നൈനിറ്റാൽ യാത്ര part 2 -Mahavtar Babaji Cave
മാർച്ച് 18, യാത്ര തുടങ്ങുമ്പോൾ മുതൽ കാത്തിരുന്ന ആ ദിവസം എത്തി.
Mahavatar Babaji:
ബാബാജിയെ കുറിച്ച് ആദ്യമായി വായിക്കുന്നത് എന്റെ നാൽപതുകളിൽ, “An autobiography of a yogi“ പരമഹംസ യോഗാനന്ദയുടെ പുസ്തകത്തിലൂടെയാണ്. ഇന്നും വളരെ അധികം പ്രചാരത്തിൽ ഉള്ളതാണ് ഈ പുസ്തക. പിന്നീട് Shri M ന്റെ ജീവചരിത്രത്തിലും ബാബാജിയുടെ ദർശനം അദ്ദേഹത്തിന് ലഭിച്ചതായും പരാമർശിച്ചിട്ടുണ്ട്. ലാഹരി മഹാശയന്റെ ഗുരുവാണ്, ക്രിയ യോഗ ഇദ്ദേഹത്തിലൂടെ ആണ് പ്രചാരത്തിൽ വന്നിട്ടുള്ളതും.
ഒരു നിമിത്തം പോലെ എന്റെ കസിൻ മോളി ചേച്ചി ബാബാജിയുടെ ഒരു ഫോട്ടോ തന്നിരുന്നു, ആരാണ് എന്ന് മനസിലായതും ഇല്ല എന്നത് മറ്റൊരു സത്യം. ഈ യാത്ര പ്ലാൻ ചെയ്തപ്പോൾ “An autobiography of a yogi“ പൊടി തട്ടിയെടുത്തെങ്കിലും വായിച്ചു തീർക്കാൻ സാധിച്ചില്ല. 2005 വരെയും ഇദ്ദേഹത്തിന്റെ ദർശനം ലഭിച്ചവർ ഉണ്ടെന്നു പറയുന്നു. എന്തയാലും ബാബാജി ഗുഹയിലേക്കുള്ള യാത്ര രാവിലെ 6.30 യ്ക്ക് ഭിംതാളിൽ നിന്നും ആരംഭിച്ചു. ഏകദേശം 4 മണിക്കൂർ യാത്രയുണ്ട് ദ്വാരഹട്ടിലെ ബാബാജി ഗുഹയിലേയ്ക്ക്. ഓരോ മലകളായ മലകൾ കടന്നു പോകുമ്പോൾ ചുവന്ന പുഷ്പങ്ങളാൽ അലങ്കരിച്ചു നിൽക്കുന്ന ഹിമാലയൻ മല നിരകളെ കണ്ടു പോയിരുന്നു. ഒട്ടനേകം വൃക്ഷങ്ങളും സുന്ദരമായ പൂക്കളും കണ്ണ് കുളിർക്കെ കണ്ടുള്ള മനോഹരമായ യാത്ര ആയിരുന്നെങ്കിലും ഓരോ മല നിരകൾ കഴിയുമ്പോഴും ഭയം ഉളവാക്കും എന്ന് പറയാമെങ്കിലും ഭയം ഒന്നും തോന്നിയിരുന്നില്ല എന്നത് മറ്റൊരു സത്യം.
യാത്രാമദ്ധ്യേ മഞ്ഞണിഞ്ഞ ഹിമാലയൻ മലനിരകളുടെ സൗന്ദര്യം ആദ്യമായി അങ്ങ് അകലെ കണ്ടപ്പോൾ ഡ്രൈവറോട്, ghaadi rokko എന്നും പറഞ്ഞു photo ഭ്രാന്തരായ ഞാനും സജിത്ജിയും ചാടി ഇറങ്ങി. ഈ സ്ഥലം ആർമി ആസ്ഥാനമായ റാണി ഘട്ട് ആണ്. അവിടെ അടുത്തുള്ള ചെറിയ ഒരു ചായ പീടികയിൽ നിന്നും നല്ല Ajrak ചായയും പ്രാതലും കഴിച്ചു, അവിടുന്നുള്ള പ്രകൃതി ഭംഗി കുറെ നേരം ആസ്വദിച്ചു. ആ കടക്കാരൻ അവിടുന്ന് കാണുന്ന ഭാഗീരഥി കൊടുമുടി മുതൽ നന്ദകൊട്ട് കൊടുമുടി വരെ നീളുന്ന ