ഉഷ ഉതുപ്പും ബബ്ലൂസ് നാരങ്ങയും പാട്ടുകാരിയും
ഞാൻ ഒത്തിരി ആരാധിക്കുന്ന ഉഷ ഉതുപ്പ് എന്ന പാട്ടുകാരിയുടെ, 'സുരാംഗണി സുരാംഗണി', എന്ന പാട്ടു എന്റെ കണ്ണമ്മയ്ക്ക് വേണ്ടി യൂട്യൂബിൽ തപ്പുന്നതിന്റെ ഇടയിലാണ് ബബ്ലൂസ് നാരങ്ങ ഓർമയിൽ വന്നത്, ഇതെന്താല്ലെ... ഉഷ ഉതുപ്പും ബബ്ലൂസ് നാരങ്ങയും! അതിനു കുറഞ്ഞത് ഒരു 35 വർഷം പുറകിലേയ്ക്കു പോകണം. എനിക്ക് ഒരു പത്ത് വയസ് പ്രായം, ആയോ, അല്ല അതിലേയ്ക്ക് ഒരു അഞ്ചു വർഷവും കൂടി ചേർത്ത് 42 വർഷം എന്നാക്കാം, പണ്ടേ കണക്ക് വീക്കാണ്.. അപ്പോൾ കാൽക്കുലേഷൻ മിസ്റ്റേക്സ്, സ്വാഭാവികം!
എന്തായാലും അന്നത്തെ ആ ദിവസം ഞങ്ങളുടെ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉഷ ഉതുപ്പിന്റെ ഗാനമേള ഉണ്ടായിരുന്നു. അന്ന് ഉഷാ ഉതുപ്പ് വലിയ പാട്ടുകാരി ആണോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങൾ ആ വർഷം ഡൽഹിയിൽ പോയപ്പോൾ വാങ്ങിയ സൽവാർ കമ്മീസ് ഒക്കെ ഇട്ട് വളരെ സ്റ്റൈലിഷായാണ് പോയത്, എന്നാണ് എന്റെ ഓർമ്മ. എന്തായാലും ഒരു നാലാമത്തെയോ അഞ്ചാമത്തെയോ വരിയിൽ സ്ഥാനം പിടിച്ചു. ഗാനമേള തുടങ്ങി, ഉഷ ഉതുപ്പ് മൈക്ക് എടുത്തു അവരുടെ ഘനഗംഭീരമായ ശബ്ദത്തിൽ സംസാരിക്കുന്നു, പിന്നീട് പാടുന്നു, എന്റെ മനസ്സിൽ അവരുടെ ശബ്ദം കേട്ടപ്പോൾ തോന്നിയത്, അയ്യോ... ഇവരെന്താ ആണുങ്ങളുടെ ശബ്ദത്തിൽ പാടുന്നേ. എന്നിട്ടു വിഡ്ഢിയായ ഞാൻ തീരുമാനിച്ചു, ആണുങ്ങളുടെ ശബ്ദം പുറപ്പെടുവിക്കുന്ന മൈക്ക് ഉണ്ടെന്നും. ഈശ്വരാ, എന്നെ സമ്മതിക്കണം..... അല്ലെ? എന്തായാലും അടുത്ത ഉഷ ഉതുപ്പ് ഞാൻ തന്നെ.... എന്ന തീരുമാനത്തിൽ പാട്ടുകൾ ആസ്വദിച്ചു കൊണ്ടിരുന്ന എനിക്കു, ദേ! തുടങ്ങുന്നു ഛർദ്ദിൽ പൂരം. വില്ലനായി അവതരിച്ചതോ മുൻപേ പറഞ്ഞ ബബ്ലൂസ് നാരങ്ങയും. വൈകിട്ട് ഗാനമേള കേൾക്കാൻ വരുന്നതിനു മുൻപേ കുറച്ചധികം വെട്ടി വിഴുങ്ങിയിരുന്നു. പിന്നീട് എന്താ സംഭവിച്ചേ എന്ന് വലിയ ഓർമയൊന്നും ഇല്ല. അച്ഛന്റെ സുഹൃത്ത് വിജയചന്ദ്രൻ അങ്കിളിന്റെ കാറിൽ 'ആ നിലവിളി ശബ്ദം ഇടൂ' എന്ന സ്റ്റൈലിൽ കൊണ്ട് പോയി ഹോസ്പിറ്റലിലേയ്ക്ക് . അങ്ങനെ ജീവിതത്തിൽ ആദ്യമായി ഡ്രിപ്പും ഇട്ടു, ഞങ്ങളുടെ സ്വന്തം JNM ഹോസ്പിറ്റലിൽ. ഇവിടെയാണ് ഞാൻ ഉൾപ്പടെയുള്ള ഭൂരിഭാഗം FACT കുഞ്ഞുങ്ങളും ജനിച്ചിട്ടുള്ളതും.
പിന്നീടാണ് ഉഷ ഉതുപ്പിനോടുള്ള ആരാധനയും എന്റെ ബാത്രൂം സിംഗിംഗും ഉഷാറായത് കൂടെ ആ മൈക്കും. ഈ ബുദ്ധി ദയവായി ആരും കടം ചോദിക്കരുത്, ബുദ്ധിമുട്ടാകും തരാൻ. എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഈ ശബ്ദം അവരുടെ സ്വരസിദ്ധമായ സ്വന്തം ശബ്ദവും ശൈലിയും ആണെന്നു ഈ പാവം ഞാൻ തിരിച്ചറിഞ്ഞത്.
ബബ്ലൂസ് നാരങ്ങയെ കുറിച്ച് ഒന്നും പറഞ്ഞില്ലലോ അല്ലെ , വേറൊന്നും നടന്നില്ല, പിന്നീട് കഴിച്ചിട്ടില്ല എന്ന് പറയാം. ഈ അടുത്താണ് കഴിച്ചു തുടങ്ങിയതും, എന്തായാലും ഇപ്പോൾ ഒരു പ്രശ്നവും ഇല്ലെന്നു കൂടി കൂട്ടിച്ചേർക്കട്ടെ.....
ഇനി എന്റെ പാട്ടിന്റെ കഥയിലേയ്ക്ക് പോകട്ടെ. സ്കൂൾ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് പാടാൻ അറിയില്ലെങ്കിലും പാടുക എന്നത്. അച്ഛൻ നന്നായി പാടുമായിരുന്നു. പക്ഷേ എന്തുകൊണ്ടോ എന്നെയും ചേച്ചിയെയും സംഗീതം പഠിപ്പിച്ചില്ല. എന്നാലും സ്കൂളിലെ പാട്ട് ക്ലാസിൽ പാടി തകർക്കും. എങ്ങനെയും സതി ടീച്ചറിനെ (ഞങ്ങളുടെ പാട്ട് ടീച്ചർ ) impress ചെയ്തു സ്കൂൾ ടീമിൽ കേറുക എന്ന ഉദേശത്തോടെ നടന്നു ടീച്ചറെ മണി അടിക്കാൻ, എന്റെ ചെരുപ്പ് തേഞ്ഞത് മിച്ചം.. ടീച്ചർ പാട്ട് ഗ്രൂപ്പിലെ ചേർക്കില്ല എന്ന വാശിയിലും, പകരം ഒപ്പനയ്ക്കും നാടകത്തിനും കൊണ്ട് ചേർത്തു. പക്ഷേ എന്റെ നിരന്തര സമ്മർദ്ദത്തിന് ഒടുവിൽ ഒരു തവണ..... ഒരേ ഒരു തവണ എന്നെ ഗ്രൂപ്പിൽ ചേർത്തു. ഏറ്റവും പുറകിൽ എനിക്ക് സ്ഥാനവും തന്നു . അന്ന് അത് വലിയ സന്തോഷമായിരുന്നെങ്കിലും പിന്നീട് മനസിലായി ഈ പാട്ട് പാടുക എന്ന ദൗത്യം എനിക്കുള്ളതല്ല എന്നും. പിന്നീടുള്ള സ്കൂൾ ജീവിതത്തിൽ ഞാൻ കലാകായിക (sorry കല ഇല്ല കായികം...... ഒരു ചെറിയ badminton player ആയിരുന്നു ) മത്സരത്തിനായി മാറ്റി വച്ചു. അതിൽ കേമി ഒന്നും ആയില്ല, കാരണം എന്നും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി Jetsy ജയിച്ചു കാണാനാണ് ആഗ്രഹിച്ചിരുന്നത്.
എന്തായാലും പാടുക എന്ന ആഗ്രഹം ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒളിഞ്ഞു കിടന്നു കുറെ കൂടി വളർന്നപ്പോൾ English പാട്ടുകളോടായി കമ്പം. Boney M, Carpenters പിന്നീട് Micheal jackson, sound of Music, കുറച്ചു ഹിന്ദി പഴയ കാല പാട്ടുകൾ അങ്ങനെപ്പോയി പാട്ടിനൊടുള്ള പ്രേമം.
ഇപ്പോൾ ഇതാ കോവിഡിന് തൊട്ടു മുൻപ് ഞങ്ങൾ NSS കരയോഗത്തിൽ ഒരു ഭജന ഗ്രൂപ്പ് തുടങ്ങി, ഗുരുവായി നിന്ന് ഞങ്ങളെ പഠിപ്പിച്ചെടുത്തു, മംഗള ചേച്ചി. ഞങ്ങളുടെ ആദ്യത്തെ പ്രോഗ്രാം മണ്ഡലം 41 ന് കരയോഗത്തിലെ ചിറപ്പായിരുന്നു. കരയോഗത്തിൽ ആണ് അരങ്ങേറ്റം കുറിച്ചതും. ചേച്ചി അന്ന് പറഞ്ഞു, ദേവി മൈക്കിന്റെ മുൻപിൽ ഇരിക്കണേ, ഈശ്വരാ ഞാനോ എന്നായി ഞാൻ, എന്തായാലും എന്റെ പഴയ ഏഴാം ക്ലാസ്സിലേ ആഗ്രഹത്തിലേയ്ക്ക് ഞാൻ തിരികെ പോയി, ബാക്കിൽ നിന്നും ഫ്രണ്ട് റൗയിലേയ്ക്ക് പ്രൊമോഷൻ അങ്ങനെ നാൽപത്തി എട്ടാമത്തെ വയസ്സിൽ ഭജന പഠിക്കുകയും അതും മൈക്കിന്റെ മുൻപിൽ പാടാൻ കഴിയുകയും....... എന്റെ കണ്ണാ.... ഒത്തിരി സന്തോഷം. എന്തായാലും അന്ന് മുതൽ എന്റെ കൂട്ടുകാർ പറയുന്നത് നീ ഒരു mike വിഴുങ്ങി ആയി പോയല്ലോ എന്നാണ്. എന്തായാലും ഇപ്പോഴും mike വിഴുങ്ങി ആയി തുടരുന്നു…..
അങ്ങനെ കോവിഡ് കാലം കഴിഞ്ഞു ഭജനകൾ പല ക്ഷേത്രങ്ങളിലായി പാടി തകർക്കുന്നു, ആദ്യമായി കഷ്ടിച്ച് ഒരു മണിക്കൂർ മാത്രം പാടാൻ തന്ന ഞങ്ങളുടെ കരയോഗത്തിൽ ഇപ്പോൾ മണ്ഡലം കാലത്തെ ചിറപ്പിനു ഞങ്ങളുടെ നമ്മാമി ശങ്കരത്തിന്റെ രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ഭജന ആണ് നടക്കുന്നത് എന്നത് മറ്റൊരു സന്തോഷം.
ശരിക്കും പറഞ്ഞാൽ ആ പഴയ ഉഷ ഉതുപ്പാകണം എന്ന ആഗ്രഹം അവിടെ തന്നെ ഉണ്ടായിരുന്നു, അങ്ങനെ ഒരു ഗായികയും ആയി എന്ന് പറയാം ഇപ്പോൾ, വിപഞ്ചിക മ്യൂസിക് club എന്നൊരു ഗ്രൂപ്പും ഉണ്ടായി, അങ്ങനെ അതിലും പാടുന്നു. പാട്ടുകൾ പ്രാക്ടീസ് ചെയ്താൽ മാത്രമല്ലെ പാടാൻ പറ്റുകയുള്ളു, ശരിക്കും ചിത്ര ചേച്ചി, ജാനകിയമ്മ, ലതാജി, എന്തിനധികം പറയുന്നു എറ്റവും എളുപ്പത്തിൽ പാടാൻ പറ്റും എന്ന് വിചാരിച്ച ഉഷ ഉതുപ്പിന്റെ പാട്ടുകൾ എല്ലാം അവർ പാടിയതിന്റെ ഒപ്പം പാടുമ്പോൾ അവരെ കാട്ടും നന്നായി ആണല്ലോ ഞാൻ പാടുന്നത് എന്നായിരുന്നു വിചാരിച്ചിരുന്നു, പക്ഷേ സത്യാവസ്ഥ തിരിച്ചറിഞ്ഞത് കരോക്കേയുടെ കൂടേ പാടുമ്പോൾ മാത്രം.. എഴുതുന്നത് വായിക്കുന്നവരുടെ വിധി എന്ന് പറയുന്നത് പോലെ പാടുന്നതു കേൾവിക്കാരുടെ വിധി എന്നുമാത്രം പറഞ്ഞു കൊണ്ട്….
23-10-2024
Comments