Fist Bum
ഒരു ബല്ലാത്ത ഹെഡിങ് ആണെന്ന് വിചാരിക്കും അല്ലേ, എന്തായാലും കഥ പുറകെ…
ഈ ഒരു ടോപ്പിക്ക് എഴുതാൻ തന്നെ കാരണം, ഇപ്പോഴത്തെ പിള്ളേരുടെ ഇടയിൽ ഉള്ള ഡയലോഗ്സ് എല്ലാം ഷോർട് കട്ട് പ്രയോഗങ്ങൾ ആണല്ലോ, പിള്ളേര് മാത്രമല്ല സോഷ്യൽ മീഡിയ വന്നതോടെ എല്ലാം ഷോർട് കട്ട് ആണ്. എന്നാലും പിടിച്ചു നിൽക്കാൻ വേണ്ടി കുറെ ഒക്കെ പഠിച്ചെടുത്തു എന്ന് പറയാമെങ്കിലും മറന്നും പോകും. എനിക്കാണെങ്കിൽ ആ ഭാഷ ട്യൂബ് ലൈറ്റ് പോലെയും ആണ്, എന്നാലും കൂടെ പിടിച്ചു നിൽക്കാൻ വേണ്ടി ഗൂഗിൾ ചേച്ചിയുടെ സഹായം എടുക്കും. ആരോടും പറയില്ല കാരണം നമ്മുടെ വില കളയാൻ പാടില്ലലോ.
ഈ ഷോർട് കട്ട് പ്രയോഗം ആലോചിക്കാൻ കാരണം എന്റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനു പറ്റിയ അബദ്ധം കാരണം ആണ്, ഞങ്ങളുടെ പോക്കിരീ ഗ്രൂപ്പിൽ WTF എന്ന് ഒരാൾ പ്രയോഗിച്ചു, ദേ നമ്മുടെ സുഹൃത്ത് ഗൂഗിൾ ചേച്ചിയോട് ചോദിക്കാതെ മകനോട് പോയി ചോദിച്ചിരിക്കുന്നു, അതിൽ “F” പ്രയോഗം ഇന്നാട്ടിലെ പട്ടിയ്ക്കും പൂച്ചയ്‌ക്കും വരെ അറിയാവുന്ന കാര്യമാണല്ലോ എന്നതാണ് നമ്മുടെ ഒരു ഇതു, പക്ഷേ സത്യം പറയാല്ലോ കുറച്ചു IQ കുറവുള്ള എന്നെ പോലെ ഉള്ളവർ ഗൂഗിൾ ചേച്ചിയോടാണ് ചോദിച്ചു മനസിലാക്കാറുള്ളത്. , , പിന്നെ ആ പേരും പറഞ്ഞു ഞങ്ങൾ പാവത്തിനെ കളിയാക്കി കൊന്നു.
എന്തായാലും ഈ ‘Abbreviations’ കണ്ടു പിടിച്ചവരെ ഏതെങ്കിലും മാരകായുദ്ധം ഉപയോഗിച്ചു ഇല്ലാണ്ടാക്കാൻ പറ്റിയെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു, പഠിക്കുന്ന കാലത്തു. കെമിസ്ട്രി, ഫിസിക്സ് എന്ന് വേണ്ട മിക്കവാറും ഉള്ള എല്ലാ വിഷയങ്ങളിലും ഈ ഷോർട് കട്ട് പ്രയോഗം ഉണ്ടല്ലോ, ഒന്നില്ലെങ്കിൽ ഷോർട് ഫോംസ് ഇല്ലെങ്കിൽ പിന്നെ അതിനെ വലിച്ചു നീട്ടുകയും വേണം. എന്റെ കാര്യത്തിൽ സയൻസും ഞാനും നല്ല ചേർച്ച ആയതിനാൽ ഒന്നും മനസിലാകാറില്ലായിരുന്നു. H2O അതെ നമ്മുടെ വെള്ളം, ഹൈഡ്രജന്റെ രണ്ടു പാർട്ടും ഓക്സിജൻ ഒന്നും, ഇതു ഒന്ന് മനസിലാക്കാൻ എന്റെ ജലദൈവങ്ങളെ ഞാൻ പെട്ടപാട്! പിന്നെ ബാക്കി CO2 എന്ന carbon dioxide ദേ വരുന്നു 2 ഇല്ലാത്ത വെറും CO എന്ന carbon monoxide എന്താ കൺഫ്യൂഷൻ.. അങ്ങനെ എങ്ങനെയോ പഠിച്ചു എന്നോ പഠിപ്പിച്ചെടുത്തു എന്നും പറയാം. കുറച്ചെങ്കിലും എന്റെ തലയിൽ ഇന്നും നില്ക്കുന്നുണ്ടെങ്കിൽ അത് ഞാൻ പഠിച്ച ശാന്തിനികേതൻ ട്യൂഷൻ സെന്ററിലെ വേണു SIR കാരണം മാത്രം.
എന്തായാലും 9 ൽ പഠിക്കുമ്പോൾ എന്റെ കസിൻ മണി ചേച്ചി അമ്മയോട് പറയുന്നത് കേട്ടു അവളെ എഞ്ചിനിയർ ആക്കണം. മണി ചേച്ചി KSEB യിൽ എൻജിനിയർ ആണ്, കേട്ടപ്പോൾ എനിക്കും തോന്നി എന്ത് കൊണ്ടായിക്കൂടാ, അപ്പോൾ തന്നെ പണിയും തുടങ്ങി, സ്റ്റഡി ടേബിളിൽ ഇരിയ്ക്കുന്ന നൈറ്റ് ലാമ്പ് അഴിച്ചു, എൻജിനിയർ ആകും എന്ന് സ്വപ്നം കണ്ട ഞാൻ അഴിച്ചു വെച്ച ആ ITEM തിരികെ നേരെ ആക്കാൻ കുറച്ചധികം ബുദ്ധിമുട്ടി, പിന്നെ അത് കഴുത്തു ഒടിഞ്ഞ പരുവത്തിൽ തൂങ്ങി കിടന്നതോടെ കുറെ ചീത്ത കേട്ടത് മിച്ചം. അതോടെ എന്താണ് ഈ എഞ്ചിനീയറിംഗ് എന്ന് പോലും മനസിലാകാത്ത ഞാൻ സയൻസ്സും കണക്കും വേണ്ടേ വേണ്ട എന്ന് ശപഥം എടുത്തു. എന്തായാലും പത്താം തരം പാസായിട്ടാകാം ഇനി എന്ത് എന്ന് ചിന്തിക്കുന്ന കാര്യം…അങ്ങനെ പത്താം ക്ലാസ്സ് ആയപ്പോൾ ദേ വരുന്ന അടുത്ത ഗുലുമാൽ, അത്രെയും വർഷം SSLC ആയിരുന്ന പത്താംതരം ഞങ്ങളുടെ സമയത്ത് അതായത് 1987 ൽ വെറും SSC ആക്കി നമ്മുടെ സ്വന്തം ആന്റണി SIR, 1987 ൽ പാസായവർക്ക് ഒരു “L” കൂടുതൽ ആണെന് തോന്നിയിരിക്കാം. എന്തായാലും വേറിട്ട ഒരു ബാച്ചിനെ വാർത്തെടുക്കാൻ കഴിഞ്ഞു ആ “L” ഇല്ലാത്ത ഞങ്ങളെ. അങ്ങനെ CO2 വും H2O വും (ഇപ്പോഴും ഇതിനപ്പുറം എഴുതാൻ എനിക്കറിയില്ല എന്നതു മറ്റൊരു കാര്യം ) വേണ്ടാന്നു വച്ചു 4 ത് ഗ്രൂപ്പിലേക്ക് തിരിഞ്ഞു, ഒരു CA അല്ലങ്കിൽ ICWA അല്ലെങ്കിൽ മിനിമം ഒരു ബികോം ഡിഗ്രി എന്നൊക്കെ ആയിരുന്നു സ്വപ്നം..സ്വപ്നം ഇന്നും സ്വപ്നമായി കിടക്കുന്നു എന്ന് മാത്രം..എന്തായാലും ആ കഥയ്ക്ക് ഇവിടെ ഇപ്പോൾ പ്രസക്തി ഇല്ല..
അങ്ങനെ കാലം കടന്നു, കല്യാണം കഴിഞ്ഞു കുട്ടികളുടെ പഠന കാലത്തു അവരുടെ അമ്മയുടെ സ്കൂൾ പഠിത്തതിന്റെ ബുദ്ധിമുട്ടുകൾ അറിയിക്കാതെ അവരെ വളർത്തി. കൂടേ ചുരുക്കെഴുത്തുകൾ എന്നെ വീണ്ടും അല്ലട്ടിയെങ്കിലും ആ കടമ്പയും കഴിഞ്ഞു എന്ന സമാധാനത്തിൽ ഇരിക്കുമ്പോൾ, ദേ വരുന്നു എന്റെ ഇളയ സന്താനം അഞ്ജലി പഠിത്തം കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി അന്വേഷിക്കുന്ന കാലം. അവളുടെ ആദ്യത്തെ ഇന്റർവ്യൂ, നമ്മൾ ഇവിടേ ജോലി കിട്ടണേ തൊഴിൽ ദൈവങ്ങളെ എന്നുള്ള പ്രാത്ഥനയിൽ ഫോൺ വരുന്നതും നോക്കി ഇരുപ്പും, കാത്തിരുന്ന കാൾ വന്നു അവൾ കഥ പറഞ്ഞിട്ട് പറഞ്ഞു ജോലി ഉറപ്പായി, അപ്പോൾ എന്റെ വക അതെങ്ങനെ നീ ഉറപ്പാക്കും അപ്പോയ്ന്റ്മെന്റ് ലെറ്റർ തന്നോ എന്നായി ഞാൻ, അപ്പോൾ ദേ വരുന്നു റിപ്ലൈ അമ്മ മാനേജർ FIST BUM തന്നു, ഞാൻ ഒന്ന് ഞെട്ടി, എന്റെ ഭഗവാനെ എന്ന് ഉള്ളാലെ ഞാൻ ഒന്ന് വിളിച്ചു പോയി, അത് എന്താണാവോ ഈ FIST BUM, ഞാൻ ആണെങ്കിൽ ആവിശ്യം ഇല്ലാത്ത എല്ലാ വിധ അശ്ലീലങ്ങളും ആലോചിച്ചു. പക്ഷേ, എന്റെ അഭിമാനം, അവളോട് ചോദിച്ചില്ല, ഫോൺ കട്ട് ചെയ്തു നേരെ വിളിച്ചു എന്റെ സുഹൃത്ത് നീത്തയെ, എന്തായാലും പ്രാർത്ഥിക്കാൻ ഏല്പിച്ചിരുന്നു അപ്പോൾ സന്തോഷ വാർത്ത അറിയിക്കുകയും ആകാലോ കൂടേ ഇതും ചോദിക്കാം, എന്തായാലും എന്റെ അത്രെയും പൊട്ടി അല്ല എന്ന് തെളിയിച്ചു കാര്യം പറഞ്ഞും തന്നു. ഈ മുഷ്ടി മുഷ്ടി തൊടൽസ് ആണ് പോലും ഈ BUM അല്ലാതെ…എന്റെ ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ പറഞ്ഞപോലെ അല്ല കാര്യങ്ങൾ എന്ന് മനസിലാക്കിയപ്പോൾ മാത്രം ആണ് എന്നിക്കു സമാധാനം ആയതു…
നീത്തയുടെ പൊട്ടത്തരം എന്ന് പറയാനും ഒരു കാരണം ഉണ്ടേ..നീത്തയും ഞാനും കൂടി ബാംഗ്ലൂരിൽ കറങ്ങാൻ പോയ ഒരു ദിവസം. ഉച്ചയ്ക്ക് ഭക്ഷിക്കാൻ ചൈനീസ് ഇഷ്ടമുള്ള ഞങ്ങൾ Mainland china എന്ന ഹോട്ടലിൽ കുറച്ചു സ്റ്റൈലിൽ ചെന്നിരുന്നു, വൈറ്റെർ വെള്ളം കൊണ്ട് വന്നു, എന്നിട്ടു എന്തോ പറഞ്ഞു, അത് മനസിലാക്കാതെ ഞങ്ങൾ വാചകം അടിയിൽ മുഴുകി ഇരിന്നു.. ഞങ്ങൾ പിന്നെ വാചകമടിയിൽ PHD എടുത്തവർ ആയതിനാൽ വൈറ്റെർ ഓർഡർ എടുക്കാൻ വന്നില്ല എന്ന കാര്യം മനസിലാക്കിയത് വയർ siren മുഴക്കിയപ്പോൾ മാത്രം ആണ്. ആരും വന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ തമ്മിൽ പറഞ്ഞു, ഞങ്ങൾ എന്താ ഗ്ലാമർ ഇല്ലാത്തവരായത് കൊണ്ടാണോ ആരും വരാത്തെ എന്നൊക്കെ, അവസാനം ഒരുത്തനെ വിളിച്ചു ചോദിച്ചു ഓർഡർ പ്ലീസ്, അപ്പോഴല്ലേ പറയുന്നെ menu കാണാണമെങ്കിൽ സ്കാൻ ചെയ്യണം പോലും, ദേ കിടക്കുന്നു, “വീണിതല്ലോ കിടക്കുന്നു ധരണിയിൽ” എന്ന പോലെ.. മൊബൈൽ തിരിച്ചും മറിച്ചും പിടിച്ചു നോക്കിയിങ്കിലും ഒന്നും നടന്നില്ല ..അങ്ങനെ സ്റ്റൈൽ ഒക്കെ മാറ്റി വച്ചു ആ മാനേജർനെ വിളിച്ചു ചമ്മിയ മുഖത്തോടെ പറഞ്ഞു ഞങ്ങൾക്ക് ഇമ്മാതിരി ഉള്ള ടെക്‌നിക് പിടിയില്ലാട്ടോ ..അതും വെറുമൊരു ഒരു ചിക്കൻ നൂഡിൽസ് കഴിക്കാൻ വേണ്ടി ആയിരുന്നു ഈ പെടാപാട് പെട്ടതും…അത് മറ്റൊരു കഥ എന്നാലും ഇവിടേ കൂട്ടി ചേർത്തൂനെ ഉള്ളൂ, ആളെ നന്നായി മനസിലാക്കാൻ വേണ്ടി ആണെ …
ഇതു പോലെ ആണ് മറ്റൊരു കൺഫ്യൂഷൻ പിടിപ്പിക്കുന്ന സാധനം.. ഈ ETA എനിക്കു അത് എപ്പോഴും EAT ആണ്. ഗൂഗിൾ മാപ്പിൽ ETA എത്ര എന്ന് ചോദിക്കുമ്പോൾ ഭക്ഷണം കഴിക്കേണ്ട സമയവും പറയുമോ എന്നായിരുന്നു എന്റെ കൺഫ്യൂഷൻ...
എന്തായാലും ഒരു കാര്യം മനസിലായി, സ്കൂളിലാണെങ്കിലും വയസാകുമ്പോഴും ഈ ചുരുക്കേഴുത്തു നമ്മളെ വിട്ടു പിരിയില്ല, അത് വേട്ടയാടി കൊണ്ടേ ഇരിക്കും എന്ന പരമാർത്ഥത്തോടെ , പക്ഷേ പിടിച്ചു നിൽക്കണ്ടേ ഇല്ലെങ്കിൽ ഈ “FOMO” ഒന്നാമത് വയസായി വരുന്നു അപ്പോൾ ഈ ഒരു അവസ്ഥയും കൂടി പിടിപെട്ടാലോ…ഹോ ചിന്തിക്കാൻ കൂടി വയ്യേ!
അപ്പോഴേ എന്റെ എഴുത്ത് ആദ്യം വായിച്ചു അക്ഷരതെറ്റ് തിരുത്താൻ കൊടുക്കുന്ന എന്റെ ചേച്ചിയുടെ ചോദ്യം, എടീ ഈ ETA എന്താ, FOMO എന്താ?? അതിനാൽ എന്റെ ചേച്ചിക്കും അത് പോലെ ഉള്ള മണ്ടന്മാർക്കും അല്ല ബുദ്ധിജീവികൾക്കും വേണ്ടി മാത്രം കുറച്ചു ചുരുക്കേഴുത്തിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു:
FOMO- Fear Of Missing Out
ETA- Estimated Time of arrival
IDK - I don't know (അടുത്ത കൺഫ്യൂഷൻ തരുന്ന സാധനം ആണ് )
ASAP- AS SOON AS POSSIBLE (ഇതു എന്നിക്കു കാണാതെ അറിയാമേ )
AFK- AWAY FROM KEYBOARD ( ആയിക്കോട്ടെ )
IMO -In My Opinion (ആർക്കാണ് അത്യാവശ്യം അല്ലെ )
OOTD - Outfit Of The Day (എന്തെരോ എന്തോ! വീണ്ടും പൊക്കിരീ ഗ്രൂപ്പിൽ സന്ധ്യ ഓഫീസിൽ പോകുന്ന സമയം ഇട്ട ഒരു ഡ്രെസ്സിന്റെ photo ഇട്ടപ്പോൾ കൂടേ OOTD എന്ന് ഇട്ടിരുന്നു, അപ്പോൾ വീണ്ടും കൺഫ്യൂഷൻ)
DIY- Do It Yourself (ഇതെപ്പോഴും Die ആണ )
RSVP-Respond, if you please (എല്ലാ കല്യാണ കാർഡുകളിലും കാണുന്ന വില്ലൻ, ആരെങ്കിലും റെസ്പോണ്ട് ചെയ്യാറുണ്ടോ എന്തോ!)
FYI- For Your Information ( ഞാൻ ആദ്യം മനസിലാക്കിയത് Family എന്നായിരുന്നു )
WTF - What The F… ( ഈ F പ്രയോഗം ആയിരുന്നല്ലോ ഈ ടോപ്പിക്ക് എഴുതാനും കാരണം.. എന്തായാലും ഈ WTF കാണുമ്പോൾ പണ്ട് ഹരി ടെലിവിഷനിൽ കാണാറുള്ള WWF ചാനലിലെ ഗുസ്തി ആണ് ഓർമ വരിക )
എന്തായാലും നിറുത്തുന്നു ബാക്കി മനസിലാക്കേണ്ടവർ നമ്മുടെ സ്വന്തം ഏടത്തി ഗൂഗിൾ ചേച്ചിയോട് ചോദിക്കുക….
DT
11-09-2024
Comments