അവസാന യാത്ര

 മരണമെത്തുന്ന നേരത്തു 

നീ എന്റെ അരികിൽ 

ഇത്തിരി നേരം ഇരിക്കണേ….

അതെ മരണം എത്തുന്ന നേരത്തു നമ്മുടെ കൂടേ, എന്റെ എന്ന് വിചാരിക്കുന്ന ആ ഒരാൾ ഉണ്ടാകുന്നതു ഭാഗ്യം ചെയ്തവർക്ക് മാത്രം….


വിഷ്ണു പാദത്തിലേയ്ക്ക് എത്തുന്നവരെ കാണാൻ പോകുമ്പോൾ ഉണ്ടാകുന്ന മാനസിക അവസ്ഥ ഒന്ന് വേറെ തന്നെ ആണ്, അങ്ങനെ ഒരു യാത്ര ആയിരുന്നു എന്റെ കുഞ്ഞമ്മയുടെ വിയോഗം അറിഞ്ഞപ്പോൾ നടത്തിയ ഡൽഹി യാത്ര. ഒരു യാത്ര - അതെ സാധാരണത്തെ പോലെ പ്ലാൻ ചെയ്യാതെ വരുന്നതാണല്ലോ, പെട്ടന്നു ഉണ്ടാകുന്ന മരണ വാർത്തകൾ, അങ്ങനെ ആദ്യമായി പോയത് എന്റെ അമ്മയുടെ ഏറ്റവും ഇളയ സഹോദരിയുടെ നിര്യാണം അറിഞ്ഞപ്പോൾ ഡൽഹിയിലേയ്ക്ക് പോയി. യാത്രയ്ക്കുട നീളം എന്റെ ജീവിതത്തിൽ നിന്നും പോയ ഓരോ ആളുകളുടെയും വിയോഗം മാത്രമായിരുന്നു മനസിൽ. എന്റെ കൺമുൻപിൽ വച്ചു ആദ്യം പോയത് ഹരി ആണ്, ഹോസ്പിറ്റലിൽ ആയിരുന്നെങ്കിലും എപ്പോഴത്തേയും പോലെ തിരികെ വരും എന്നൊരു പ്രതീക്ഷ എവിടെയോ ഉണ്ടായിരുന്നു, പക്ഷേ… 


 ഒത്തിരി മരണങ്ങൾ കണ്ടിട്ടുള്ള എനിക്ക് വികാരം ഇപ്പോൾ കുറയുന്നോ എന്നൊരു സംശയം ഉണ്ട് അതോ ഉള്ളിൽ ഉള്ള സങ്കടം ഒതുക്കി വെച്ചിങ്ങനെ ആയതൊ? എന്തായാലും ഞങ്ങളുടെ വീട് ഒരു മരിച്ച വീടായി മാറുമ്പോൾ ഭാഗവാൻ ചിരിക്കാൻ ഉള്ള ശക്തി നൽകാറുണ്ട്. ഒരു മരണം ആദ്യമായി ഞാൻ കാണുന്നത് എന്റെ അച്ഛന്റെ അമ്മയുടെ ആണ്, അമ്മുമ്മ മരിച്ചതറിഞ്ഞു ഒരു രണ്ടു ദിവസത്തേയ്ക്കോ മറ്റോ ആണ് ഞങ്ങൾ തിരുവനന്തപുരത്തു ഉണ്ടായിരുന്നത് എന്നാണ് ഓർമ, കുറച്ചു ദിവസങ്ങൾക്കു ശേഷം അച്ഛന്റെ സഹോദരിയും മരിച്ചു, അന്ന് ഞങ്ങൾ ചന്ദ്രൻ ചേട്ടന്റെ കാറിലാണ് തിരുവനതപുരത്തേയ്ക്ക് പോയത്, മരണത്തിനു പോകുന്നു എന്നതിലും സന്തോഷം കാറിൽ ചന്ദ്രൻ ചേട്ടന്റെയും മണി ചേച്ചിയുടെയും മായ കുട്ടിയും വാവുവും ഒത്തുള്ള യാത്രയുടെ സന്തോഷമായിരുന്നു. അമ്മായിയുടെ വീട്ടിൽ ഏകദേശം രാത്രി എത്തുമ്പോൾ, ഞാൻ തിരയുന്നത് എന്റെ പ്രിയപ്പെട്ട കസിനായ മുരളി ചേട്ടനെ ആണ്, ചേട്ടനെ കണ്ടതും statue പറഞ്ഞതും ഒരു പിച്ചു കിട്ടിയതും സന്ദർഭത്തിനൊത്തു കരഞ്ഞുതും എല്ലാം ഒരുമിച്ചായിരുന്നു. മരണ വീട്ടിൽ കളിക്കാൻ പാടില്ലല്ലോ എന്ന തിരിച്ചറിവ് അന്ന് അമ്മയുടെ ആ പിച്ചിൽ നിന്നും മനസിലായി. 

