നിനച്ചിരിക്കാത്ത യാത്ര

 

യാത്ര പ്ലാനിംഗ്


യാത്രകൾ എന്നും ഹരമായിരുന്നു, പക്ഷേ മിക്ക യാത്രകളും ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ കൂടേ ആയിരിക്കും പോവുക എന്നു മാത്രം, അതിൽ നിന്നും വ്യത്യാസത്യമായിരുന്നു ഈ ഒരു അഞ്ചു ദിവസത്തെ യാത്ര......



ഞാൻ ഒരു ഹിമാചൽ  യാത്ര പോകാൻ പ്ലാൻചെയ്തിരുന്നു.  അതിനു മുൻപേ  മീനാക്ഷി സുന്ദരേശനെ കണ്ടു വണങ്ങിയ ശേഷം മാത്രമേ വേറെ എങ്ങോട്ടും പോകുകയുള്ളു  എന്നും നിശ്ചയിച്ചിരുന്നു. പക്ഷേ ആ യാത്ര ക്യാൻസിൽ ചെയ്തപ്പോൾ വിചാരിച്ചു മധുര മീനാക്ഷി ദർശനവും അടുത്തുള്ള ബാക്കി ക്ഷേത്രങ്ങളും പോകാമെന്നും അങ്ങനെ ഒരു രണ്ടു ദിവസത്തെ യാത്ര പ്ലാൻ ചെയ്തു...ട്രയിനിൽ പോയി വരിക ഇതായിരുന്നു എന്റെയും ചേച്ചിയുടെയും പരിപാടി .  എന്നാൽ നേരത്തെ തന്നെ ഞങ്ങളുടെ രണ്ടു കൂട്ടുകാർ കൂടെ വരണമെന്ന് പറഞ്ഞിരുന്നു അങ്ങനെ സിന്ധുവിനെ കൂട്ടാം കാരണം ഞാനും സിന്ധുവും ഒരു ട്രിപ്പ് പോകണം എന്നു പറയാൻ തുടങ്ങീട്ട് കുറെ ആയി. എന്നാൽ പിന്നെ ചേച്ചിയുടെ കളി കൂട്ടുകാരി കമലയും മധുരയ്ക്ക് വരണം എന്നു പറഞ്ഞിരുന്നു അങ്ങനെ ഞങ്ങൾ നാൽവർ സംഘം മധുരയ്ക്ക് പോകാമെടി എന്നു തീരുമാനിച്ചു . അപ്പോളാണ് നമ്മുടെ google ചേച്ചി പറയണേ അവിടുന്ന് വെറും 31/2 മണിക്കൂർ മാത്രമേ ഉള്ളൂ തഞ്ചാവൂർക്ക് എന്നാൽ അങ്ങോട്ടും കൂടിപോയല്ലോ എന്നു ചേച്ചിയോട് പറഞ്ഞപ്പോൾ എന്നാൽ പിന്നെ ചിദംബരത്തേയ്ക്കും പോയല്ലോ എന്നായി ചേച്ചി...അങ്ങനെ എല്ലാ പ്ലാനിങ്ങും ഞങ്ങളുടെ ഗ്രൂപ്പിൽ discuss ചെയ്തു ട്രെയിൻ ടിക്കറ്റ്സ് ബുക്ക് ചെയ്തു...ഒരു 6 ഡേയ്സ് പ്ലാനിംഗ്. ടിക്കറ്റ് ബുക്ക് ചെയ്തതും യാത്രയുടെ പരിപാടിയും മക്കൾ വന്നപ്പോൾ  ഞാൻ അവതരിപ്പിച്ചു , അപ്പോൾ മരുന്റെ വക ചോദ്യം , അമ്മയ്ക്ക് കാറിൽ പോയ്ക്കൂടെ , ഈ ട്രെയിനും ബസ്സും ഒക്കെ കയറി പോകുന്നതിലും ഭേദം അതല്ലേ എന്നും കൂടി , കേട്ടതും മനസ്സിൽ ലഡു പോട്ടി, അപ്പോൾ തന്നെ ചേച്ചിയെ വിളിച്ചു, അവിടുന്നു green സിഗ്നൽ കിട്ടി ഗ്രൂപ്പിൽ ഇട്ടപ്പോൾ , "തനിയ്ക്ക് ഒറ്റയ്ക്കു ഓടിക്കുവാൻ പറ്റുമെങ്കിൽ ആർക്കും no probs , എനിക്കുണ്ടോ any probs , ഡ്രൈവിംഗ് എപ്പോഴും ഹരമാണ് അങ്ങനെ ഒരു മണിക്കൂർ മുൻപേ ബുക്കു ചെയ്ത ടിക്കറ്റ്സ് ക്യാൻസൽ ചെയ്തു റെയിൽ വേയ്ക്കു സ്ഥിരം കൊടുക്കാറുള്ള ക്യാന്സല്ലഷൻ ചാർജ്സ് കൊടുത്തപ്പോൾ സന്തോഷമായി.

അപ്പോൾ മുതൽ ഗ്രൂപ്പിൽ വരും ഡ്രൈവറെ റൂട്ട് map ഇടൂ ..എവിടെയൊക്കെ കവർ ചെയ്യാം എന്നൊക്കെ ആയി ...ഡ്രൈവർക്കാണെങ്കിൽ സമയവും ഇല്ല...അങ്ങനെ ഓരോ തവണ ഗൂഗിൾ ചേച്ചിയുമായി സല്ലപിച്ചു പോകേണ്ട സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിച്ചു itineary തയാറാക്കി...wtsapp status സ്ഥിരം നോക്കുന്നത് കൊണ്ട് രംഗനാഥ ക്ഷേതത്തിൽ രണ്ടു സുഹൃത്തുക്കൾ പോയതായി കണ്ടു . അങ്ങനെ ശ്രീരംഗം കൂടി ഉൾപ്പെടുത്തി, അതിൽ ഒരാളോട് ചോദിച്ചപ്പോൾ ദിവ്യ ദേശങ്ങൾ ( ഭാരതത്തിലെ 108 വിഷ്ണു ക്ഷേത്രങ്ങൾ ആണ് ദിവ്യ ദേശങ്ങൾ )അതിൽ 7 എണ്ണം തൃച്ചിയിലും , അപ്പോൾ വീണ്ടും പ്ലാൻ ചേഞ്ച് , മധുരയിൽ ദർശനം നടത്തി ട്രിച്ചിയിൽ താമസിച്ചല്ലോ . തിരുവായ്ക്കു എതിർവാ ഇല്ലാത്ത നല്ല മൂന്ന് സഹയാത്രികർ അതിനും മൂളി, yes. അങ്ങനെ, ആദ്യ ദിവസം തൃച്ചിയിൽ റൂം ബുക്ക് ചെയ്തു. പിറ്റേന്നു അവിടുന്ന് തഞ്ചാവുർക്കും.

യാത്ര പോകുന്ന വിവരം ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ട്രിച്ചിയിൽ ഉച്ചിപിള്ളയാർ എന്ന റോക്ക് ഫോർട്ട്‌  ക്ഷേത്രത്തിലും പോകണേ എന്നായി. തൃച്ചിയിൽ നിന്നും തഞ്ചാവൂരും അവിടുന്ന് ചിദംബരവും കൂടി ചേർത്ത് ബാക്കി പ്ലാനിങ്ങും ഒക്കെ ചേർത്ത് tour itineary ഹരിച്ചും ഗുണിച്ചും  റൂട്ട് തയാറാക്കി.  അപ്പ്രൂവൽ വാങ്ങി 2023 സെപ്റ്റംബർ 18 നായുള്ള പ്രാർതനയോടു കൂടിയുള്ള കാത്തിരിപ്പിന്റെ ദിനങ്ങളായി .. 


യാത്ര- ആദ്യ ദിവസം 


അങ്ങനെ കാത്തിരുന്ന ആ സുദിനം എത്തി. 17ന്  എറണാകുളത്തു നിന്നും ചേച്ചിയും ,സിന്ധുവും കമലയും രാത്രി 10.30 യൊടെ  എത്തി . വാചകം അടിയും പോകുന്നതിന്റെ ആകാംഷയിലും ഉറക്കം ഇല്ലായിരുന്നു എന്നു പറയാം ..സ്കൂളിൽ നിന്നും പിക്നിക് പോകുന്ന അതെ മനസികാവസ്ഥയിലായിരുന്നു. അങ്ങനെ 18ന് രാവിലെ 4.25 ന് ഞങ്ങളുടെ യാത്ര പ്രാർത്ഥനകളോടെ ആരംഭിച്ചു. ട്രാഫിക് ഒന്നുമില്ലാതെ ഉദിച്ചു വരുന്ന സൂര്യ രശ്മികളുടെയും മഞ്ഞുമൂടിയ മലയുടെയും വീതിയുള്ള റോഡിലൂടെ നഗർകോവിലും തിരുനെൽവേലിയും കടന്നു കോവിൽപട്ടി ശരവണ ഭവനിൽ 7.15ന് എത്തിയതറിഞ്ഞില്ല എന്നു തന്നെ പറയാം .  അവിടുന്ന് പ്രാതലും കഴിച്ചു 10.30 യോടെ മധുരയിലും എത്തി . ശാസ്ത്തമംഗലത്തു നിന്നും മധുര മീനാക്ഷി അമ്മയുടെ സനിധി വരെ ഏകദേശം 310km ആണ്.

മധുരയിൽ കാർ എങ്കേയോ പാർക്ക് ചെയ്തു ഓട്ടോ പിടിച്ചു ഞങ്ങൾ ക്ഷേത്രത്തിൽ പോയി. തിരക്കില്ലാതെ അമ്മയെ കൺകുളിർക്കെ തൊഴുതു. സുന്ദരേശ പെരുമാൾ സന്നിധിയിൽ പോകുന്ന വഴി ഒരു തൂണിൽ ഗർഭിണിയായി നിൽക്കുന്ന ഒരു സ്ത്രീ രൂപം ഉണ്ട്. കഴിഞ്ഞ തവണ ഞാനും ചേച്ചിയും പോയപ്പോഴാണ് ആ കഥ അവിടെ തൊഴാൻ വന്ന ചേച്ചി പറഞ്ഞു തന്നു സുഖ പ്രസവത്തിനായി പ്രാർത്ഥിക്കണം എന്നും പണ്ട് നടന്ന ഒരു കഥയും പറഞ്ഞു തന്നു.. ആരും തുണയിലാതിരുന്ന ഒരു സ്ത്രീയുടെ അടുക്കൽ ഒരു അമ്മ കൂട്ടിനു വന്നിരുന്നു എന്നും ആ കുഞ്ഞു സുഖമായി പ്രസിവിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഗർഭരക്ഷാംബാളെ പ്രാർത്ഥിച്ചാൽ സുഖപ്രസവം ആണ് ഫലം. ഗർഭിണിയായ ആ പെൺകുട്ടി  ഭഗവാനേ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ അമ്മയായി വന്നു ആ കുട്ടിയുടെ പ്രസവം എടുത്തു എന്നാണ് കഥ. തായ്മാനവർ എന്നാണ് ഭഗവാന്റെ മറ്റൊരു  പേര്.  അന്ന് ഇതു കേട്ടപ്പോൾ എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചു പട്ടും നേർന്നിരുന്നു. ആ കാരണത്താൽ ആണ് ആദ്യമേ മധുരയിൽ തൊഴുണം എന്ന് തീരുമാനിച്ചതും. എനിക്കും ചേച്ചിയ്ക്കും പട്ടു വയ്ക്കണമായിരുന്നു, പക്ഷേ കാറിൽ നിന്നും അതെടുക്കാൻ മറന്നു…. മധുരയിൽ താമസിച്ചു തൊഴാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്, എന്തായാലും അടുത്ത തവണ താമസിച്ചു തൊഴാൻ വേണ്ടിയാകും ഈ മറവി എന്ന  സമാധാനത്തിൽ സുന്ദരേശ പെരുമാളെയും തൊഴുതു വലം വയ്ച്ചു, അറിയാവുന്ന കഥകൾ ഒക്കെ പങ്കു വെയ്ച്ച് മീനാക്ഷി സുന്ദരേശ പെരുമാളോട് യാത്ര പറഞ്ഞു, തിരികെ ഉടനെ എത്തിക്കണേ എന്ന പ്രാർത്ഥനയോടെ സ്ഥിരം പരുപാടിയായ ഫോട്ടോ എടുക്കലും കഴിഞ്ഞു ഒരു ഓട്ടോ പിടിച്ചു കാർ പാർക്കിംഗ് തേടി പോയി. മധുരയിൽ നിന്നും തൃചിയിലേക്കുള്ള യാത്രയക്ക് 12.30 യോടെ തുടക്കം ഇട്ടു!

മധുരയിൽ നിന്നും തൃചിനാപ്പള്ളി ഞങ്ങളുടെ ഹോട്ടൽ വരെ ‘വഴി തെറ്റാതെ’ പോയാൽ 152 km ആണ്. തൃച്ചിയിൽ എത്തിയ ശേഷം ഊണ് എന്ന് തീരുമാനിച്ചു ഒരു സുഹൃത്ത്‌ പറഞ്ഞതനുസരിച്ചു Ammikal Restaurant ൽ കഴിക്കാം എന്ന പ്ലാനിൽ, ഒരു പാലത്തിന്റെ മുകളിൽ കൂടി പോയപ്പോൾ ഈ പറഞ്ഞ ഹോട്ടൽ കണ്ടെതും സർവീസ് റോഡ് ആണ് എന്ന് തെറ്റിദ്ധരിച്ചു one way യിലോട്ടു തിരിഞ്ഞതും അബദ്ധം പറ്റിയല്ലോ എന്നറിയുന്നതും എല്ലാം ഒരു നിമിഷം കൊണ്ട് മനസിലായി, പക്ഷേ നല്ലവരായ അവിടുത്തെ ആളുകൾ KL 01 കണ്ടിട്ടോ അതോ സുന്ദരികളായ 4 പെൺകുട്ടികളെ കണ്ടിട്ടോ അതോ ഡ്രൈവറായ എന്റെ നിഷ്കളങ്കമായ വിളറിയ  ചിരി കണ്ടിട്ടോ, എന്തായാലും ആരും ഇവിടുത്തെ പോലെ ചീത്തവിളിക്കുകയോ മുഖം കറുപ്പികയോ ചെയ്തില്ല, ശരിക്കും പറഞ്ഞാൽ അവർ ഒതുക്കി അവരുടെ വണ്ടി ഓടിച്ചു. കഷ്ടി ഒരു 50 മീറ്റർ മാറി ആയിരുന്നു ആ ഹോട്ടലും. അവിടുന്ന് ഞങ്ങൾ ബുക്ക്‌ ചെയ്തിരുന്ന hotel scarlet ശ്രീരംഗതേയ്ക്ക് 3 മണിയോടെ എത്തി check in ചെയ്തു കുറച്ചു സമയം റെസ്റ്റി. 


ഏകദേശം 5.30 യോടെ ഉയർത്തെഴുനേറ്റു റൊക്ക് ഫോർട്ട്‌ എന്ന ഉച്ചിപിള്ളയാർ കോവിലിലേയ്ക്ക് പോകാം എന്ന് നേരത്തെ തീരുമാനിച്ചതനുസരിച്ച് തയ്യാറായി. അവിടെ പാർക്കിംഗ് ബുദ്ധിമുട്ടാണ് എന്ന് ഹോട്ടലിലെ ജീവനക്കാരും പറഞ്ഞു, ഞാൻ അത് വായിച്ചും മനസിലാക്കിയിരുന്നു,  അതുകൊണ്ട് ഓട്ടോയിൽ പോയി വരാം എന്ന് തീരുമാനിച്ചു. ഇറങ്ങിയ ഉടനെ ഓട്ടോ കിട്ടി അങ്ങോട്ടേക്കു പുറപ്പെട്ടു. ചെറിയ ഇടുങ്ങിയ വഴിയിലൂടെ കുലുങ്ങി കുലുങ്ങി ഞങ്ങൾ എത്തി. കേരളം ഒഴിച്ച് ബാക്കി എല്ലാ സ്ഥലങ്ങളിലും വിനയക ചതുർഥി ആഘോഷിക്കുന്നത് 19 നാണ്, തിരക്കുണ്ടാകുമോ എന്ന ചെറിയ ആശങ്കയിൽ ഞങ്ങൾ 450  പടവുകൾ എങ്ങനെ കയറും, കയറിയാൽ എങ്ങനെ ഇറങ്ങും എന്നൊക്കെ ചിന്തിച്ചു കയറി തുടങ്ങി, ഭഗവാൻ തരുന്ന ശക്തി ഒന്ന് കൊണ്ട് മാത്രം ഒരു മണിക്കൂർ കൊണ്ട് കയറി, അനുകൂലമായ  കാലാവസ്ഥയും ആയിരുന്നു.

ഉച്ചിപിള്ളയാറിൽ ഒരു വലിയ ഗണപതി പ്രതിഷ്ഠയാണ് ഉള്ളത്. ശ്രീരാമൻ പുജിച്ച മഹാവിഷ്ണുവിന്റെ വിഗ്രഹം വിഭീഷണന് നൽകുകയും, എന്നത്തേയും പോലെ ദേവന്മാർക്ക് അസുരനായ വിഭീഷണന് ശക്തി കൂടുമല്ലോ എന്ന ഭയം കാരണം ഗണപതി സ്വാമി ഒരു കുട്ടിയുടെ രൂപത്തിൽ എത്തി. വിഭീഷണൻ സന്ധ്യ വന്ദനം ചെയ്യാൻ കാവേരിയിൽ ഇറങ്ങിയപ്പോൾ ആ വിഗ്രഹം അവിടെ നിന്ന കുഞ്ഞിനെ ഏല്പിച്ചു, കാരണം വിഗ്രഹം തറയിൽ വെയ്ക്കാൻ പാടില്ല എന്നാണ്. ആ സമയം നമ്മുടെ ഈ കുട്ടി വിഗ്രഹം അവിടെ തറയിൽ വയ്ക്കുകയും,  ഇതു കണ്ടു വിഭീഷണന് ദേഷ്യം വരുകയും കുഞ്ഞിനെ പിടിക്കാൻ ഓടിയപ്പോൾ ആ കുഞ്ഞു  മലയുടെ മുകളിൽ കയറി,  വിഭീഷണൻ കുഞ്ഞിനെ അടിക്കുകയും അപ്പോൾ ഗണപതി ഭാഗവാനായി മാറുകയും വിഭീഷണനെ അനുഗ്രഹിക്കുകയും ചെയ്തു എന്നാണ്. ഗണപതിയുടെ നെറ്റിയിൽ ആ അടി കിട്ടിയതിന്റെ പാടും ഉണ്ട് എന്നാണ് ഐതിഹ്യം. ഗോകർണത്തും ഇതു പോലെ ഒരു കഥയുണ്ട്. അവിടെ രാവണന് മഹാദേവന്റെ കൈയിൽ നിന്നും കിട്ടിയ ആത്മലിംഗവുമായി പോകുന്ന സമയത്തു സന്ധ്യവന്ദനത്തിനായി ആ വിഗ്രഹം ഒരു കുഞ്ഞിനെ ഏല്പിക്കുകയും പിന്നീട് അത് താഴെ വെച്ചത് കണ്ടു ഒരു വടി എറിയുകയും, ആ കുഞ്ഞു ഗണപതി സ്വാമിയുടെ രൂപം എടുക്കുകയും നെറ്റിയിൽ ഒരു പാട് ഉണ്ടാകുകയും ചെയ്തു. ഗോകർണത്തു പോയപ്പോൾ ഈ ഉള്ളവൾക്ക് ഗണപതി സ്വാമിയുടെ നെറ്റിയിലെ ആ പാട് കാണുവാനും സ്പർശിക്കുവാനും സാധിച്ചിരുന്നു.


എന്തായാലും കരിങ്കൽ പടവുകൾ കയറി ആദ്യം തായ്മാനവരായി നിൽകുന്ന മഹാദേവൻ ആണ് എന്ന് മനസിലാക്കിയപ്പോൾ, മധുരയിൽ കൊടുക്കാൻ വച്ചിരുന്ന  പട്ടു ഇവിടെ കൊടുത്താലോ എന്ന് ആലോചിച്ചു, പൂജാരിയെ കാണിച്ചപ്പോൾ കൊണ്ട് വന്നത് പാവാട ആയതിനാൽ അമ്മയുടെ സന്നിധിയിൽ കൊടുക്കൂ എന്നതു  ഭഗവാന്റെ നിർദേശമായി എടുത്തു പാർവതി ദേവിയുടെ അവിടെ സമർപ്പിക്കുകയും, അവിടുത്തെ പൂജാരി ഞങ്ങളെ അവിടെ നിറുത്തി നല്ല ഭംഗി ആയി ആ പാവാടകൾ അണിയിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത ആനന്ദം ആയിരുന്നു. പിന്നീട് വീണ്ടും പടവുകൾ കയറി ഗംഭീരമായി അലങ്കരിച്ചിരിക്കുന്ന നന്നേ വലിപ്പം ഉള്ള ഗണപതി സ്വാമിയേയും കണ്ടു വണങ്ങി.

ഉച്ചിപിള്ളയാർ ക്ഷേത്ര സമുച്ചയത്തിന്റെ മുകളിൽ നിന്നും തൃച്ചിയിലെ വഴി വിളക്കുകൾ നല്ല ഭംഗി ആയി ആസ്വദിക്കാൻ പറ്റിയ സ്ഥലം ആണ് . ശ്രീ രംഗനാഥസ്വാമിയുടെ ഗോപുരവും ഇവിടെ  നിന്ന് കാണാനാകും. മഴയുടെ ഭീഷണി ഉള്ളതിനാൽ ഞങ്ങൾ കുറച്ചു സമയം അവിടെ നിന്നിട്ടു താഴേയ്ക്കുള്ള ജൈത്രയാത്ര ആരംഭിച്ചു. താഴെ എത്തി അടുത്ത ആത്മരക്ഷയിൽ കയറി ഭക്ഷണവും കഴിച്ചു റൂമിൽ കയറി രണ്ടാമത്തെ ദിവസത്തെ പ്ലാനിങ് കഴിഞ്ഞു ഉറങ്ങാൻ കിടന്നു.

‘രണ്ടാം ദിവസം’

ഈ രണ്ടാമത്തെ യാത്ര എഴുതിയാലും എഴുതിയാലും തീരണില്ല,  പിന്നെ കുറച്ചു ബോറാകുമോ എന്ന സംശയം ഉണ്ടായെങ്കിലും എഴുത്തിന്റെ ആ ഒരു ഹരത്തിൽ തുടരുന്നു…


തലേന്ന് നിശ്ചയിച്ച പ്രകാരം കാലേലേ ഉയർത്തെഴുന്നേറ്റു കുളിച്ചു സുന്ദരികളായി ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിൽ വിശ്വരൂപദർശനത്തിനായി  ഞങ്ങൾ ഒരു 5.15 മണിയോടെ പുറപ്പെട്ടു. വീണ്ടും ഓട്ടോ തന്നെ ശരണം. രാവിലെ ആയതു കൊണ്ടാകും ഓട്ടോകൾ ഒന്നും ആ വഴി വന്നില്ല, അപ്പോഴേക്കും എപ്പോഴും ഗുരുവായൂരപ്പനെ തൊഴാൻ പോകുമ്പോൾ ഉണ്ടാകുന്ന അതേ ടെൻഷൻ പിടിപെട്ടു, കാരണം സമയത്തിന് ഭഗവാന്റെ മുൻപിൽ എത്താൻ പറ്റുമോ അല്ലെങ്കിൽ തിരക്ക് കാരണം തൊഴാൻ പറ്റുമോ എന്ന എന്റെ സ്ഥിരം  വേവലാതി. എന്തായാലും ഒരു ഓട്ടോ വരുന്നത് കണ്ടു, പക്ഷേ പുറകിൽ ഒരു യാത്രികനും ഉണ്ടായിരുന്നു.. എന്തായാലും ഓട്ടോ നിറുത്തി ആ പുറകിൽ ഇരുന്ന അദ്ദേഹം മുൻപിൽ ഇരുന്നു ഞങ്ങളോട് കയറാൻ പറഞ്ഞു. നല്ല ഐശ്വര്യം ഉള്ള അദ്ദേഹം പിന്നീട് ക്ഷേത്രത്തെ കുറിച്ചും  ഭഗവാന്റെ വിശ്വരൂപദർശനത്തെ കുറിച്ചും വാചാലനായി, കൂടെ ഓട്ടോക്കാരനും കൂടി. ഗുരുവായൂരും മൂകാംബികയിലും നിർമ്മാല്യ സമയത്തു നട തുറക്കുമ്പോൾ പശുവിനെയും കിടാവിനെയും നിറുത്തി കണ്ടിട്ടുണ്ട് പക്ഷേ ഇവിടെ അത് ആനയും, കുതിരയും, പശുവും ആണ്. തികച്ചും ആശ്ചര്യത്തോടെ ഇരുന്നു കേട്ടു ഞങ്ങൾ നാല്  പേരും. അപ്പോഴേക്കും ക്ഷേത്ര കവാടം എത്തുകയും ഫ്രീ ക്യൂയിൽ കയറി നിൽക്കണം എന്നുള്ള ഉപദേശവും അവർ തന്നു.

ഞങ്ങൾ യാത്ര പ്ലാൻ ചെയ്ത സമയത്തു ഞാൻ പറയുകയുണ്ടായി നമ്മുക്ക് ഭാഗവാൻ ചില ആളുകളെ കൊണ്ട് നിറുത്തി തരും ആ ക്ഷേത്രത്തിലെ കഥകൾ വിവരിക്കാൻ. ഇവിടെ ഇദ്ദേഹത്തിന്റെ രൂപത്തിൽ  പറഞ്ഞു തന്നു ഞങ്ങൾക്ക്. അങ്ങനെ ഉള്ള ഒത്തിരി അനുഭവങ്ങൾ ഇതിനു മുൻപും കിട്ടിയിട്ടും ഉണ്ട്.  തിരക്കില്ലാതെ ഫ്രീ ക്യൂയിൽ കയറി നിന്ന്, അകത്തേക്ക് പ്രവേശിച്ചു. അവിടെ 100  രൂപ ടിക്കറ്റ് എടുത്തു നടന്നു നീങ്ങി, ഭഗവാന്റെ സന്നിധിയിലേക്ക്. ഒരു 15 മിനുട്ടുകളുടെ കാത്തിരിപ്പിനു ശേഷം ദേ വരുന്നു കൊട്ടും വാദ്യവുമായി ആനയും, വെള്ള കുതിരയും, പശുവും. ഇവർ മൂവരും ഭഗവത് സന്നിധിയുടെ മുൻപിൽ നിന്ന ശേഷം കവാടം തുറക്കുകയും ഭഗവാന്റെ ദർശന സൗഭാഗ്യം ഏറ്റു വാങ്ങുകയും ചെയ്യും. ഇതിൽ ആനയുടെ മുകളിൽ വെള്ളി കുടത്തിൽ കാവേരി തീർത്ഥവും കൊണ്ട് വരുന്നു എന്നും മനസിലാക്കാൻ സാധിച്ചു.  എന്തായാലും ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നു, ഭഗവാന്റെ വിശ്വരൂപദർശനം വേണ്ടുവോളം,  കൺ നിറയെ കാണുവാൻ ഉള്ള സൗഭാഗ്യവും കിട്ടി.

ഒരു കാര്യം പറയാൻ വിട്ടു പോയി, ഉച്ചി പിള്ളയാറിന്റെ മഹത്വം പറഞ്ഞപ്പോൾ എഴുതണം എന്ന് കരുതിയതാണ്, അതായതു വിഭീഷണന്റെ കൈയിൽ നിന്നും കുട്ടിയായി വന്ന ഗണപതി സ്വാമി ഏറ്റു വാങ്ങിയ മഹാവിഷ്ണുവിന്റെ ആ വിഗ്രഹം നിലത്തു ഉറയ്ക്കുകയും ഇത്രെയും വലിയ മഹാക്ഷേത്രമായി മാറുകയും ചെയ്തു ശ്രീ രംഗനാഥ സ്വാമിയുടെ ഈ സന്നിധി. 108 ദിവ്യ ദേശങ്ങളിൽ ആദ്യത്തേത് എന്ന് തന്നെ പറയാം. ശരിക്കും ഏതു വർഷമാണ്  ഈ മഹാക്ഷേത്രം വന്നത് എന്ന് പോലും പറയാൻ പറ്റില്ല എന്നാണ് അവിടുത്തെ ഒരു പൂജാരി പറഞ്ഞതും. ഐതിഹ്യങ്ങൾ ഒത്തിരി ഉണ്ട് പക്ഷേ ഞാൻ മനസിലാക്കിയത് മാത്രമേ ഇവിടെ എഴുതുന്നുള്ളു. 

പിന്നീട് ലക്ഷ്മി ദേവിയെയും തൊഴുതു ഇറങ്ങി ബാക്കി ഉള്ള ഉപദേവതകളെ വണങ്ങിയും പതിവ് ഫോട്ടോ ഷൂട്ടും കഴിഞ്ഞു ആ വലിയ ക്ഷേത്രം വലം വച്ച് ഭഗവാന്റെ ശംഖും ചക്രവും ഉള്ള ആ ക്ഷേത്രവും അതിനു നേരെ മുൻപിലായി രാമാനുജ ആചാര്യരുടെ ജീവസമാധിയുടെ മുൻപിലും എത്തി.  ചന്ദനവും പച്ചകർപൂരവും കുംങ്കുമവും  ചേർത്തിട്ടുള്ള ഒരു മിഷ്രിതമാണ്‌ സ്വാമികളുടെ ശരീരം സമാധിയിൽ ഇരുത്തിയിരിക്കുന്നത്, അതും നൂറ്റാണ്ടുകളായി ഇതേ പോലെ കെടുകൂടാതെ നിലനിൽക്കുന്നു എന്നുള്ളത് ആശ്ചര്യമാണ്.  ഒത്തിരി പോസിറ്റീവ് vibration ഉള്ള ഒരു സ്ഥലം ആണ് ഈ ക്ഷേത്രം. കുറച്ചു സമയം ഞങ്ങൾ അവിടെ ധ്യാനികുകയും ചെയ്തു. ആ വലിയ ക്ഷേത്രത്തിനോട് വിട പറഞ്ഞു ഏകദേശം 8 മണിയോടെ ഞങ്ങൾ ഇറങ്ങി.

                                          Saint Ramanujacharya at Sri Ranganatha Swamy Temple -Picture coutesy- srirangapankajam. in

ഒന്ന് കൂടി പറയട്ടെ, ഞങ്ങൾ അവിടെ ഓരോ നടയിലേയ്ക്ക് പോകുമ്പോഴും വെളിയിൽ നിന്നിരുന്ന ഒരു സെക്യൂരിറ്റി ഞങ്ങളുടെ ഒപ്പം നടക്കുകയുണ്ടായി. ഓരോ സ്ഥലവും എത്തുന്നതിനു മുൻപേ അദ്ദേഹം അവിടെ കൂടി തൊഴണം എന്ന് പറയും പിന്നീട് ഒന്ന് കാണും പിന്നെ വീണ്ടും കുറെ കഴിയുമ്പോൾ ഞങ്ങളുടെ അടുത്ത് വന്നു അടുത്ത് പോകേണ്ട സ്ഥലം പറഞ്ഞു തരും. ആദ്യം ഞങ്ങൾ വിചാരിച്ചു കാശിനു ആകുമോ ഈ സഹായം, പക്ഷേ, അവസാനം വരെ മിന്നി മറിഞ്ഞു ഞങ്ങൾക്ക് മാർഗദർശി ആയിരുന്ന അദ്ദേഹം  ഞങ്ങൾ അവിടുന്ന് ഇറങ്ങുന്ന സമയം അദ്ദേഹത്തിന്റെ സ്ഥാനത്തു അതായതു കാവടത്തിനു മുൻവശം പോയി നിന്നു. ചില സമയങ്ങളിൽ അവരും കാശിനു വേണ്ടി അല്ല എന്ന് തിരിച്ചറിയുമ്പോൾ അതും ഭാഗവാൻ നമ്മുക്ക് പറഞ്ഞു വിടുന്ന ഒരോ ഭഗവത് പ്രതിരൂപങ്ങൾ ആണ് എന്ന് മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളൂ …ഇങ്ങനെയും ഉണ്ട് ഒന്നും കാംക്ഷിക്കാതെ നമ്മളെ സഹായിക്കുന്ന വ്യക്തിത്വങ്ങൾ പ്രത്യേകിച്ച് കേരളത്തിന്‌ വെളിയിലോട്ടു പോകുമ്പോൾ കാണുക ഭഗവത് കൃപ തന്നെയാണ്. 


ബാക്കി ക്ഷേത്രങ്ങളിലേയ്ക്ക് പോകാൻ ഒരു ടാക്സി ശരിപ്പെടുത്തിയിരുന്നു, കാരണം കാർ ഉണ്ടെങ്കിലും ഒത്തിരി അമ്പലങ്ങൾ തൊഴുത്തിറങ്ങുമ്പോൾ വഴിയും ദൂരവും മനസിലാകാതെ പോകണ്ടാ എന്ന് വിചാരിച്ചു ടാക്സി അറേഞ്ച് ചെയ്തിരുന്നു. എന്റെ സുഹൃത്തുക്കളായ അനിത ചേച്ചിയും ജയശരീ ചേച്ചിയും ആണ് സുന്ദറിന്റെ നമ്പർ തന്നതും കൂടാതെ മടപള്ളി ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണവും കഴിക്കണം എന്നും പറഞ്ഞിരുന്നു. ബാക്കി പോകേണ്ട അമ്പലങ്ങളുടെ ലിസ്റ്റും തന്നിരുന്നത് കാരണം  എല്ലാ കാര്യങ്ങളും ഞങ്ങൾ വിചാരിച്ചതിലും ഭംഗി ആയി നടന്നു.

 അങ്ങനെനല്ല ഉഗ്രൻ ഭക്ഷണവും കഴിച്ചു സുന്ദറിന്റെ നിർദേശം അനുസരിച്ചു അടുത്ത ക്ഷേത്രങ്ങളിലേയ്ക്ക് പോകാൻ പുറപ്പെട്ടു…….

ആദ്യം പോയത് പഞ്ചഭൂതസ്ഥല ക്ഷേത്രമായ, "Thiruvanai Arulmighu Jambhukeshwarar Akhilandeshwari " ക്ഷേത്രത്തിലേക്കാണ്. പഞ്ചഭൂതങ്ങളിൽ ജലം ആണ് ഇവിടെപ്രതിനിധീകരിക്കുന്നതും. കഥ എന്തെന്നുവെച്ചാൽ പാർവതി ദേവി അഖിൽലാണ്ടെശ്വരിയുടെരൂപം എടുത്തു തപസ്സു ചെയ്യാൻ ഇവിടേയ്ക്ക് വരികയും, ജലത്തിൽ നിന്നും ശിവലിംഗ രൂപംഉണ്ടാക്കുകയും  പൂജിക്കുകയും ചെയ്തു എന്നാണ്.

ഈ ക്ഷേത്രത്തിൽ ഭഗവാന്റെ ഗർഭ ഗൃഹം സ്ഥിതി ചെയ്യുന്നതു കുറച്ചു പടികൾ ഇറങ്ങിചെല്ലുമ്പോഴാണ്. എപ്പോഴും നനവും വെള്ളവും ഉണ്ട് താനും. അവിടെ ആനകൾ കടന്നുവരില്ല  എന്നും ആണ്. അതിനും ഉണ്ട് മറ്റൊരു ഐതിഹ്യം. എല്ലാം കൂടി എഴുതിബോറടിപ്പിക്കണ്ട എന്ന് കരുതി അടുത്ത ക്ഷേത്രത്തിലേയ്ക്ക് പോകട്ടെ.

അവിടുന്ന് നേരെ പോയതു, ദിവ്യ ദേശങ്ങളിൽ ഉള്ളപ്പെടുന്ന "Kattazhaga Narasingha Perumal" ക്ഷേത്രത്തിലേയ്ക്കും. ലക്ഷ്മി നരസിംഹ പ്രതിഷ്ഠയാണ് ഇവിടെ. സാധാരണയായി കാണുക മഹാവിഷ്ണു ലക്ഷ്മി സമേതനായി ഇരിക്കുന്ന രൂപമാണ്, പക്ഷേ ഇവിടെ ഉഗ്രനരസിംഹരൂപത്തിൽ  ലക്ഷ്മിദേവിയെ ഇടതു തുടയിൽ ഇരുത്തിയ രൂപംആണ്.

പിന്നീട് പോയതും ദിവ്യദേശത്തിൽ, " Thirukarambanur purushothama Perumal സന്നിധിഉത്തമ കോവിൽ എന്നും Bhikshandar kovil എന്നെല്ലാം ഈ ക്ഷേത്രത്തിന്നു നാമം ഉണ്ട്. ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാർ മൂവരും സരസ്വതി, ലക്ഷ്മി പാർവതി സമേതം ആണ് ഇവിടെഉള്ളത്. ഒരു ഗംഭീര ക്ഷേത്രം ആണ്. ആളുകൾ അധികം വരാത്തതാണോ അതോഞങ്ങൾക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടിയതാണോ എന്നറിയില്ല. വേഗം തിരികെ എത്തണംഅല്ലെങ്കിൽ ബാക്കി ക്ഷേത്രങ്ങൾ നട അടയ്ക്കും എന്ന് സുന്ദർ പറഞ്ഞതനുസരിച്ചു കുറച്ചുവേഗത്തിൽ ആണ് ഇവിടം തൊഴുത്തിറങ്ങിയതും.

അടുത്ത ക്ഷേത്രം എന്ത് വന്നാലും പോയി തൊഴണം എന്ന് എന്നിക്കു നിർബന്ധംഉണ്ടായിരുന്നു. അങ്ങനെ അതും സാധിച്ചു, Pundarikaksha Perumalഅല്ലെങ്കിൽ Thiruvelllarai ക്ഷേത്രം. ഇതും ദിവ്യദേശത്തിൽ പെടുന്ന ക്ഷേത്രം ആണ്. ശരിക്കും പറഞ്ഞാൽ ഒരു ഗംഭീരമായ ഒരു പ്രാചീന ക്ഷേത്രം. ക്ഷേത്ര പടവുകൾ കയറുമ്പോൾപൊളിഞ്ഞു  കിടക്കുന്ന പണിതീരാത്ത ഗോപുരനട. അകത്തേക്ക് കയറിയപ്പോൾ മഹാവിഷ്ണുവിന്റെ ഒരു വലിയ രൂപവും തൊട്ടടുത്തു ഗരുഡനും നിൽക്കുന്നു. അവിടെ തൊഴുതു നടന്നപ്പോൾ വേറെ നടകൾ ഒന്നും കണ്ടില്ല, പക്ഷേ തൊഴുതു വലം വയ്ച്ചപ്പോൾ ഒരു വാതിലും കുറെ പടവുകളും, അങ്ങനെ അവിടെ കയറി ചെന്നപ്പോൾ ആണ് ലക്ഷ്മി സമേതനായ മഹാവിഷ്ണുവിനെ കാണുന്നതും. അവിടെ  ദക്ഷിണായണ സമയത്തു ഒരുവാതിലും പിന്നീടുള്ള 6 മാസം ഉത്തരയാണത്തിൽ അടുത്ത വാതിലിൽ കൂടെ ആണ് കയറുക. ഞങ്ങൾ ദക്ഷിണായ സമയത്തു ആണ് ചെന്നത്. ഞങ്ങൾ പോയ ഈ സമയത്ത് ഭഗവാന്റെ വിഗ്രഹം 41 ദിവസത്തെ" തൈല കാപ്പു സേവയിൽ ", എന്ന് പറഞ്ഞാൽവിഗ്രഹത്തിൽ ഒരു നിശ്ചിത കൂട്ടിൽ യ്യാറാക്കിയ തൈലം അഭിഷേകം ചെയ്തു നിറുത്തുന്നു, അതിനാൽ യാതൊരു വിധ അലങ്കാരവും ഉണ്ടാകില്ല, ഏറ്റവും ശക്തി ഉള്ള സമയംഎന്നായിരുന്നു അവിടുത്തെ തിരുമേനി  പറഞ്ഞതും.

പൂജാരി പറഞ്ഞു തന്ന ഐതിഹ്യം അമ്മയും ഭാഗവാനും ലോകരേ  സന്ദർശിക്കാൻ പോകും എന്നും അമ്മ തിരികെ വന്നിട്ട് മാത്രമേ ഭാഗവാൻ എത്തുകയുള്ളു പോലും, അപ്പോൾ പാർവതി ദേവി ചോദിക്കും 'അത്രേ നാഴി കെട്ടാൻ നടയ്' { എന്റെ പരിമിതമായ അറിവിൽ ഞാൻ മനസിലാക്കിയത് എന്താണ് ഭവേ വീട്ടിൽ കയറാൻ താമസിച്ചേ എന്നാകുമോ എന്നാണ് }  എന്റെ പ്രിയ വായനക്കാരെ എന്നോട് സദയം  ക്ഷമിക്കു ഇങ്ങനെ ഒക്കെ എഴുതി ചേർക്കുന്നതിനു, കാരണം എഴുതി വന്നപ്പോൾ കുറച്ചു മടുപ്പു തോന്നുന്നുണ്ടോ  എന്ന് എനിക്കൊരു സംശയം, എന്നാലും ഓരോ ദിവസത്തെ യാത്രയിൽ എവിടെ ഒക്കെ കവർ ചെയ്തു എന്ന് എഴുതാനും ഒരു വ്യഗ്രത!

അടുത്ത രണ്ട് ക്ഷേത്രങ്ങളും ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്തതാണ്. ശ്രീ രംഗത്തു നിന്നും ഏകദേശം 25 km അകലെ ആണ് നേരത്തെ പോയ Pundarekaksha perumal സന്നിധിയും  പിന്നീട് പോയ നീലിവനേശ്വരനും. ഇതു രണ്ടും അടുത്തു ആയതു കൊണ്ടും പിന്നെ സുന്ദർപറഞ്ഞ കഥയും കേട്ടപ്പോൾ ശരിക്കും ഒരു ഉൾവിളി ആയിരുന്നു ഇവിടേയ്ക്ക് പോകാൻ.

  Thirupanchali Neelivaneshwar ക്ഷേത്രം, മഹാദേവൻ ആണ് ഇവിടെ . മാർക്കണ്ടയ മുനിയെ രക്ഷിക്കുവാൻ മഹാദേവൻ യമധർമനുമായി യുദ്ധം ചെയ്തു മാർക്കണ്ടയ മുനിയെ രക്ഷിച്ചു, യമധർമൻ ഇല്ലാതെ ആയപ്പോൾ ഭൂമിയിൽ മരണം ഇല്ലാതാകുകയും ഭൂമി ദേവിയ്ക്ക് താങ്ങാൻ ആകുന്നതിലും അധികം ജനങ്ങൾ വസിക്കുകയും, ആരും തന്നെ ക്ഷേത്രങ്ങളിലോ പൂജകളിലോ വ്യാപൃതരായില്ല, ആയതിനാൽ ഭൂമിദേവിയും ബ്രഹ്മാവും വിഷ്ണുവും ചേർന്ന് നീലിവനേശ്വരനോട് പ്രാർത്ഥിക്കുകയും വേണ്ട പരിഹാരം ചെയുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അങ്ങനെ മഹാദേവൻ വീണ്ടും യമധർമ്മനു അയുസ്സ് കൊടുക്കുകയും ചെയ്തു എന്നാണ്. ആ ക്ഷേത്രത്തിലെ ഒരു പ്രതിഷ്ഠയാണ് മഹാദേവനും  പാർവതി ദേവിയും സുബ്രഹ്മണ്യ സ്വാമി സമേതനായി ഇരിക്കുന്ന വിഗ്രഹമാണ്, ഇവിടെ മഹാദേവന്റെ കാൽക്കൽ യമധർമൻ കിടക്കുന്നു. ശരിക്കും അതിശയിപ്പിക്കുന്ന വിഗ്രഹംആണ്. ഈ ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞത് ഒരനുഗ്രഹം തന്നെയാണ്.

അങ്ങനെ ഉച്ച വരെയുള്ള ക്ഷേത്രങ്ങൾ ദർശിച്ചു ഞങ്ങൾ റൂമിലേക്ക്‌ ഏകദേശം ഒരു മണിയോടെ എത്തി vaccate ചെയ്തു. ഉച്ചയൂണിനു ശേഷം എന്റെ രണ്ടു സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചു സമയപ്പുരം മാരിയമ്മൻ കോവിലിലേയ്ക്ക് പോയി. അവിടെ നട തുറന്നു കഴിഞ്ഞാൽ പിന്നീട് രാത്രിയെ അടയ്ക്കുള്ളു അതിനാൽ നേരത്തെ തന്നെ സുന്ദർ പറഞ്ഞിരുന്നു ഉച്ചയ്ക്ക് തഞ്ചാവൂർ  പോകുന്ന സമയത്ത് പോയാൽ മതി എന്നും. അങ്ങനെ ചുട്ടു പൊള്ളുന്ന ഉച്ച സമയത്തു ഞങ്ങൾ മാരിയമ്മനെയും തൊഴുതു തഞ്ചാവൂർക്കു യാത്രതിരിച്ചു.

സമയപ്പുരത്തു നിന്നും ഞങ്ങൾ താമസിക്കുന്ന തഞ്ചാവൂരിലെ  Hotel Gnanam 70 kms ആണ്. വളരെ മനോഹരമായ വീതിയുള്ള റോഡിൽ കൂടി കാർ ഓടിക്കുക എന്നത് തന്നെ ഒരു superb feel ആണ്. അങ്ങനെ ഏകദേശം 4.30 മണിയോടെ ബ്രിഹദേശ്വരക്ഷേത്രത്തിന്റെ മുന്നിൽ കൂടി ഞങ്ങളുടെ ഹോട്ടലിൽ എത്തി, ഒരു നല്ല കോഫിയും കുടിച്ചു വീണ്ടും കുറച്ചു സമയം റസ്റ്റി..

വീണ്ടും ഉടുത്തോരുങ്ങി Brihadeshwar ക്ഷേത്രത്തിലേയ്ക്ക് വാക്കുകൾ  ഇല്ല ഈ ക്ഷേത്രത്തെ കുറിച്ച് പറയാൻ. സന്ധ്യ സമയം അല്ലേ, അതു കൊണ്ട് തന്നെ Fully lighted up ആയിരുന്നു UNESCO World Heritage Site ആയ Brihadeshwar Temple. നമ്മുക്ക് അങ്ങേയറ്റം അഭിമാനിക്കാവുന്നു, ഈ സ്ഥലം. അവിടെ നിന്ന് natural light  പോകുന്നതിനു മുൻപേ കുറെ ഫോട്ടോസ് ഒക്കെ എടുത്തു, കാരണം ഭഗവാൻ എന്തായാലും അവിടെ അകത്തു ഉണ്ട് പക്ഷേ ഫോട്ടോ ഭ്രാന്തരായ ഞങ്ങൾക്ക് ആദ്യത്തെ preference എന്നും ഫോട്ടോസ് ആണല്ലോ , എന്താ കഷ്ട്ടം അല്ലെ, എന്ത് ചെയ്യാം നുമ്മ  ഇങ്ങനെ ആയി പോയി! എന്തായാലും അകത്തേക്ക് ദർശനത്തിനായി  പോയി,  ആ സന്നിധിയിൽ നന്നേ വലിപ്പം ഉള്ള ശിവലിംഗം ആണു ‌. അതെ പോലെ തന്നെ വലിപ്പവും ഉള്ള ഒറ്റ കല്ലിൽ തീർത്ത നന്ദിയും ആണ് നേരെ മുൻപിലും ഉള്ളത്. ഈ ശിവലിംഗം സൗരാഷ്ട്രയിൽ നിന്നും ആണ് കൊണ്ടു വന്നിരിക്കുന്നത് എന്നാണ് ഗൂഗിൾ wikipedi പറയുന്നത്, ഇവിടെ കൊണ്ട് വന്നു കഴിഞ്ഞു അകത്തേയ്ക്കു പ്രതിഷ്ഠ നടത്തുവാൻ സാധിക്കാതെ വന്ന ഒരു കഥയും സദ്ഗുരുവിന്റെ you tube ചാനെലിൽ കേൾക്കുകയുണ്ടായി, എന്തായാലും എല്ലാം കൊണ്ടും ഗംഭീരം !

എന്റെ ഒരു പ്രിയ സുഹൃത്ത്‌ പറഞ്ഞിരുന്നു അവിടെ ഇടത്  ഭാഗത്തു വാരാഹി അമ്മൻ ഉണ്ട്, അവിടെ  തൊഴാതെ വരരുത് എന്നും പറഞ്ഞിരുന്നു , കാരണം എനിക്ക് വേണ്ടി എന്റെ പ്രതിസന്ധി കാലത്തു പ്രാർത്ഥിച്ചിരുന്നു അവിടെ. എന്നാൽ അന്നാകട്ടെ പഞ്ചമി ആയതിനാൽവിശേഷാൽ പൂജകളും നല്ല തിരക്കും ആ നടയിൽ ഉണ്ടായിരുന്നു. എന്തായാലും പൂജതീർന്നിട്ട് തിരക്കിലാതെ തൊഴാം എന്ന പ്ലാനിൽ അവിടെ പുൽതകിടിയിൽ ഇരുന്നും നടന്നും ഓരോ കാഴ്ചകൾ കണ്ടു. കുറച്ചു പടവുകൾ കയറി ചെന്ന് കണ്ടതാകട്ടെ നന്നേ വലിയശിലയിൽ മയിൽ വാഹനത്തിന് മുകളിൽ ഇരിക്കുന്ന ആറുപടേയ് ആണ്ടവനെ, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുകയാണ് ഇങ്ങന ഒരു സുന്ദരമായ വിഗ്രഹം, അല്ലെങ്കിലും സുബ്രമണ്യൻ അല്ലേ സുമുഖനും സുന്ദരനും ആണല്ലോ അദ്ദേഹം!  മുകളിൽകയറാൻ മടിച്ചു നിന്ന ചേച്ചിയെ നിർബന്ധിച്ചു  കയറ്റി ഈ സുന്ദര വിഗ്രഹം തൊഴീപിച്ചു . 

ഇത്രെയും വലിയ ക്ഷേത്രം പ്രദക്ഷിണം വച്ചു വന്നപ്പോൾ വാരാഹി അമ്മന്റെ അവിടെ വീണ്ടും തിരക്ക് തന്നെ. ഞങ്ങളുടെ കമലു അമ്മാൽസ് വേറെ ഒരു വഴി കണ്ടു പിടിച്ചു ഞങ്ങളെയും കൂട്ടി വാരാഹി അമ്മനെ കൺകുളിർക്കെ തൊഴുതു വണങ്ങാൻ ഉള്ള വഴി ഒരുക്കി തന്നു. അങ്ങനെ വീണ്ടും കുറെ ഫോട്ടം പിടിച്ചു ഞങ്ങൾ  അവിടുന്ന് ഇറങ്ങിയപ്പോൾ ചെറിയ മഴ.. പിന്നീട് അവിടുന്ന് കാർ പാർക്കിങ്ങിലേയ്ക്കു, തോമസ്കുട്ടി വിട്ടോടാ.. എന്നും പറഞ്ഞു ഓടികയറി….

ഞങ്ങളുടെ രണ്ടാം ദിവസം 8 ക്ഷേത്രങ്ങളിൽ ഭംഗി ആയി തൊഴാൻ സാധിച്ച സന്തോഷത്തിൽ  എല്ലാം പ്ലാൻ ചെയ്ത പോലെ നടന്നതിലും പ്ലാനിൽ ഇല്ലാത്ത രണ്ടു ക്ഷേത്രങ്ങളും ഉൾപെടുത്താൻ പറ്റിയത്തിലും, അതിലുപരി എല്ലാം ഭംഗി ആയി ഭഗവാൻ നിറവേറ്റി തന്ന സന്തോഷത്തിൽ പിറ്റേന്ന് രാവിലെ ഇറങ്ങേണ്ട സമയം പ്ലാൻ ചെയ്തു സന്തോഷത്തോടെ ചരിഞ്ഞു…..

അടുത്ത എപിഡോസ് പിറകെ വരുന്നതായിരിക്കും…സിന്ധു പറഞ്ഞ പോലെ ഏഷ്യാനെട്ടിലെ സീരിയൽ പോലെ ആകുമോ എന്തോ…..എന്തയാലും അതു എന്റെ ബ്ലോഗ് വായിക്കുന്നവരുടെ വിധി !


യാത്ര -മൂന്നാം ദിവസം 

അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തി. പണ്ടേ പോകണം എന്ന് ആഗ്രഹിച്ച ഒരു ക്ഷേത്രം ആണ്, പക്ഷേ, അന്ന് ഈ ക്ഷേത്രത്തെ കുറിച്ച് കേൾക്കുമ്പോൾ പഞ്ചഭൂതങ്ങളിൽ ഉൾപ്പെട്ടതാണെന്നോ, പഞ്ചഭൂതങ്ങൾ എന്താണ് എന്നും അറിയാത്ത കാലം. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ ആണ്, എന്നാലും! പഞ്ചഭൂതങ്ങളിൽ ആകാശം ആണ് ഞങ്ങൾ പോകുന്ന ചിദംബരം ക്ഷേത്രം. ചിദംബരം ക്ഷേത്ര ദർശനം പ്ലാൻ ചെയ്തതു എന്റെ ചേച്ചി പറഞ്ഞത് കൊണ്ടാണ്.  എന്തായാലും ഒരു 3  മണിക്കൂർ യാത്ര ഉണ്ട് ചിദംബരത്തെയ്ക്ക്, അത് കൊണ്ട് തന്നെ ഹോട്ടലിലെ complimentary breakfast തെല്ലു ദുഖത്തോടെ വേണ്ടാന്നു വച്ചു. ഏകദേശം 5-½ യോടെ ഞങ്ങൾ തിരിച്ചു. എട്ടരയോടെ എങ്കിലും എത്തുമല്ലോ എന്നായിരുന്നു ഡ്രൈവറും ടൂർ ഓപ്പറേറ്ററുമായ എന്റെ ഒരു പ്ലാൻ.

അങ്ങനെ മാർഗബന്ധു സ്തോത്രവും ചൊല്ലി എല്ലൂർ ബിജുവിന്റെ ചന്ദ്രശേഖര എന്ന സോപാന സംഗീതം കേട്ടും കൂടെ പാടിയും ഗൂഗിൾ  ചേച്ചി പറഞ്ഞു തന്ന വഴിയിൽ കൂടി വണ്ടി തഞ്ചാവൂരിൽ നിന്നും അടുത്ത ദേശത്തേയ്ക്ക്  പാഞ്ഞു. പോകുന്ന വഴി ആദ്യം ഒന്ന് തെറ്റി, കൂടെ ഉള്ള കമല്ലൂസിന്റെ തമിഴിൽ ഞങ്ങൾ ചോദിച്ചു ചോദിച്ചു പോയി…. എന്തായാലും ഒരു സ്ഥലം എത്തിയപ്പോൾ റോഡിന്റെ ഗതി മാറി, ഹൈവേയിൽ നിന്നും ഒരു ഗ്രാമപ്രദേശത്തിലേയ്ക്ക് ആണ് ഞങ്ങൾ ഡ്രൈവ് ചെയ്തു പോയതും. സംശയ ഉള്ളത് കൊണ്ട്,  ഗൂഗിൾ മാപ്പ് അത്രയ്ക്ക് വശം ഇല്ലാത്തവർ ആയതു കൊണ്ടും, 'അയ്യാ ഇന്ത വഴി എങ്കെ പോകുമാ' എന്നൊക്കെ കാച്ചി  വിടാം എന്ന ഐഡിയയിൽ ഇരുന്നെങ്കിലും,  ഗൂഗിൾ മാപ്പിൽ കണ്ടു പിടിച്ചു  രണ്ടു വഴി ഉണ്ട് ചിദംബരം  പോകാൻ, അതിൽ ഇന്ത വഴി പോയാൽ കുറച്ചു  കൂടി നേരത്തെ ചിദംബരം  എത്തും എന്ന് കണ്ടു,  പണ്ടേ നേരെ ചൊവ്വേ പോകാൻ ഇഷ്ടം ഇല്ലാത്ത ഞാൻ ആ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ചു പോകാം എന്ന് തീരുമാനിച്ചു. എന്തായാലും അവിടെ ഉള്ളവരോട് , "അണ്ണാ ഇന്ത  പക്കം ഏതാവതു ചിദംബരം പോക മുടിയുമാ, " എന്ന എന്റെ ചോദ്യത്തിന്, അയ്യോ, അമ്മാ ഇന്ത പക്കം ഏതുക്ക്‌ പോഹണം എന്നായി നമ്മുടെ അണ്ണൻ, അപ്പോഴേക്കും നമ്മുടെ അടുത്ത ചോദ്യം അപ്പോൾ ഈ വഴിക്കു പോയാൽ എങ്കെ എത്തും, പിന്നെ അണ്ണന്റെ ഒപ്പം മറ്റൊരു മാമനും ഒരു തമ്പിയും എല്ലാവരും കൂടി ചേർന്ത് പറഞ്ഞു, അതായതു ഇതു വഴിയും പോകാം അതിലെയും പോകാം…അപ്പോൾ കുറച്ചു വിവരം ഉള്ള ഞാൻ ചോദിച്ചു റോഡ് കണ്ടിഷൻ നല്ലത് ഏതു? അപ്പോൾ, ദേ വരുന്ന ഉത്തരം, 'ഇതു താൻ നല്ല റോഡ്ഡ് അമ്മാ എന്ന്'! പിന്നെ എതുക്ക്‌ കവല പെടണം എന്നായി ഞങ്ങളും, അടി കുതിരേ മുന്നോട്ടു എന്ന് പറഞ്ഞു വണ്ടി മുന്നോട്ടെയ്ക്ക് തന്നെ എടുത്തു. നല്ല പ്രകൃതിരമണീയമായ  ആ ഗ്രാമപ്രദേശത്തു  കൂടി ഉള്ള  യാത്ര ശരിക്കും ആസ്വദിച്ചു, അങ്ങനെ ഒരു 20 കിലോമീറ്റർ താണ്ടിയപ്പോൾ, ഒരു വളവും അതിന്റെ മുകളിൽ എന്തോ പാലം പോലെ കണ്ടു, താഴെ റോഡ് പുഴ ആയി മാറിയ അവസ്ഥ…ഇതു പുഴയാണോ അതോ എന്തെങ്കിലും ചിന്ന ടാം വല്ലതും ആയിരിക്കുമോ എന്ന സന്ദേഹത്തിൽ ഞാൻ വണ്ടി നിറുത്തി പറഞ്ഞു, നമ്മുക്ക് പോകാൻ പറ്റുമോ എന്തോ…എന്നാൽ  അവിടെ കൂടി നിന്നിരുന്ന തമിഴ് അണ്ണന്മാർ, ധൈര്യമായി "വണ്ടി പോങ്കോ""ധൈര്യമാ പോങ്കോ "എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു.  സത്യം പറഞ്ഞാൽ കുറച്ചു പേടിച്ചാണ്‌ ഞാൻ വണ്ടി എടുത്തത്. അങ്ങനെ ആ ചിന്ന ഡാം കടക്കുന്ന സമയം ഞാൻ എന്റെ മരുമകനെ ഒന്ന് ഓർത്തു പോയി, മനസ്സിൽ പറഞ്ഞു,  നന്ദു, ഞാനും നന്ദുവിനെ പോലെ OFF ROAD ഡ്രൈവിയല്ലോ! എന്തായാലും കേടുപാടുകൾ ഒന്നും ഇല്ലാതെ ഞങ്ങൾ ആ വഴി കടന്നു… ഇനിയും ഇത് പോലെ രസകരമായ സംഭവങ്ങൾ ഉണ്ടാകുമോ എന്തോ എന്നൊക്കെ ആലോചിച്ചു വഴിയിൽ കുറച്ചു ഫോട്ടോസും എടുത്തു, ഗൂഗിൾ ചേച്ചിയോട് ചെറിയ ഒരു വിശ്വാസ കുറവ് കാരണം ചോദിച്ചു ചോദിച്ചു മുന്നോട്ടു പോയി.

 ആ സമയം ആണ് ഞാൻ മനസ്സിലാക്കുന്നത് കുംഭകോണം വഴി ആണ് ചിദംബരം  പോകുന്നേ എന്നും, കുംഭകോണത്തെ  ഒത്തിരി ക്ഷേത്രങ്ങളെ കുറിച്ച് കേട്ടിരുന്നു, പ്രത്യേകിച്ച് നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതും അവിടെ ആണ്. എന്തായാലും ഞങ്ങളുടെ ലക്ഷ്യം ചിദംബരം, അത് കൊണ്ട് ബാക്കി ഒന്നും ഇപ്പോൾ ഗൂഗിലേണ്ട എന്ന  തീരുമാനത്തിൽ മൂന്നോട്ടേക്കു പോയി. ചെറിയ വഴികൾ, തിരക്കും ഇല്ലാതെ പോകുക നല്ല സുഖമുള്ള അനുഭവം ആണ്, പതുക്കെ വിശപ്പിന്റെ വിളി തുടങ്ങി, 'എനിക്കു വിശക്കുന്നെ' എന്നും പറഞ്ഞു ഞാൻ ഒരു കുഞ്ഞു ഹോട്ടലിന്റെ മുൻപിൽ വണ്ടി ഒതുക്കി, ആദ്യം ഇപ്പോൾ വേണോ എന്നൊക്കെ എല്ലാവരും ചിന്തിച്ചെങ്കിലും, ഡ്രൈവർക്കു വിശന്നാൽ പിന്നെ എല്ലാവർക്കും വിശക്കും. അത്രയ്ക്ക് concern ആണേ ഡ്രൈവറോട്!

അങ്ങനെ നല്ല ചൂട് പൂരിയും കാപ്പിയും കുടിച്ചു അവരോടും വഴി ചോദിച്ചു വീണ്ടും മുൻപോട്ടു. ഈ വഴി ചെന്ന് കയറിയത് ആകട്ടെ പണി നടക്കുന്ന ബൈപാസിലേയ്ക്കും, അവിടുന്ന് നേരെ ചിദംബരം എന്ന് കണ്ടപ്പോൾ, സത്യം പറയുകയാണെങ്കിൽ  അപ്പോഴാണ് സമാധാനം ആയതു . അങ്ങനെ ചിദംബരത്തു ഏകദേശം 10 മണിയോടെ എത്തി ചേർന്നു.

ഓം നമഃ ശിവായ മന്ത്രം ജപിച്ചു അകത്തേക്ക് കയറുമ്പോൾ പൂജായ്ക്കായി നട അടച്ചു. തില്ലൈ അമ്പല നടരാജനെ കാണുന്നത് കർപ്പൂരാരാധനയിലും, അവിടെ ഭഗവാന്റെ നേരെ മുൻപിൽ പടിയിൽ ഇരുന്നു പ്രാർത്ഥിച്ചോള്ളൂ എന്ന് പറഞ്ഞതനുസരിച്ചു കുറച്ചു സമയം അവിടെ ഇരുന്നു. ആനന്ദ താണ്ഡവ നടരാജൻ ആണ് തില്ലൈ നടരാജൻ. സാധാരണ ദർശനത്തിന് മുകളിൽ കയറിയാണ് ദർശനം.  ചിദംബരം രഹസ്യവും തൊഴാൻ പറ്റും എന്നാണ്, ഞങ്ങൾ എത്തിയ സമയം അവിടെ സ്പടികലിംഗ അഭിഷേകം നടക്കുകയായിരുന്നു.  ആ ദർശന സൗഭാഗ്യം ഏറ്റവും മഹത്തരം ആണെന് കേൾക്കുകയുണ്ടായി,  കുഞ്ഞു സ്പടികലിംഗത്തിൽ പാലഭിഷേകവും , ജലം അഭിഷേകവും പിന്നീട് സ്പടികലിംഗം തുടച്ച ശേഷം ഭാസ്മാഭിഷേകവും ദർശിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി. പിന്നീട് രത്നസഭാപതി അല്ലെങ്കിൽ  നടരാജ വിഗ്രഹം, ഈ കുഞ്ഞു വിഗ്രഹം രത്നങ്ങളാൽ അലങ്കൃതമാണ് RUBY ലിംഗം എന്നാണ് മനസിലാക്കുവാൻ കഴിഞ്ഞത്. ഈ അഭിഷേകവും കൺകുളിർക്കേ തൊഴുതു, ശേഷം മുകളിലയ്ക്ക് കയറ്റി വിട്ടു…നടരാജ സ്വാമിയേ വേണ്ടുവോളം തൊഴുതു,  ഇടതു വശത്തു ശിവാകാമേശ്വരിയും, ഭൈരവരെയും വണങ്ങി. വലതു വശത്തുള്ള ചിദംബരം  രഹസ്യവും ജാലകത്തിൽ കൂടി തൊഴുതു ഇറങ്ങി.  ചേച്ചി ഇതിനു മുൻപേ വന്നതിനാൽ ഇതൊക്കെ പറഞ്ഞു തന്നിരുന്നു. ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന്റെ ഗർഭഗൃഹം  നടരാജ സ്വാമികളുടെ മുൻപിൽ ഉള്ള വലിയ മണ്ഡപത്തിൽ ആണ്, ഒരു 6 പടി കയറിയാൽ മതി അവിടേയ്ക്ക്.  അവിടുത്തെ പൂജകൾ ആദ്യമേ തൊഴുതിരുന്നു. പാർവതി ദേവിയുടെ നടയിലും  ഗണപതി സ്വാമിയെയും ഞങ്ങൾ  വന്ദിച്ചിട്ടാണ് അകത്തേക്ക് പ്രവേശിച്ചത്. ശേഷം സുബ്രമണ്യനെയും തൊഴുതു ബാക്കി ഉപദൈവങ്ങളെയും തൊഴുതു പ്രദക്ഷിണം വച്ചു.  വീണ്ടും തില്ലൈ നടരാജനെ തൊഴാൻ കയറി, അപ്പോൾ വീണ്ടും സ്പടിക ലിംഗാഭിഷേകം നടക്കുന്നു.. അങ്ങനെ അതും തൊഴുതു നടയിലേയ്ക്ക് നടന്നപ്പോൾ ഒരാൾ എന്നോട് ചോദിച്ചു, തമിഴ്?  ഞാൻ പറഞ്ഞു അല്ല കേരള, അദ്ദേഹം പറഞ്ഞു ഇവിടെ നിൽക്കണേ, ഇവിടുന്നു നേരെ ഭഗവാന്റെ വലതു വശത്തുള്ള ആ കർട്ടൻ മാറ്റും 12 മണിയ്ക്ക്, എല്ലാ  പൂജാകൾക്കും ശേഷം എന്നും പറഞ്ഞു, അപ്പോൾ സമയം ഏകദേശം 11.45 ആയി കാണും, ഞങ്ങൾ എല്ലാവരും അദ്ദേഹം പറഞ്ഞ സ്ഥലത്തു നിന്നു..എന്താകും മഹാദേവാ എന്ന ആകാംക്ഷയിൽ ഓം നമഃ ശിവായ ജപിച്ചു നിന്നു.. നടരാജ സ്വാമിയുടെ പൂജകൾക്കു ശേഷം അക്ഷമരായി കാത്തിരുന്ന ഞങ്ങൾക്ക് മഹാദേവൻ കാണിച്ചു തന്നത്  സ്വർണ നിറത്തിൽ ഉള്ള ഇലകൾ ആണ് സ്വർണത്തിൽ ഉള്ള കൂവള ഇലകളുടെ തിളങ്ങുന്ന മാലകൾ. മൂന്ന് തവണ കർട്ടൻ മാറ്റും ഒരു നിമിഷം പോലും അത് തുറന്നു വെയ്ക്കില്ല… മഹാദേവാ എന്ന് വിളിച്ചു ആനന്താശ്രുക്കളിൽ നിന്നു അവിടെ… എന്തിനായിരുന്നു ഞങ്ങളെ താമസിപ്പിച്ചതു, ഈ ഒരു മഹാഭാഗ്യത്തിന് വേണ്ടി അല്ലേ , അതെ എല്ലാം അവിടുന്ന് തീരുമാനിക്കും പോലെ മാത്രമേ നടക്കുകയുള്ളൂ .... എന്നോട് അവിടെ നിന്ന് തൊഴാൻ പറഞ്ഞ അദ്ദേഹം ഭഗവാന്റെ ഭൂതഗണം ആയിരുന്നോ?  അറിയില്ല, പക്ഷേ അദ്ദേഹത്തിനെ തൊഴുതു വണങ്ങിയപ്പോഴും കണ്ണീർ വാർന്നു കൊണ്ടിരുന്നു എന്ന് മാത്രം അറിയാം…

അടുത്ത പരിപാടി ഭക്ഷണവും കുറച്ചു റെസ്റ്റും. അങ്ങനെ ഒരു ഹോട്ടലിൽ കയറി, പിന്നീടുള്ള എന്റെ itinerary പ്രകാരം Gangaikonda cholapuram വും Airavateswarar ക്ഷേത്രവും ആയിരുന്നു, പക്ഷേ സമയവും ദൂരവും നോക്കിയപ്പോൾ ഒന്നര രണ്ടു മണിക്കൂർ കാണിക്കുന്നു. പിന്നെ എത്തിയാലും ക്ഷേത്രം തുറക്കുമ്പോൾ 5 മണി ആകും എന്നും കണ്ടു, തഞ്ചാവൂർ എത്താൻ വൈകുമല്ലോ എന്ന ചിന്തയിൽ പോകണ്ട എന്ന് തീരുമാനിച്ചു. പിറ്റേന്ന് വരാൻ പറ്റുമോ എന്നും ഒരു സമാധാനത്തിനു ആലോചിച്ചു, അങ്ങനെ പോകാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ആ രണ്ട് സ്ഥലത്തും പോകണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ തഞ്ചാവൂർക്കു ഏകദേശം ഒന്നര മണിയോടെ തിരിച്ചു. രാവിലെ ഗൂഗിൾ ചേച്ചി കാണിച്ച വഴി വേണ്ടാന്ന് തീരുമാനിച്ചു, കാരണം ഇരുട്ടി കഴിഞ്ഞാൽ വിജനമായ ആ  വഴി risky അല്ലെ എന്ന ഒരു അനാവശ്യ ചിന്ത വന്നു. അങ്ങനെ പണി നടക്കുന്ന ബൈപാസിൽ കൂടി ഉള്ള ഡ്രൈവിംഗ് അത്രയ്ക്ക് സുഖകരം അല്ലായിരുന്നു എന്നാലും കുറെ ദൂരം നല്ല റോഡും, പണി ഉള്ള സ്ഥലങ്ങളിൽ പതുകെയും ഒക്കെ ഓടിച്ചു. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ബോർഡ്‌ കണ്ടു vaitheeswaran temple 38 kms. വൈതീശ്വരൻ കോവിൽ പോകണം എന്നൊക്കെ ഉണ്ടായിരുന്നു, ദൂരം നോക്കുമ്പോൾ കൂടുതലായി തോന്നിയത് കൊണ്ട് മനസ്സിൽ അത് വേണ്ടാന്ന് വയ്ക്കുകയയായിരുന്നു, പക്ഷേ ഇങ്ങനെ ഒരു ബോർഡ്‌ കണ്ടപ്പോൾ പോയാല്ലോ എന്ന് ഞങ്ങൾ. അങ്ങനെ അവിടെ നിന്നിരുന്ന രണ്ടു അണ്ണന്മാരോട് ചോദിച്ചു മനസിലാക്കി.  അങ്ങോട്ട്‌ തിരിഞ്ഞു നേരെ പോയാൽ നട തുറക്കുന്ന സമയം ഞങ്ങൾ അവിടെ എത്തിയിരിക്കും

 വീണ്ടും പച്ച പരവതാനികൾക്കു ഇടയിലൂടെ ഉള്ള അതിമനോഹരമായ യാത്ര ആയിരുന്നു. കുഞ്ഞു road ആയിരുന്നെങ്കിലും നല്ല റോഡുകൾ ഇടയ്ക്ക് കയറി വരുന്ന സ്പീഡ് ബ്രേക്കർ  ഒഴിച്ചാൽ….അന്ന് വിനായകനെ നിമഞ്ചനം ചെയുന്ന ദിവസം ആയിരുന്നു . ഇടയ്ക്കിടയ്ക്ക് മുക്കാൻ കൊണ്ട് പോകുന്ന പാവം ഗണപതി സ്വാമികളെയും കണ്ടിരുന്നു. ഓരോ ജലാംശങ്ങളും  എങ്ങനെ മലിനമാക്കാം എന്നാലോചിച്ചു  കണ്ടു പിടിച്ചതായിട്ടേ ഇങ്ങനെ plaster of parisൽ നിർമ്മിച്ച പാവം ഗണപതിമാരെ  നിമഞ്ചനം ചെയ്യാൻ കൊണ്ട് പോകുമ്പോൾ ചിന്തിച്ചു പോകുക .എന്തായാലും അതിനു ഇവിടെ പ്രസക്തി ഇല്ല… അത് കൊണ്ട് ഞാൻ എന്റെ അടുത്ത ക്ഷേത്രത്തെ കുറിച്ച് തുടങ്ങട്ടെ…

 വൈത്തീശ്വരൻ  കോവിൽ, ഒത്തിരി കേട്ടിട്ടുള്ള ഒരു ക്ഷേത്രം ആണ്, നാഡി ജ്യോതിഷം അവിടെ വളരെ പ്രസിദ്ധം ആണ്. ഒത്തിരി പേര് അവിടെ പോയി നാഡി ജ്യോതിഷരെ കാണാറുമുണ്ട്. എന്തായാലും ഞങ്ങൾക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ലായിരുന്നു. വൈത്തീശ്വരൻ മഹാദേവൻ ആണ്. എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നൽകുന്ന സ്വാമി. വിശ്വാസം എന്താണ് എന്ന് വെച്ചാൽ ചൊവ്വ ഗ്രഹം അതായത്‌ Planet Mars, ഈ ഗൃഹത്തിന് leperosy പിടിപെടുകയും ഇവിടെ വന്ന പ്രാർത്ഥിച്ചപ്പോൾ അത് മഹാദേവൻ മാറ്റി കൊടുക്കുകയും ചെയ്തു എന്നാണ്. അങ്ങനെ ആണ് മഹാദേവൻ ഇവിടെ  വൈത്തീശ്വരൻ എന്ന നാമത്തിൽ അറിയപെടുന്നതും. ഇവിടെ ഈ ഗൃഹത്തിനും ക്ഷേത്രം ഉണ്ട്. എന്തായാലും ഒരു നവഗ്രഹ ക്ഷേത്രത്തിൽ എങ്കിലും തൊഴാൻ പറ്റിയല്ലോ എന്ന സമാധാനത്തിൽ പൂജകൾ ഒക്കെ തൊഴുതു അവിടെ നിന്നും ഇറങ്ങി.

ഒരു ചായ കുടിക്കാൻ കയറിയ ഹോട്ടലിൽ ഒരു പ്രായം ചെന്ന മനുഷ്യനെ പരിചയ പെടുകയും, അദ്ദേഹം അടുത്തുള്ള ബാക്കി നവഗ്രഹ ക്ഷേത്രത്തിൽ പോകാൻ പറയുകയും, പിന്നെ ഞങ്ങൾ സ്ത്രീ ജനങ്ങൾ മാത്രം ഉള്ള യാത്ര ആയതിനാൽ സൂക്ഷിക്കണേ എന്നൊക്കെ പറഞ്ഞു ഉപദേശിക്കുകയും ചെയ്തു…തത്കാലം അദ്ദേഹത്തെ ഞങ്ങൾ കമല്ലൂസിന്റെ സ്വന്തം മാമൻ ആക്കി കാരണം തമിഴിൽ ഒരേ പെഷൽസ്. അദ്ദേഹത്തിന്റെ പേര് വൈദ്യനാഥൻ എന്നും.

അവിടെ നിന്നും പുറപ്പെടുമ്പോൾ തന്നെ ഏകദേശം 6 മണി ആയി, അത് കൊണ്ട് തന്നെ  വേറെ ക്ഷേത്രങ്ങളിൽ ഒന്നും പോകണ്ട എന്ന് തീരുമാനിച്ചു. തിരികെ ഉള്ളത് ഒരു ഒന്നന്നര യാത്രയും ആയിരുന്നു… നേരെ ഉള്ള route മാത്രമേ  പോകു എന്ന്‌ നിശ്ചയിച്ച പ്രകാരം കുറച്ചു കഷ്ടപ്പെട്ടു എന്ന് തന്നെ പറയാം, കാരണം റോഡ് ആണെങ്കിൽ best കണ്ണാ best, പിന്നെ റോഡിലെ തിരക്കും കൂടെ ഗണപതിമാരുടെ നിമഞ്ജന യാത്രയും.  ഒരു 25 km കുണ്ടും കുഴിയും,താണ്ടി എങ്ങനെയോ തിരിച്ച് എത്തി എന്നു തന്നെ പറയാം. പാവം ഗൂഗിൾ ചേച്ചി ആണെങ്കിൽ വഴി മാറി പോകു എന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ ഉള്ളവരോട് ചോദിച്ചപ്പോൾ ഇന്ത പക്കം പോയാൽ മതി എന്നും സ്നേഹത്തോടെ പറഞ്ഞതനുസരിച്ചു ഞങ്ങൾ എങ്ങനെയോ എത്തി ചേർന്ന്. ഇടയ്ക്ക് ഞാൻ വണ്ടി നിറുത്തി ഇറങ്ങി പോകുമോ എന്ന് വരെ കൂടെ ഉള്ളവർക്ക് തോന്നി… അത്ര ഗംഭീരമായിരുന്നു, എന്റെ ഭാഗവാനേ തിരുമ്പി വന്ന യാത്ര… പക്ഷേ ഇതൊക്കെ ആണെങ്കിലും ഞങ്ങൾക്ക് കിട്ടിയ ഭഗവത് അനുഗ്രഹം നോക്കുമ്പോൾ ഇതൊക്കെ വെറും നിസ്സാരം..

യാത്രകളിൽ എല്ലാ റോഡും സൂപ്പർ  ആയിരിക്കും എന്നു ഒരിക്കലും പ്രതീക്ഷിക്കരുത് എന്ന പാഠവും പഠിച്ചു. കേരളത്തിൽ നമ്മുക്ക് റോഡ് കൊള്ളില്ലെങ്കിൽ അത് ഉൾകൊള്ളാൻ പറ്റും പക്ഷേ തമിഴ് നാട്ടിൽ അങ്ങനെ എങ്ങനെ അത് ശരി ആകും അല്ലെ!


യാത്ര -നാലാം ദിവസം 

ശരിക്കും പറഞ്ഞാൽ യാത്ര തുടങ്ങുമ്പോൾ ഉണ്ടാകുന്ന excitement, നമ്മൾ destination എത്തുമ്പോൾ മുതൽ  യാത്ര തീരാറായല്ലോ എന്ന ചിന്ത ഇടയ്ക്കിടയ്ക്ക് നമ്മളെ  വിഷമത്തിലാക്കാറുണ്ട്.…അങ്ങനെ നാലാമത്തെ ദിവസമായ വ്യാഴായ്ച്ച ഞങ്ങൾ കുംഭകോണത്തു പോകണ്ടാന്നു നിശ്ചയിച്ചു. കാരണം, പോയാൽ തഞ്ചാവൂരിൽ ഷോപ്പിംഗ് പരിപാടികൾ ഒന്നും നടക്കില്ല, പിന്നെ പിറ്റേ ദിവസം ഞങ്ങൾ തിരിക്കുന്നു അടുത്ത സ്ഥലത്തേയ്ക്ക്,  അപ്പോൾ ഡ്രൈവർക്കു കുറച്ചു റസ്റ്റ്‌ വേണ്ടേ എന്ന ചിന്തയിൽ കുംഭകോണം യാത്ര വേണ്ടാന്നു വച്ചു.  അങ്ങനെ വളരെ relaxed ആയി  എഴുന്നെറ്റു complimentary breakfast കഴിക്കാമല്ലോ എന്ന സന്തോഷത്തിൽ ആദ്യം fresh juice, അതല്ലേ വീട്ടിലും ശീലം എന്ന സ്റ്റൈലിൽ, പിന്നെ നല്ല soft ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും, വലിയ ഇഷ്ടം ഇല്ലെങ്കിലും ഒരു ഫ്രണ്ടിന് ഫോട്ടോ എടുത്തു കുശുമ്പ് പിടിപ്പിക്കാൻ വേണ്ടി  പൊങ്കലും എടുത്തു, ചുരുക്കം പറഞ്ഞാൽ അവിടെ ഉള്ള എല്ലാ സാധനങ്ങളും കഴിച്ചു പ്രത്യേകിച്ച് cut fruits , എന്നിക്കു വയ്യ, ഞങ്ങൾ  ഞങ്ങളെ കൊണ്ട് തന്നെ തോറ്റു… തിരികെ വന്നാൽ അടുക്കള ഭരണം എല്ലാവരുടെയും തോളിൽ ആണല്ലോ, അപ്പോൾ പണിയെടുക്കാതെ കിട്ടുന്ന ഈ സുവർണ അവസരം എതുക്ക് വേണ്ടാന്ന് വെയ്ക്കണം!  എന്തിനു അധികം പറയുന്നു നമ്മുടെ bread toast, butter, jam and orange marmalade അവരെ പോലും വെറുതെ വിട്ടില്ല. വയർ കടം എടുത്തോ എന്ന് ചോദിച്ചാൽ, കുറച്ചു എടുത്തു.  അങ്ങനെ അതും കഴിച്ചു കഴിഞ്ഞു, ഹോട്ടലിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചു തഞ്ചാവൂരിലേ തനതു ക്രാഫ്റ്റ്സ് ചെയുന്ന ഒരു പഴയ വീട്ടിലേക്കു ഞങ്ങൾ പോയി. Tanjore paintings, brass works കുറച്ചു പാവകളെയും ഒക്കെ കണ്ടു, ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്തി. തഞ്ചാവൂർ ബൊമ്മകളുടെ collection അവിടെ കുറവായതിരുന്നാൽ ഞങ്ങൾ അവിടുന്ന് ബ്രിഹദേശ്വര ക്ഷേത്രത്തിന്റെ അടുത്ത് പോയി. ചെറിയ ഒരു ഷോപ്പിംഗ് complex ൽ ഒരു 10 കടകളോളം വരും. ഒരു കടയിൽ നിന്നും തന്നെ വാങ്ങി അവിടെ ഉള്ള sales manന്റെ അടുത്ത് തമിഴിൽ വില പേശി  അവൻ ഉദ്ദേശിച്ച കാശും കൊടുത്തു. വാചകം അടിച്ചു നിന്നപ്പോൾ അവന്റെ പേര് ചോദിച്ചു, New Man  എന്നാണ് അവന്റെ പേര്, പേര്  ഇഷ്ടപ്പെട്ടപ്പോൾ അവന്റെ കഥയും അവന്റെ വീട്ടുകാരുടെ കഥയും ഒക്കെ കേട്ടു, അങ്ങനെ കുറെ നേരമായി. ആ കടയുടെ മുൻപിൽ വേറെ ഒരാളും  ഇരുപ്പുണ്ടായിരുന്നു, അദ്ദേഹം ചോദിച്ചു നിങ്ങൾ 4 പേരും മട്ടും താൻ കേരളാവൂന്ന് വന്ദതു, കേൾക്കണ്ട താമസം ഞാൻ പറഞ്ഞു, all the way from kerala, Trivandrum…and I the only driver… shine ചെയ്യാൻ കിട്ടണ ചാൻസ് കളയില്ല, പണ്ടേ! പക്ഷേ ആ മനുഷ്യൻ കസേരയിൽ നിന്നും എണീറ്റു തൊഴും എന്ന് ഒട്ടും വിചാരിച്ചില്ല എന്ന് മാത്രം. അത്രയ്ക്കും ബഹുമാനം ആയിരുന്നു പിന്നീട് അവിടെ ഉള്ളവർക്ക്. അങ്ങനെ കുറച്ചു കാശ് പൊട്ടിച്ചതിന്റെ  സന്തോഷത്തിൽ ഞങ്ങൾ അടുത്ത പരുപാടി ആയ ലഞ്ചിങ്ങിന് പറ്റിയ ഹോട്ടൽ തപ്പി ഇറങ്ങി. രാവിലത്തെ ബ്രേക്ഫാസ്റ് ഒരു വിധം അപ്പോഴേക്കും ദഹിപ്പിച്ചു എന്ന് ഉറപ്പു വരുത്തിയിരുന്നു.

അങ്ങനെ Thambhi Vilas restaurant കണ്ടു പിടിച്ചു ഞങ്ങൾ Tampi sisters അതിന്റെ മുൻപിൽ നിന്നും ഒരു ഫോട്ടോയും പിടിച്ചു അകത്തു കയറി. ചേച്ചിയും കമലൂസും pure veggies ആണ്, ഞാനും സിന്ധുവും ആകട്ടെ pure non veggies ഉം. അങ്ങനെ ആസ്വദിച്ചു ബിരിയാണി ഒക്കെ കഴിച്ചു, വൈകിട്ട് എന്താ പരുപാടി എന്നാലോചിച്ചു,  ബ്രിഹദേശ്വരിലേയ്ക്ക് പോകാം എന്നു പ്ലാൻ ചെയ്തപ്പോൾ, എന്നിക്കൊരു മെസ്സേജ് വന്നു തഞ്ചാവൂരിൽ നിന്നും Thiruvaiyaru ത്യാഗരാജാ Samadhi 30 kms അകലെ മാത്രമാണ്, പോകാൻ പറ്റുമല്ലോ എന്നും. അങ്ങനെ itinerary യിൽ  ഇല്ലാത്ത ഒരു അമ്പലം കൂടി, അപ്പോൾ വീണ്ടും പ്ലാനിങ്, എത്ര ടൈം എടുക്കും എന്നൊക്കെ ആയി. അങ്ങനെ വൈകിട്ടത്തെ പരുപാടി set ആക്കി ഞങ്ങൾ ഉദ്ദേശം 5 മണിയ്ക്ക് ഇറങ്ങാം എന്ന പ്ലാനിൽ ഹോട്ടലിൽ പോയി ശയിച്ചു.

 യാത്ര പുറപ്പെടുമ്പോഴെ എത്ര ഡ്രസ്സ്‌ എടുക്കണം, സാരീ എടുക്കണോ എന്നൊക്കെ ഡിസ്കഷൻ ഉണ്ടായിരുന്നു, അപ്പോൾ വന്ന ഒരു ആഗ്രഹം ആയിരുന്നു set മുണ്ട് ഉടുത്തു മലയാള മങ്കിസ് ആയി  ഏതെങ്കിലും ക്ഷേത്രത്തിൽ പോകണം എന്നുള്ളത്,  അങ്ങനെ Thiruvaiyaru പോയപ്പോൾ ഞങ്ങൾ  മങ്കമാരായി.  

ആദ്യം പോയത്  അയ്യരപ്പാർ അമ്മൻ സന്നിധിയിലും ശേഷം അയ്യരപ്പാർ ശിവൻ കോവിലിലും , ഒരു വലിയ ക്ഷേത്ര സമുച്ചയം ആണ്, പാർവതി ദേവിയുടെയും മഹദേവന്റെയും ക്ഷേത്രങ്ങൾ നന്നേ വലിപ്പം ഉള്ളതും ആണ്. ഇവിടെ മഹാദേവന്റെ സന്നിധി സ്വയഭൂ ആണ്, മൺ പുറ്റാണ്, അതിനാൽ അഭിഷേകങ്ങൾ ഉണ്ടാകാറില്ല, പുജകൾ എല്ലാം അഭിഷേക ബിംബത്തിൽ ആണ് നടക്കുന്നത്. മഹാദേവന്റെ വാഹനം ആയ നന്ദിശ്വരന്റെ ജനനം ഇവിടെ ആണ് എന്ന  ഒരു വിശ്വാസംവും ഉണ്ട്.  അയ്യരപ്പാർ ക്ഷേത്രത്തെ ദക്ഷിണ കൈലാസം ആയാണ് അറിയപ്പെടുന്നത്. അയ്യരപ്പന് പഞ്ചനാഡീശ്വരൻ എന്ന നാമവും ഉണ്ട്.

അവിടുന്ന് പോയി ത്യാഗരാജ സംഗീതോത്സവം നടക്കുന്ന ആ ഭൂമിയിലേയ്ക്ക്. ത്യാഗരാജാ സ്വാമികളുടെ സമാധി സ്ഥലമായ ആ ക്ഷേത്ര ഭൂമിയിൽ. എന്നും പൂജകൾ ഇല്ല  ഇവിടെ. ഞങ്ങൾ അകത്തു കയറി എന്റെ  ഗുരുക്കന്മാരെ മനസ്സിൽ ധ്യാനിച്ചു, ഞങളുടെ സുഹൃത്തായ പ്രകാശേട്ടൻ ആണ് ഇവിടെ വരണം എന്നും കൂടെ ഒരു കീർത്തനമോ ഭജനയോ പാടണം എന്നും പറഞ്ഞിരുന്നു. അങ്ങനെ പാട്ടു ക്ലാസ്സിൽ ഞങ്ങൾ ആദ്യ സരസ്വതി ദേവിയെ കുറിച്ച് പാടുന്ന, യാ കുതെന്തു തുഷാര ഹാരധവളാ ". എന്ന് തുടങ്ങുന്ന ഒരു കീർത്തനം ആലപിച്ചു.  അവിടെ ഇരുന്നു പാടി കൂടെ ഒരു സോപാനവും, ഗുരു സ്തുതിയും. കമലയും ഒരു ചെറിയ കീർത്തനം പാടിയിരുന്നു. ശരിക്കും വേറിട്ട ഒരനുഭവം ആയിരുന്നു. പ്രകൃതി മനോഹരമായ സ്ഥലമാണ് ഇവിടം. തോട്ടു പുറകിൽ കാവേരി നദി ഒഴുകുന്നു, ഈ സുന്ദരമായ പ്രദേശത്തു ഏത്താൻ കഴിഞ്ഞതിലും  ആ എനർജി ഉൾകൊള്ളാനും കഴിഞ്ഞു, അച്ഛനാമമാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഈ സന്നിധിയിൽ എത്താൻ സാധിച്ചതും. 

ഒട്ടും പ്രതീക്ഷിക്കാതെ ലിസറ്റിൽ ഇല്ലാത്ത 3 ക്ഷേത്രങ്ങളിൽ പോയ സന്തോഷത്തിൽ, കൂടെ ചെറിയ ഒരു ദുഖവും പിറ്റേ ദിവസം മടക്ക യാത്രയും തുടങ്ങുന്നുവാണല്ലോ,  അങ്ങനെ ഞങ്ങളുടെ  തഞ്ചാവൂർ ഡേയ്‌സ് തീരുന്നു….പിറ്റേന്ന് രാവിലെ അടുത്ത യാത്ര, അടുത്ത സ്ഥലത്തേയ്ക്ക്… അപ്പോൾ വീണ്ടും കാണാം…..

യാത്ര…അവസാനിക്കുന്നില്ല..

ഒരു വിഷമത്തോടെ ആണ് ഈ ദിവസം എഴുന്നേറ്റത്, വേറെ ഒന്നും അല്ല, ഞങ്ങളുടെ മടക്ക യാത്ര  ആരംഭിക്കുന്നു, ഇനി ഒരു ദിവസം കൂടി അല്ലേ ഉള്ളൂ ഞങ്ങളുടെ ട്രിപ്പ്‌ തീരാൻ എന്നുള്ള  സങ്കടവും. പിന്നെ, ഇന്നും കൂടി അല്ലേ, തഞ്ചാവൂരിൽ complimentary breakfast കഴിക്കാൻ പറ്റു എന്ന സന്തോഷത്തിൽ 7 മണിക്ക് തന്നെ restaurant ൽ എത്തി.  അവിടെ കൊണ്ട് വച്ചിരിക്കുന്ന  items okke try ചെയ്തു, രണ്ടു ദിവസത്തിനകം നമ്മൾ തന്നെ cut fruitsഉം,  fresh ജ്യൂസും okke ഉണ്ടിവിടെ എന്ന imaginationil, ഉണക്ക ദോശയോ മറ്റോ കഴിച്ചു പാത്രവും കഴുകി നടക്കണമല്ലോ എന്ന ഒരു ഇതിൽ അവിടെ ഉള്ളതൊക്കെ വെട്ടി വിഴുങ്ങിയില്ലാ, കാരണം , ഇന്നിയും യാത്ര ആണല്ലോ…അടുത്ത ക്ഷേത്രത്തിലേയ്ക്ക്. അങ്ങനെ ബില്ല് okke settle ചെയ്തു ഹോട്ടൽ  ജ്ഞാനത്തിൽ നിന്നും തഞ്ചാവുരിൽ നിന്നും വിട  പറഞ്ഞു യാത്ര തിരിച്ചു.

 തഞ്ചാവൂരിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്തു നേരെ പോയത്  പിള്ളയാർപെട്ടി ക്ഷേത്രത്തിലേയ്ക്ക് ആണ്, കർപക വിനായക കോവിൽ എന്നും ഈ ക്ഷേത്രത്തിന്നു നാമം ഉണ്ട്. കുറെ കേട്ടിരുന്നു ഈ ക്ഷേത്രത്തെ കുറിച്ചും, അങ്ങനെ ആണ് തിരികെ വരുമ്പോൾ ഇവിടെ തൊഴാം എന്നും തീരുമാനിച്ചത്. നന്നേ വലിപ്പം ഉള്ള  ഗണപതി സ്വാമി ആണ് ഇവിടെ, ഏകദേശം 6 അടി ഉയരം ഉണ്ട് എന്നാണ് മനസിലാക്കിയത്. ഞങ്ങൾ അവിടെ എത്തി തൊഴുതു നിന്നപ്പോൾ, ഭഗവാന് സമർപ്പിക്കാൻ തേങ്ങ വാങ്ങണമല്ലോ എന്ന് പറഞ്ഞപ്പോൾ  അവിടെ നിന്നിരുന്ന ഒരാൾ വാങ്ങി തരികയും കൂടാതെ ഞങ്ങളെ അവിടെ നടയുടെ മുൻപിൽ കൊണ്ടിരുത്തി, നന്നായി തൊഴുകയും ചെയ്തു. തിരക്കൊന്നും ഇല്ലാതെ കുറെ അധികം സമയം ഭഗവാന്റെ മുൻപിൽ ഇരിക്കാനും കഴിഞ്ഞു. തിരികെ വലം വച്ചിറങ്ങിയപ്പോൾ അവിടെ നിന്ന അതെ ആള് കൂടെ വരാൻ പറഞ്ഞു, ഒരു വാതിൽ തുറന്നു, ഈ വാതിൽ ഭഗവാന്റെ വലതു വശത്താണു, അവിടെ ഉള്ള ആ വലിയ പാറയിൽ പോയി തൊട്ടു തൊഴാനും പറഞ്ഞു അദ്ദേഹം, അവിടെ ഗുഹയ്ക്കുള്ളിൽ ആണ് ഭഗവാന്റെ മൂല സ്ഥാനം. അതിനോട് ചേർന്ന് കുറച്ചു പടവുകളും ഉണ്ട്, പൂജാരി മാത്രമേ അവിടേയ്ക്ക് പൂജ ചെയ്യാൻ പോകുകയുള്ളൂ. ആരും കാണണ്ടാന്നും വേഗം തൊട്ടു തൊഴുതു അവിടുന്ന് പോകണം എന്നും കൂടി അദ്ദേഹം പറഞ്ഞു. .  അങ്ങനെ ഒരു ഭാഗ്യവും ഭഗവാൻ ഞങ്ങൾക്ക് കനിഞ്ഞു നൽകി.

പിന്നീട് ഒരു കോഫീ ബ്രേക്ക്‌ എടുത്തു ചെറിയ രീതിയിൽ ഉള്ള ഷോപ്പിങ്ങും നടത്തി അവിടുന്ന് അടുത്ത സ്ഥലം ആയ Thiruchendur kku പുറപ്പെട്ടു. ഏകദേശം 3-½ മണിക്കൂർ ആണ് പിള്ളയാർ പെട്ടിയിൽ നിന്നും Thiruchendur kku, വീണ്ടും ഗൂഗിൾ ചേച്ചി പറഞ്ഞ വഴി എടുത്തു, എന്നിട്ടും എവിടെയെക്കോ ചെറുതായി വഴി തെറ്റി അങ്ങനെ Thiruchendur  എത്തി. അവിടെ എന്റെ സുഹൃത്ത്‌ ഹോട്ടൽ റൂം അറേഞ്ച് ചെയ്തിരുന്നത് കാരണം അതും എള്ളുപ്പമായി,  ഇല്ലെങ്കിൽ മക്കളെയും Make MY TRIP App  ഒക്കെ  depend ചെയ്യണമായിരുന്നു.

Thiruchendur ക്ഷേത്രം സുബ്രഹ്മണ്യ സ്വാമി ആണ്, ആറുപടേയ് വീട് എന്ന് വച്ചാൽ സുബ്രമണ്യ സ്വാമികളുടെ 6 പ്രധാനപെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്. ഞങ്ങളുടെ ഭജനയിൽ ഒരു പാട്ടും ഉണ്ട് ആറുപടയ് വീടിനെ കുറിച്ചും, അങ്ങനെയാണ് ഈ ഒരു സങ്കല്പത്തെ കുറിച്ച് മനസിലാക്കുന്നതും. സുബ്രഹ്മണ്യ സ്വാമിയുടെ സ്ഥിരവാസം മലയിൽ ആണലോ,  അതിൽ നിന്നും വ്യത്യസ്തമായി കടൽ കരയിൽ ഉള്ള ഏക ക്ഷേത്രം ആണ് ഇവിടെ , കടൽ കര എന്ന് പറയുമ്പോഴും below sea level ആണ്. കുറെ ഏറെ മയിലുകളെ ഇതിനു മുൻപ് വന്നിട്ടുള്ളപ്പോൾ കണ്ടിട്ടുണ്ട്, വൈകിട്ടായത് കൊണ്ടാകും അവരുടെ ശബ്ദം കേട്ടെങ്കിലും ഒന്നോ രണ്ടോ മയിലുകളെ മാത്രമേ കാണാൻ സാധിച്ചൊള്ളൂ .   ആദ്യം കടൽ കരയിൽ പോയി കാലുകൾ നനച്ചു പ്രോക്ഷണം ചെയ്ത ശേഷം ആണ്  ക്ഷേത്രത്തിലേയ്ക്ക് കയറിയത്. പോയ എല്ലാ ക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും നന്നായി തൊഴാൻ പറ്റി. ഇതിനു മുൻപും ഇവിടെ വന്നിട്ടുണ്ടെങ്കിലും, ഈ പ്രാവിശ്യം ആണ് ദക്ഷിണമൂർത്തികളുടെ വിഗ്രഹം അപൂർവമായി ഉള്ളതാണ്  എന്നു മനസിലാക്കിയത്. വിഗ്രഹത്തിന്റെ ഏറ്റവും താഴെ ആമയും, പിന്നീട് ആനയും പാമ്പും, പിന്നെ മലയും അതിന് മുകളിൽ ദക്ഷിണാമൂർത്തി സ്വാമിയും പിന്നീട് മരവും അതിൽ 4 കിളികളും ആയിട്ടാണ് ഇവിടുത്തെ വിഗ്രഹം.  വള്ളി ദേവയാനിയെയും തൊഴുതു ബാക്കി ഉപദേവതകളെയും തൊഴുതു ഞങ്ങൾ അവിടുന്ന് ഇറങ്ങി. 

പിന്നീട്  കുറെ നേരം കടൽ കരയിൽ അസ്തമയവും കണ്ടങ്ങനെ  ഇരുന്നു.

അവസാന ദിവസംആണല്ലോ എന്ന ആ ദുഃഖം വല്ലാതെ  അലട്ടി കൊണ്ടിരുന്നെങ്കിലും, പോയ എല്ലാ ക്ഷേത്രങ്ങളെ കുറിച്ച് വാചാലരായിരുന്നു. എണ്ണി നോക്കുമ്പോൾ ഞങ്ങൾ 17 ക്ഷേത്രങ്ങളിൽ ആണ് പോയത്.

ഈ യാത്രയിൽ ഉടനീളം എന്റെ കുറച്ചു സുഹൃത്തുക്കളുടെ അന്വേഷണം ഉണ്ടാകാറുണ്ടായിരുന്നു എല്ലാ ദിവസവും. അതിലെ ഒരു സുഹൃത്ത്‌ വിളിച്ചപ്പോൾ  17 ക്ഷേത്രങ്ങളിൽ പോയി എന്ന് പറഞ്ഞപ്പോൾ 18 ആക്കി കൂടെ എന്ന് ഒരു ചോദ്യം, നാളെ മടക്ക യാത്ര ആണ് അത് കൊണ്ട് ഇന്നി എങ്ങോട്ടും ഇല്ലാ എന്നു പറഞ്ഞു, പക്ഷേ മനസ്സിൽ എവിടെയോ ഈ ഒരു കാര്യം അലട്ടിയിരുന്നു.  സുച്ചീന്ദ്രം അല്ലെങ്കിൽ കന്യാകുമാരി പോകണോ എന്നും ആലോചിച്ചു, പക്ഷേ പിറ്റേന്നു കമലയും സിന്ധുവും എറണാകുളത്തേയ്ക്ക് ടിക്കറ്റ്സ് ബുക്ക്‌ ചെയ്തും കഴിഞ്ഞു, അതിനാൽ  ഇനി  എങ്ങോട്ടും പോകണ്ടാന്നു തീരുമാനിച്ചു, ഞങ്ങൾ കൊച്ചു വാർത്തമാനവും പറഞ്ഞു രാവിലെ തിരിക്കേണ്ട സമയം ഫിക്സ് ചെയ്തു ഉറങ്ങി. അങ്ങനെ അഞ്ചാമത്തെ ദിവസം സമിശ്രമായി പര്യവസാനിച്ചു.

പിറ്റേന്ന് രാവിലെ ആറരയോടെ തുടങ്ങി തിരികെ നാട്ടിലേക്കു, ഡ്രൈവിങ്ങിന് ആകെ ഒരു മന്ദത, ശരിക്കും ഈ ഒരു മന്ദത എന്റെ എഴുത്തിൽ പോലും എനിക്കു തോന്നുന്നു, എഴുതാൻ ഉള്ള ഫ്ലോ പോലും ഇല്ലാതായ ഒരു feel, ഇതു എഴുതുമ്പോഴും ഇങ്ങനെ ഒരു മാനസിക അവസ്ഥ ആണെങ്കിൽ അന്നത്തെ ആ ദിവസം ഇതിലും മോശമായിരുന്നു … എന്തായാലും എഴുതി തീർക്കണമല്ലോ….നാഗേർകോവിൽ വരെ superb road,  അങ്ങനെ drive ചെയ്തു വന്നപ്പോൾ ഞങ്ങൾ പണ്ടൊരിക്കൽ പോയ ആ ക്ഷേത്രം കണ്ടതും അപ്പോൾ തന്നെ ചവിട്ടി നിറുത്തുകയും ചാടി ഇറങ്ങി തൊഴാനും പോയി. അങ്ങനെ മുപ്പന്തൽ ഇഷക്കി അമ്മൻ കോവിൽ ഞങ്ങളുടെ പതിനെട്ടാമത്തെ ക്ഷേത്രമായി. വഴി യാത്രികരെല്ലാം ഇവിടെ പൈസ ഇട്ടിട്ടു മാത്രമേ മുന്നോട്ടു  പോകുന്നുള്ളൂ എന്നതും ശ്രദ്ധയിൽ പെട്ടു. ശാന്തവും രൗദ്രഭാവത്തിലും ഉള്ള രണ്ടു ഭഗവതിമാരുടെ നടയാണ് ഇവിടെ ഉള്ളത്.

 പിന്നീട് , നാഗർകോവിൽ  എത്തി പ്രാതലും   കഴിച്ചു വീണ്ടും തിരോന്തൊരത്തേയ്ക്ക് സ്റ്റാർട്ട്‌ ചെയ്തു. ഏകദേശം 11.30 യോടെ വീട്ടിൽ എത്തുകയും, എന്റെ കുഞ്ഞി പെണ്ണ് വേദാപ്പു ഞങ്ങളെയും കാത്തിരുക്കുന്നുണ്ടായിരുന്നു, കൂടെ ഞങ്ങളുടെ  ഉണ്ണി കണ്ണനെയും കണ്ടതിന്റെ സന്തോഷം, അത് ഒന്ന് വേറെ തന്നെയാണേ!

അങ്ങനെ നിനച്ചിരിക്കാത്ത ആറു ദിവസത്തെ യാത്ര ഏകദേശം 1600 kms ഒറ്റയ്ക്കു ഡ്രൈവ് ചെയ്തതിന്റെ  സന്തോഷത്തിൽ, ഒരു കേടു പാടും ഇല്ലാതെ തിരികെ എത്തിയതിന്റെ ചാരിതാർഥ്യത്തിൽ, ഭഗവാൻ  ഉള്ളം കൈയ്യിൽ ഞങ്ങളെ സുരക്ഷിതരായി തിരികെ കൊണ്ട് വന്നെതിച്ചതിൽ ഉള്ള പ്രാർത്ഥനയും…

അടുത്ത യാത്ര ഇന്നി എന്ന് ഡ്രൈവറെ എന്നു ചോദ്യവുമായി അവർ രണ്ടു പേരും uber വിളിച്ചു കൊച്ചുവേളി സ്റ്റേഷനിലേയ്ക്ക് പോയി, കാരണം വീട് എത്തിയപ്പോൾ എനിക്കിന്നി വയ്യേ എന്ന് എന്റെ മനസ്സും ശരീരവും പറഞ്ഞു, പിന്നെ കിടന്നതു മാത്രം അറിയാം….ഇപ്പോൾ ഉടനെ അടുത്ത യാത്ര പ്ലാൻ ചെയ്യാൻ ഉള്ള energy ഇല്ലാത്തതു കൊണ്ട് ഇവിടെ നിറുത്തുന്നു.

നിറുത്തിനു  മുൻപ്  ഏറ്റവും ആദ്യം എന്റെ ഹരിയോട് ആണ് നന്ദി പറയേണ്ടത്, വിവാഹ ശേഷം എന്നെ ആദ്യം പഠിപ്പിച്ച വിദ്യ ആയിരുന്നു driving, കുട്ടികളൊക്കെ ആയതിൽ പിന്നെ responsibilities എന്റെ തലയിൽ വരുമ്പോൾ ഹരി പറയും "നിനക്ക് driving അറിയാമല്ലോ, പൊയ്ക്കൂടേ തനിയെ" എന്ന ചോദ്യത്തിനു അന്ന്  ദേഷ്യം വന്നിരുന്നു, വണ്ടി എപ്പോഴെങ്കിലും തട്ടിയാൽ പോലും പുള്ളി പറയും, വണ്ടി അല്ലെ തട്ടിയാൽ ഒരയും ചളുങ്ങുകയും ചെയ്യും, പക്ഷേ നിങ്ങൾക്കാർക്കും ആപത്തു വന്നില്ലലോ എന്ന ആ confidence ആണ് ശരിക്കും എന്റെ ഡ്രൈവിങ്ങിനുള്ള പ്രചോദനം. പിന്നെ എന്റെ TATA PUNCH, പോകുന്നതിനുനു മുൻപ് രണ്ടു സ്ഥലത്തു ഞാൻ തട്ടി scratches വരുത്തി ഇരുന്നു, തിരികെ വന്നിട്ടു നേരെ ആക്കാം എന്ന പ്ലാനിൽ പോയി, പക്ഷേ എന്റെ മയിൽ വാഹനത്തിന് പിന്നീട് ഒരു പോറൽ പോലും ഞാൻ ഏല്പിച്ചില്ല  എന്നും സന്തോഷത്തോടെ പറയട്ടെ.എന്റെ മക്കളോടും നന്ദുവിനോടും ആണ് താങ്ക്സ് പറയുന്നേ, കാറിൽ പൊയ്ക്കൂടേ എന്ന ആ ചോദ്യത്തിന്. എന്റെ driving സഹിച്ച-സ്വീകരിച്ച എന്റെ കൂടേ  ഉണ്ടായിരുന്ന ഈ മൂന്ന് പേരോടും, അവരെ തിരികെ സുരക്ഷിതരായി എത്തിക്കാനും പറ്റി എന്ന സന്തോഷം വേറെയും.

പിന്നെ ഞാൻ കാർ യാത്ര പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്ന എന്റെ എല്ലാ സുഹൃത്തുക്കളും കാറിൽ പോയി enjoy the drive എന്നു പറഞ്ഞതിനും. അതിൽ ഒരാൾ പറഞ്ഞത്, ഡ്രൈവർ ആയ ഞാൻ മാത്രമാകും  ഇത്രക്കും enjoy ചെയ്യുക, കാരണം ഡ്രൈവിങ്ങിലുള്ള ഹരം , റോഡിന്റെ ഭംഗി, പിന്നെ its a driver's paradise to drive in such beautiful road, പിന്നീട് പല സുഹൃത്തുക്കളുടെ കൈയിൽ നിന്നും കിട്ടിയ inputs, ഇതിനെല്ലാം പുറമെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച ഓരോരുത്തരും, കമലയുടെ അമ്മ ഞാൻ ക്ഷീണിക്കാതെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ടെ ഇരിക്കുകയായിരുന്നു എന്നു കേട്ടപ്പോൾ സത്യത്തിൽ എന്റെ അമ്മയും ഇതു തന്നെ അല്ലെ ചെയുക എന്നു ഓർത്തു പോയി. യാത്ര തിരിക്കുന്നതിനു മുൻപ് കേശവപുരത്തപ്പനെ തൊഴാൻ പോയപ്പോൾ തിരുമേനി എന്റെ കണ്ണന് പുജിച്ച പ്രസാദം  തന്നിട്ട് പറഞ്ഞു കഴിക്കു തളരാതെ വണ്ടി ഓടിക്കേണ്ടതല്ലേ … പിന്നെ അഞ്ചാമൻ ആയി ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ആ അദൃശ്യ ശക്തി ഇല്ലായിരുനെങ്കിൽ ഇങ്ങനെ ഒരു യാത്ര ഇത്രെയും ഗംഭീരമായി നടക്കില്ലായിരുന്നു എന്ന പൂർണ ബോധവും ഉണ്ട്.  അതെ, എന്റെ കണ്ണന്നും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടേ ഈ യാത്രയ്ക്ക് ചുക്കാൻ പിടിക്കാൻ...

ഈ ബ്ലോഗ് എഴുതി തീർക്കുന്നതിനു ഒപ്പം podcast  ചെയ്യുന്നതും കാത്തു  എന്റെ കുറച്ചു സുഹൃത്തുക്കളും ബന്ധുക്കളും നോക്കി ഇരിക്കുന്നു എന്നത് കൊണ്ട് എങ്ങനെയോക്കെയോ എഴുതി തീർത്തു എന്നു മാത്രം. എല്ലാവരോടും ഒത്തിരി നന്ദി എന്റെ ഈ ബ്ലോഗ് ക്ഷമയോടെ വായിക്കുന്നതിനും കൂടെ വായന ഇഷ്ട്ടം ഇല്ലാത്തവർ PODCAST കേൾക്കുന്നതും എന്നിക്കുള്ള പ്രചോദനം ആണ്.

ഇനിയും വരും എന്റെ ബ്ലോഗ്സ് or podcast…കാത്തിരിക്കുക……

DT










                  




Comments

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം