുന്ന് നേരെ ചിദംബരം എന്ന് കണ്ടപ്പോൾ, സത്യം പറയുകയാണെങ്കിൽ അപ്പോഴാണ് സമാധാനം ആയതു . അങ്ങനെ ചിദംബരത്തു ഏകദേശം 10 മണിയോടെ എത്തി ചേർന്നു.
ഓം നമഃ ശിവായ മന്ത്രം ജപിച്ചു അകത്തേക്ക് കയറുമ്പോൾ പൂജായ്ക്കായി നട അടച്ചു. തില്ലൈ നടരാജനെ കാണുന്നത് കർപ്പൂരാരാധനയിലും, അവിടെ ഭഗവാന്റെ നേരെ മുൻപിൽ പടിയിൽ ഇരുന്നു പ്രാർത്ഥിച്ചോള്ളൂ എന്ന് പറഞ്ഞതനുസരിച്ചു കുറച്ചു സമയം അവിടെ ഇരുന്നു. അനന്ദ താണ്ടവ നടരാജൻ ആണ് തില്ലൈ നടരാജൻ. സാധാരണ ദർശനത്തിന് മുകളിൽ കയറിയാണ് ദർശനം. ചിദംബരം രഹസ്യവും തൊഴാൻ പറ്റും എന്നാണ്, ഞങ്ങൾ എത്തിയ സമയം അവിടെ സ്പടികലിംഗ അഭിഷേകം നടക്കുകയായിരുന്നു. ആ ദർശന സൗഭാഗ്യം ഏറ്റവും മഹത്തരം ആണെന് കേൾക്കുകയുണ്ടായി, കുഞ്ഞു സ്പടികലിംഗത്തിൽ പാലഭിഷേകവും , ജലം അഭിഷേകവും പിന്നീട് സ്പടികലിംഗം തുടച്ച ശേഷം ഭാസ്മാഭിഷേകവും ദർശിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി. പിന്നീട് രത്നസഭാപതി അല്ലെങ്കിൽ നടരാജ വിഗ്രഹം, ഈ കുഞ്ഞു വിഗ്രഹം രത്നങ്ങളാൽ അലങ്കൃതമാണ് RUBY ലിംഗം എന്നാണ് മനസിലാക്കുവാൻ കഴിഞ്ഞത്. ഈ അഭിഷേകവും കൺകുളിർക്കേ തൊഴുതു, ശേഷം മുകളിലയ്ക്ക് കയറ്റി വിട്ടു…നടരാജ സ്വാമിയേ വേണ്ടുവോളം തൊഴുതു, ഇടതു വശത്തു ശിവാകാമേശ്വരിയും, ഭൈരവരെയും വണങ്ങി. വലതു വശത്തുള്ള ചിദംബരം രഹസ്യവും ജാലകത്തിൽ കൂടി തൊഴുതു ഇറങ്ങി. ചേച്ചി ഇതിനു മുൻപേ വന്നതിനാൽ ഇതൊക്കെ പറഞ്ഞു തന്നിരുന്നു. ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന്റെ ഗർഭഗൃഹം നടരാജ സ്വാമികളുടെ മുൻപിൽ ഉള്ള വലിയ മണ്ഡപത്തിൽ ആണ്, ഒരു 6 പടി കയറിയാൽ മതി അവിടേയ്ക്ക്. അവിടുത്തെ പൂജകൾ ആദ്യമേ തൊഴുതിരുന്നു. പാർവതി ദേവിയുടെ നടയിലും ഗണപതി സ്വാമിയെയും ഞങ്ങൾ വന്ദിച്ചിട്ടാണ് അകത്തേക്ക് പ്രവേശിച്ചത്. ശേഷം സുബ്രമണ്യനെയും തൊഴുതു ബാക്കി ഉപദൈവങ്ങളെയും തൊഴുതു പ്രദക്ഷിണം വച്ചു. വീണ്ടും തില്ലൈ നടരാജനെ തൊഴാൻ കയറി, അപ്പോൾ വീണ്ടും സ്പടിക ലിംഗാഭിഷേകം നടക്കുന്നു.. അങ്ങനെ അതും തൊഴുതു നടയിലേയ്ക്ക് നടന്നപ്പോൾ ഒരാൾ എന്നോട് ചോദിച്ചു, തമിഴ്? ഞാൻ പറഞ്ഞു അല്ല കേരള, അദ്ദേഹം പറഞ്ഞു ഇവിടെ നിൽക്കണേ, ഇവിടുന്നു നേരെ ഭഗവാന്റെ വലതു വശത്തുള്ള ആ കർട്ടൻ മാറ്റും 12 മണിയ്ക്ക്, എല്ലാ പൂജാകൾക്കും ശേഷം എന്നും പറഞ്ഞു, അപ്പോൾ സമയം ഏകദേശം 11.45 ആയി കാണും, ഞങ്ങൾ എല്ലാവരും അദ്ദേഹം പറഞ്ഞ സ്ഥലത്തു നിന്നു..എന്താകും മഹാദേവാ എന്ന ആകാംക്ഷയിൽ ഓം നമഃ ശിവായ ജപിച്ചു നിന്നു.. നടരാജ സ്വാമിയുടെ പൂജകൾക്കു ശേഷം അക്ഷമരായി കാത്തിരുന്ന ഞങ്ങൾക്ക് മഹാദേവൻ കാണിച്ചു തന്നത് സ്വർണ നിറത്തിൽ ഉള്ള ഇലകൾ ആണ് സ്വർണത്തിൽ ഉള്ള കൂവള ഇലകളുടെ തിളങ്ങുന്ന മാലകൾ. മൂന്ന് തവണ കർട്ടൻ മാറ്റും ഒരു നിമിഷം പോലും അത് തുറന്നു വെയ്ക്കില്ല… മഹാദേവാ എന്ന് വിളിച്ചു ആനന്താശ്രുക്കളിൽ നിന്നു അവിടെ… എന്തിനായിരുന്നു ഞങ്ങളെ താമസിപ്പിച്ചതു, ഈ ഒരു മഹാഭാഗ്യത്തിന് വേണ്ടി അല്ലേ , അതെ എല്ലാം അവിടുന്ന് തീരുമാനിക്കും പോലെ മാത്രമേ നടക്കുകയുള്ളൂ .... എന്നോട് അവിടെ നിന്ന് തൊഴാൻ പറഞ്ഞ അദ്ദേഹം ഭഗവാന്റെ ഭൂതഗണം ആയിരുന്നോ? അറിയില്ല, പക്ഷേ അദ്ദേഹത്തിനെ തൊഴുതു വണങ്ങിയപ്പോഴും കണ്ണീർ വാർന്നു കൊണ്ടിരുന്നു എന്ന് മാത്രം അറിയാം…
അടുത്ത പരിപാടി ഭക്ഷണവും കുറച്ചു റെസ്റ്റും. അങ്ങനെ ഒരു ഹോട്ടലിൽ കയറി, പിന്നീടുള്ള എന്റെ itinerary പ്രകാരം Gangaikonda cholapuram വും Airavateswarar ക്ഷേത്രവും ആയിരുന്നു, പക്ഷേ സമയവും ദൂരവും നോക്കിയപ്പോൾ ഒന്നര രണ്ടു മണിക്കൂർ കാണിക്കുന്നു. പിന്നെ എത്തിയാലും ക്ഷേത്രം തുറക്കുമ്പോൾ 5 മണി ആകും എന്നും കണ്ടു, തഞ്ചാവൂർ എത്താൻ വൈകുമല്ലോ എന്ന ചിന്തയിൽ പോകണ്ട എന്ന് തീരുമാനിച്ചു. പിറ്റേന്ന് വരാൻ പറ്റുമോ എന്നും ഒരു സമാധാനത്തിനു ആലോചിച്ചു, അങ്ങനെ പോകാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ആ രണ്ട് സ്ഥലത്തും പോകണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ തഞ്ചാവൂർക്കു ഏകദേശം ഒന്നര മണിയോടെ തിരിച്ചു. രാവിലെ ഗൂഗിൾ ചേച്ചി കാണിച്ച വഴി വേണ്ടാന്ന് തീരുമാനിച്ചു, കാരണം ഇരുട്ടി കഴിഞ്ഞാൽ വിജനമായ ആ വഴി risky അല്ലെ എന്ന ഒരു അനാവശ്യ ചിന്ത വന്നു. അങ്ങനെ പണി നടക്കുന്ന ബൈപാസിൽ കൂടി ഉള്ള ഡ്രൈവിംഗ് അത്രയ്ക്ക് സുഖകരം അല്ലായിരുന്നു എന്നാലും കുറെ ദൂരം നല്ല റോഡും, പണി ഉള്ള സ്ഥലങ്ങളിൽ പതുകെയും ഒക്കെ ഓടിച്ചു. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ബോർഡ് കണ്ടു vaitheeswaran temple 38 kms. വൈതീശ്വരൻ കോവിൽ പോകണം എന്നൊക്കെ ഉണ്ടായിരുന്നു, ദൂരം നോക്കുമ്പോൾ കൂടുതലായി തോന്നിയത് കൊണ്ട് മനസ്സിൽ അത് വേണ്ടാന്ന് വയ്ക്കുകയയായിരുന്നു, പക്ഷേ ഇങ്ങനെ ഒരു ബോർഡ് കണ്ടപ്പോൾ പോയാല്ലോ എന്ന് ഞങ്ങൾ. അങ്ങനെ അവിടെ നിന്നിരുന്ന രണ്ടു അണ്ണന്മാരോട് ചോദിച്ചു മനസിലാക്കി. അങ്ങോട്ട് തിരിഞ്ഞു നേരെ പോയാൽ നട തുറക്കുന്ന സമയം ഞങ്ങൾ അവിടെ എത്തിയിരിക്കും
വീണ്ടും പച്ച പരവതാനികൾക്കു ഇടയിലൂടെ ഉള്ള അതിമനോഹരമായ യാത്ര ആയിരുന്നു. കുഞ്ഞു road ആയിരുന്നെങ്കിലും നല്ല റോഡുകൾ ഇടയ്ക്ക് കയറി വരുന്ന സ്പീഡ് ബ്രേക്കർ ഒഴിച്ചാൽ….അന്ന് വിനായകനെ നിമഞ്ചനം ചെയുന്ന ദിവസം ആയിരുന്നു . ഇടയ്ക്കിടയ്ക്ക് മുക്കാൻ കൊണ്ട് പോകുന്ന പാവം ഗണപതി സ്വാമികളെയും കണ്ടിരുന്നു. ഓരോ ജലാംശങ്ങളും എങ്ങനെ മലിനമാക്കാം എന്നാലോചിച്ചു കണ്ടു പിടിച്ചതായിട്ടേ ഇങ്ങനെ plaster of parisൽ നിർമ്മിച്ച പാവം ഗണപതിമാരെ നിമഞ്ചനം ചെയ്യാൻ കൊണ്ട് പോകുമ്പോൾ ചിന്തിച്ചു പോകുക .എന്തായാലും അതിനു ഇവിടെ പ്രസക്തി ഇല്ല… അത് കൊണ്ട് ഞാൻ എന്റെ അടുത്ത ക്ഷേത്രത്തെ കുറിച്ച് തുടങ്ങട്ടെ…
വൈത്തീശ്വരൻ കോവിൽ, ഒത്തിരി കേട്ടിട്ടുള്ള ഒരു ക്ഷേത്രം ആണ്, നാഡി ജ്യോതിഷം അവിടെ വളരെ പ്രസിദ്ധം ആണ്. ഒത്തിരി പേര് അവിടെ പോയി നാഡി ജ്യോതിഷരെ കാണാറുമുണ്ട്. എന്തായാലും ഞങ്ങൾക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ലായിരുന്നു. വൈത്തീശ്വരൻ മഹാദേവൻ ആണ്. എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നൽകുന്ന സ്വാമി. വിശ്വാസം എന്താണ് എന്ന് വെച്ചാൽ ചൊവ്വ ഗ്രഹം അതായത് Planet Mars, ഈ ഗൃഹത്തിന് leperosy പിടിപെടുകയും ഇവിടെ വന്ന പ്രാർത്ഥിച്ചപ്പോൾ അത് മഹാദേവൻ മാറ്റി കൊടുക്കുകയും ചെയ്തു എന്നാണ്. അങ്ങനെ ആണ് മഹാദേവൻ ഇവിടെ വൈത്തീശ്വരൻ എന്ന നാമത്തിൽ അറിയപെടുന്നതും. ഇവിടെ ഈ ഗൃഹത്തിനും ക്ഷേത്രം ഉണ്ട്. എന്തായാലും ഒരു നവഗ്രഹ ക്ഷേത്രത്തിൽ എങ്കിലും തൊഴാൻ പറ്റിയല്ലോ എന്ന സമാധാനത്തിൽ പൂജകൾ ഒക്കെ തൊഴുതു അവിടെ നിന്നും ഇറങ്ങി.
ഒരു ചായ കുടിക്കാൻ കയറിയ ഹോട്ടലിൽ ഒരു പ്രായം ചെന്ന മനുഷ്യനെ പരിചയ പെടുകയും, അദ്ദേഹം അടുത്തുള്ള ബാക്കി നവഗ്രഹ ക്ഷേത്രത്തിൽ പോകാൻ പറയുകയും, പിന്നെ ഞങ്ങൾ സ്ത്രീ ജനങ്ങൾ മാത്രം ഉള്ള യാത്ര ആയതിനാൽ സൂക്ഷിക്കണേ എന്നൊക്കെ പറഞ്ഞു ഉപദേശിക്കുകയും ചെയ്തു…തത്കാലം അദ്ദേഹത്തെ ഞങ്ങൾ കമല്ലൂസിന്റെ സ്വന്തം മാമൻ ആക്കി കാരണം തമിഴിൽ ഒരേ പെഷൽസ്. അദ്ദേഹത്തിന്റെ പേര് വൈദ്യനാഥൻ എന്നും.
അവിടെ നിന്നും പുറപ്പെടുമ്പോൾ തന്നെ ഏകദേശം 6 മണി ആയി, അത് കൊണ്ട് തന്നെ വേറെ ക്ഷേത്രങ്ങളിൽ ഒന്നും പോകണ്ട എന്ന് തീരുമാനിച്ചു. തിരികെ ഉള്ളത് ഒരു ഒന്നന്നര യാത്രയും ആയിരുന്നു… നേരെ ഉള്ള route മാത്രമേ പോകു എന്ന് നിശ്ചയിച്ച പ്രകാരം കുറച്ചു കഷ്ടപ്പെട്ടു എന്ന് തന്നെ പറയാം, കാരണം റോഡ് ആണെങ്കിൽ best കണ്ണാ best, പിന്നെ റോഡിലെ തിരക്കും കൂടെ ഗണപതിമാരുടെ നിമഞ്ജന യാത്രയും. ഒരു 25 km കുണ്ടും കുഴിയും,താണ്ടി എങ്ങനെയോ തിരിച്ച് എത്തി എന്നു തന്നെ പറയാം. പാവം ഗൂഗിൾ ചേച്ചി ആണെങ്കിൽ വഴി മാറി പോകു എന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ ഉള്ളവരോട് ചോദിച്ചപ്പോൾ ഇന്ത പക്കം പോയാൽ മതി എന്നും സ്നേഹത്തോടെ പറഞ്ഞതനുസരിച്ചു ഞങ്ങൾ എങ്ങനെയോ എത്തി ചേർന്ന്. ഇടയ്ക്ക് ഞാൻ വണ്ടി നിറുത്തി ഇറങ്ങി പോകുമോ എന്ന് വരെ കൂടെ ഉള്ളവർക്ക് തോന്നി… അത്ര ഗംഭീരമായിരുന്നു, എന്റെ ഭാഗവാനേ തിരുമ്പി വന്ന യാത്ര… പക്ഷേ ഇതൊക്കെ ആണെങ്കിലും ഞങ്ങൾക്ക് കിട്ടിയ ഭഗവത് അനുഗ്രഹം നോക്കുമ്പോൾ ഇതൊക്കെ വെറും നിസ്സാരം..
യാത്രകളിൽ എല്ലാ റോഡും സൂപ്പർ ആയിരിക്കും എന്നു ഒരിക്കലും പ്രതീക്ഷിക്കരുത് എന്ന പാഠവും പഠിച്ചു. കേരളത്തിൽ നമ്മുക്ക് റോഡ് കൊള്ളില്ലെങ്കിൽ അത് ഉൾകൊള്ളാൻ പറ്റും പക്ഷേ തമിഴ് നാട്ടിൽ അങ്ങനെ എങ്ങനെ അത് ശരി ആകും അല്ലെ!
അപ്പോൾ അടുത്ത ലക്കം വരെ…. വണക്കം
Comments