 

പിന്നീട് അമ്പലപ്പുഴയിൽ എന്റെ അപ്പൂപ്പന്റെ വിയോഗം 6 ൽ പഠിക്കുമ്പോൾ, എന്റെ പിറന്നാൾ സമയം ആണ് അതിനാൽ അത്തവണ സദ്യയും കിട്ടീല്ല കൂടാതെ എന്റെ date of birth ന്റെ അന്ന് സ്ഥിരമായി ഉള്ള ചൈനീസ് ഫുഡ്‌ ഔട്ടിങ്ങും കിട്ടാത്തതാണ് അന്ന് എന്റെ ആ പ്രായത്തിലെ ദുഃഖം…. 


പിന്നീട് യാത്ര പറഞ്ഞു പോയവരൊക്കെ നല്ല ഒരു ഗ്യാപ്പിന്ന് ശേഷമായിരുന്നു. വിവാഹ ശേഷം ഇങ്ങു തിരോന്തൊരുത് എത്തിയതിൽ പിന്നെ. ആദ്യം ഹരിയുടെ ചേട്ടൻ 1997 ൽ ഒരു ഓണകാലത്താണ് പോയത്. ചേട്ടൻ മരിക്കുന്നതു തിരുവോണം കഴിഞ്ഞു അവിട്ടത്തിന്റെ അന്നു രാത്രി ആയിരുന്നു. രാത്രി തന്നെ ചേട്ടനെ കൊണ്ടുവന്നു, നിറയെ ആളുകളും ഉണ്ടായിരുന്നു, ചേട്ടനെ കിടത്തി കുറെ കഴിഞ്ഞപ്പോൾ മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി, അവസാനം കയറ്റിയ ബ്ലഡ്‌ ആയിരുന്നു വില്ലൻ പോലും, എന്തായാലും അത് തുടച്ചിരുന്നത് ഞങ്ങളുടെ സുഹൃത്തായ വിനു ആയിരുന്നു, എല്ലാവരും പല കാര്യങ്ങളും ചെയ്തു ക്ഷീണിച്ചു പല സ്ഥലങ്ങളായി ഉറങ്ങി, ഞാൻ മുകളിലത്തെ നിലയിൽ പോയി താഴേക്കു വന്നപ്പോൾ കണ്ടത് ചുവന്ന പട്ടിൽ പുതച്ചു കിടത്തിയ ചേട്ടന്റെ കൂടേ ദേ ചുവന്ന ഷർട്ടും ഇട്ടു കിടന്നു ഉറങ്ങുന്ന വിനുവിനെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആദ്യം ഒന്ന് ഞെട്ടി, പിന്നീട് അടക്കി പിടിച്ചു ചിരിച്ചു, മരിച്ച വീട്ടിൽ ചിരി നിഷിദ്ധമാണല്ലോ!(ഇന്ന് ഞാൻ ഇതു എഴുതുമ്പോൾ വിനുവും ഇല്ല) 


പിന്നീട് ഹരിയുടെ അച്ഛൻ കുറെയധികം ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം പോയി. അച്ഛൻ മരിക്കുന്ന സമയം NSS ശാസ്തമംഗലം കരയോഗം പ്രസിഡന്റും, NSS taluk യൂണിയൻ പ്രസിഡന്റുമായതനിൽ എല്ലാ ചടങ്ങും അവർ പറയുന്ന പോലെ ആയിരുന്നു, അച്ഛൻ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഒരു മണിക്കൂർ മാത്രമേ വയ്ക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷേ അങ്ങനെ ഒന്നും നടന്നില്ല എന്ന് മാത്രമല്ല അച്ഛനെ നാട് ചുറ്റിച്ചാണ് തൈക്കാട് ശമ്ശാനത്തിൽ എത്തിച്ചതും …


പിന്നീട് കുറച്ചു നാൾ ഒരു ചെറിയ ബ്രേക്ക്‌ കിട്ടി, 2007 ൽ ഒട്ടും പ്രതീക്ഷിക്കാതെ പോയത് ഞങ്ങളുടെ അച്ഛനാണ്, മക്കൾ എന്ന നിലയ്ക്ക് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തെങ്കിലും മിനിമം പരിശ്രമങ്ങൽ മതി എന്ന് ഒരുമിച്ചു തീരുമാനം എടുത്തിരുന്നു, രണ്ടു ഹാർട്ട്‌ അറ്റാക്കിൽ മെയിൻ അർട്ടറി ബ്ലോക്ക്‌ ആയതിനാൽ പൊക്കിളിനു ചുറ്റും ഇൻജെക്ഷൻ എടുത്തിരുന്നു, ഡോക്ടർസ് പറഞ്ഞത് ഡയാലിസിസ് ചെയ്താലും വലിയ മാറ്റം ഉണ്ടാകില്ല എന്നും കൂടി ആയപ്പോൾ ഒന്നും വേണ്ട എന്ന് തീരുമാനിച്ചു, അച്ഛൻ ആണെങ്കിൽ പേപ്പട്ടി കടിച്ചത് കൊണ്ടാണോ ഇങ്ങനെ പൊക്കിളിനു ചുറ്റും ഇൻജെക്ഷൻ എടുക്കണേ എന്നൊക്കെ പറഞ്ഞാണ് ആ ഒരാഴ്ച ഹോസ്പിറ്റലിൽ കഴിഞ്ഞത്, ഭക്ഷണപ്രിയനായ അച്ഛന് ഉപ്പും എണ്ണയും ഒന്നും ഇല്ലാത്ത ഭക്ഷണം ആയിരുന്നു ഹോസ്പിറ്റലിൽ നിന്നും നേൽകിയിരുന്നതെങ്കിലും, ഞങ്ങൾ അത്യാവശ്യം കൊച്ചിൻ ബേക്കറിയിലെ ഫുഡും , ഫ്രൈഡ് റിസും നൂഡിൽസും ഒക്കെ വാങ്ങി അർമാദിച്ചു . പക്ഷേ ഒരാഴ്ച കഴിഞ്ഞ് ആ ഞായറാഴ്ച അച്ഛന് മൂന്നാമത്തെ അറ്റാക്ക് വരികയും ICU യിലെയ്ക്ക് മാറ്റി, ഡോക്ടർ കംപ്ലീറ്റ് കിഡ്നി failure ആയി എന്ന് പറയുകയും ചെയ്തു. വൈകിട്ട് ഞാൻ കയറി കാണുമ്പോൾ, ഹാർട്ട്‌ ബീറ്റ് ഒന്നും മോണിറ്ററിൽ കാണുന്നില്ല, അച്ഛന് ഓർമ്മയും ഉണ്ടായിരുന്നു കൂടേ പേടിയും, കുറച്ചു വെള്ളം വേണം എന്ന് ആംഗ്യം കാണിച്ചു ഞാൻ കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഡ്യൂട്ടി നേഴ്സ് എന്നോട് പുറത്തേക്കു പോകാനും പറഞ്ഞു. അതാണ് എന്റെ അവസാനത്തെ കാഴ്ച്ച അങ്ങനെ ഒരു ഇറ്റ് വെള്ളം പോലും കൊടുക്കാൻ കഴിയാതെ ഞാൻ വെളിയിൽ ഇറങ്ങി, ഡ്യൂട്ടി ഡോക്ടർ ഇന്നി ഇല്ല എന്ന രീതിയ്ക്കു പറയുകയും ചെയ്തു, അന്ന് എനിക്ക് അച്ഛനെ മുറിയിലേയ്ക്ക് തിരികെ ഷിഫ്റ്റ്‌ ചെയൂ എന്ന് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. ശേഷം ഒരു 3 മണിക്കൂറിനു ശേഷം അച്ഛൻ ആരെയും കാണാതെ ഗുഡ് ബൈ പറഞ്ഞു യാത്ര ആയി. പലപ്പോഴും ചിന്തയ്ക്കാറുണ്ട് ആ പാവത്തിന് കുറച്ചു കൂടുതലായി ഇഷ്ടമുള്ള ഭക്ഷണവും ഒരു പേഗും കൊടുക്കാൻ സാധിച്ചിരുനെങ്കിൽ! 

അവയവ ദാനത്തിനെ കുറിച്ച് ഞാനും അച്ഛനും സംസാരിക്കുമായിരുന്നു, അത് കൊണ്ട് തന്നെ അച്ഛന്റെ കണ്ണുകൾ ദാനം ചെയ്യാൻ സാധിച്ചു, അന്ന് സോഷ്യൽ മീഡിയയുടെ അതിപ്രസരം ഇല്ലാത്തതു കൊണ്ട് അത് publicise ചെയ്യാൻ പറ്റീല എന്ന എന്റെ ഒരു സങ്കടവും കൂടി കൂട്ടി ചേർക്കുന്നു. മറ്റൊരു കാര്യം അച്ഛൻ ഞങ്ങളോട് പറഞ്ഞിരുന്നത് എവിടേ മരിക്കുന്നുവോ അവിടെ ആ സ്ഥലത്തു തന്നെ അന്ത്യകർമങ്ങൾ നടത്തണം അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു അലയ്ക്കരുത് എന്നും ആയിരുന്നു, കാരണം നമ്മൾ എവിടേ മരിക്കുന്നുവോ അവിടെ നിന്നും ആണ് നമ്മൾ യാത്ര പോകേണ്ടത് എന്നാണ് പറഞ്ഞിരുന്നത്, ഞാൻ അത് പൂർണമായും വിശ്വസിക്കുന്നു അതിനാൽ എന്റെ കുട്ടികളോടും പറഞ്ഞിട്ടുണ്ട് എവിടേ എങ്കിലും വച്ചു മരിച്ചാൽ അവിടെത്തന്നെ ബൈ പറഞ്ഞേക്കണം. അച്ഛൻ എറണാകുളത്തു വച്ചു മരിച്ചത് കൊണ്ട് ഞങ്ങൾ അമ്പലപ്പുഴയിലേയ്ക്ക് കൊണ്ട് പോയില്ല എല്ലാ ചടങ്ങുകളും ആലുവയിൽ ചേച്ചിയുടെ വീട്ടിൽ വെച്ചായിരുന്നു. 


2007 അവസാനം കുറെ വർഷം കിടപ്പിലായ എന്റെ അമ്മുമ്മയും യാത്ര ആയി. നല്ല കൂനുണ്ടായിരുന്ന അമ്മുമയുടെ ഏക സംശയം മരിക്കുമ്പോൾ നേരെ കിടക്കുമോ എന്നായിരുന്നു, എന്തായാലും കൂനിലാതെ നേരെ തന്നെ കിടന്നു എന്ന് അമ്മുമ്മ അറിഞ്ഞില്ലലോ! 


അടുത്ത ടേൺ എന്റെ സ്വന്തം ഭർത്താവിനെയിരുന്നു 2019 ൽ, ജനുവരി 1നു അഡ്മിറ്റ്‌ ചെയ്തു എപ്പോഴും ഉണ്ടാകുന്ന പോലത്തെ ചെറിയ ആരോഗ്യ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു, സാധാരണ അതിജീവിക്കും പോലെ ഇത്തവണയും രക്ഷപെടും എന്ന് വിചാരിച്ചിരുനെങ്കിലും , എന്റെ കണ്മുൻപിൽ വച്ചു ജനുവരി 3നു നമുക്കു ഓമന പേരിട്ടു വിളിക്കാവുന്ന കാർഡിയക് അറസ്റ്റ് വന്നു, പോകുകയും ചെയ്തു. ജനുവരി 7 നു 58 വയസു തികയുന്നതിനു തൊട്ടു മുൻപ്, ഒരു തരത്തിൽ പറഞ്ഞാൽ അതൊരു ഭാഗ്യം ആണ് കാരണം കോവിഡ് സമയം കണ്ടില്ല, എന്നാൽ കൊച്ചു മക്കളെ കാണാനുള്ള ഭാഗ്യം ഉണ്ടായതുമില്ല എന്നത് ഒരു സങ്കടമാണ് , അന്ന് ജാനകി 3 മാസം ഗർഭിണിയുമായിരുന്നു, അവൾക്കു നല്ല ചുമ ഉണ്ടായിരുന്നു, ഹരി പറഞ്ഞു അവളോട്‌ ചുമ മാറീട്ടു അച്ഛൻ ഐസ് ക്രീം വാങ്ങി തരാം എന്നൊക്കെ… ചില ജന്മങ്ങൾക്കു അങ്ങനെ, ചില കാര്യങ്ങൾക്കു ഭാഗ്യം കിട്ടില്ലാ എന്നാണല്ലോ!


 അടുത്ത ഊഴം ഞങളുടെ അമ്മയുടേത്. കോവിഡ് വന്നപ്പോൾ മുതൽ യാത്രകളും അമ്പലം ദർശനവും ഒന്നും ഇല്ലാത്തതിന്റെ പ്രശനം ആയിരിക്കാം എന്ന് ഞാൻ തെറ്റി ധരിച്ചു, അമ്മയുടെ കാലു വേദന.. വേണ്ട ശ്രദ്ധ കൊടുത്തോ എന്ന് പോലും പല സമയത്തും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട് അത് ഓർത്തു വിഷമിക്കാറും ഉണ്ട്.. മരുന്നുകൾ ഒന്നും വേദന 

മാറ്റുന്നില്ലായിരുന്നു, അങ്ങനെ നവംബർ 2020ൽ CT scan ചെയ്തപ്പോൾ 4th സ്റ്റേജ് കാൻസർ ആണെന്നും കൂടുതൽ ഒന്നും ചെയ്തു അമ്മയെ ഉപദ്രവിപ്പിക്കണ്ട എന്നും ഞങ്ങൾ നിശ്ചയിച്ചു, കുറച്ചു ദിവസം Pallium India യിൽ അഡ്മിറ്റ്‌ ചെയ്തു അവര് പറഞ്ഞ പോലെ നോക്കി വീട്ടിലേക്കു കൊണ്ട് വന്നു, ഒരു 10 ദിവസം ഞങ്ങളുടെ ഒപ്പം സന്തോഷായി ചിലവഴിച്ചു, “അയ്യപ്പാ അയ്യപ്പാ” എന്ന് ഒരുവിട്ട് യാത്രയായി. 


പിന്നീട് ഹരിയുടെ അമ്മയും, കോവിഡ് വന്നു ഒരു 2 ആഴ്ച കിടന്ന ശേഷം ഒരു വർഷത്തോളം വാർദ്ധക്യ സഹജമായ അസുഖം നിമിത്തം വീട്ടിൽ തന്നെ ഞങ്ങൾ എല്ലാവരും കൂടേ ഉള്ളപ്പോൾ വിഷ്ണു പാദം പുൽകി. 


എന്തായാലും ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരും ഈ ലോകത്തിൽ നിന്നും പോകണം, എന്നാൽ ഇഷ്ട്ടം ഉള്ളതൊക്കെ കഴിച്ചിട്ടു പോകാൻ അവർക്കു ഒരവസരം കൊടുത്തിരുന്നെങ്കിൽ, അതെങ്ങനെ എന്നു അല്ലെ, ഇന്നത്തെ കാലത്തു ഒരു മുറി എങ്കിലും കെട്ടാൻ ഉള്ള അവസരം പാഴാക്കാതെ ഇരിക്കുമോ അഥവാ ഡോക്ടർസ് കൊണ്ട് പോകാൻ പറഞ്ഞാലും അവനവന്റെ ആളുകളെ maximum ഉപദ്രവിച്ചു വെന്റിലേറ്ററിലും തീവ്ര പരിചരണ വിഭാഗത്തിളും അഡ്മിറ്റ്‌ ആക്കിയാലെ അവരോടു സ്നേഹം ഉള്ളൂ എന്ന് തെറ്റി ധരിച്ചു പെരുമാറുന്ന മക്കൾ മറുവശത്തും ഉണ്ട്. ശരിക്കും പറഞ്ഞാൽ ഒരു പ്രായം കഴിഞ്ഞു ഇങ്ങോട്ടില്ല എന്നറിഞ്ഞാൽ അവരെ വെറുതെ വിടുക, വിരലിൽ എണ്ണാവുന്ന ആ ദിവസങ്ങൾ വീട്ടുകാരുടെ കൂടേ കഴിയാൻ ഉള്ള കുറച്ചു സമയം. പണ്ടൊക്കെ വീട്ടിൽ ആണല്ലോ എല്ലാവരും മരിക്കുക പക്ഷേ ഇപ്പോൾ അതിനു നമ്മളും സമ്മതിക്കില്ല ഹോസ്പിറ്റലിൽ എത്തിച്ചാൽ പിന്നെ അവരും സമ്മതിക്കില്ല. ശെരിക്കും ഓരോ മരണവും കാണുമ്പോൾ ആലോചിച്ചു പോകും എന്തിനാണ് ഒരു പ്രായം കഴിഞ്ഞാൽ കഷ്ടപ്പെടുത്തണെ... ചിലരോടൊക്കെ പറഞ്ഞു പോകാറുണ്ട് വെറുതെ ഉപദ്രവിക്കല്ലേ, എന്തൊക്കെ പറഞ്ഞാലും സമയം ആകുമ്പോൾ മാത്രമേ പോകു എന്നൊക്കെ അറിയാമെങ്കിലും ആ ഒറ്റപ്പെടൽ ഒരിക്കലും നമ്മളായിട്ട് ആർക്കും ചെയ്തു കൊടുക്കരുതേ എന്ന ഒരു പ്രാർത്ഥനയുണ്ട്. ചില സമയങ്ങളിൽ ആ രോഗിക്ക് തുറന്നു പറയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആക്കി കഷ്ടപ്പെടുത്തി അവസാനം വീട്ടിൽ ഉള്ളവർക്കും മതി ആയി അവർക്കും മതി ആയി പോയി കഴിയുമ്പോൾ എന്തോ ആശ്വാസം എന്ന് അവർ പറയാതെ തന്നെ നമ്മുക്ക് മനസിലാക്കാനും കഴിയും. എന്നെ ഇങ്ങനെ ഒക്കെ എഴുതാൻ ചിന്തിപ്പിച്ചത് എന്റെ അച്ഛൻ ആശുപത്രിയിൽ ഒറ്റയ്ക്കയിരുന്നല്ലോ അവസാനം, അത് ഇന്നും എനിക്ക് ഒരു സങ്കടമാണ്! 

20-10-2024

DT

 


Comments

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം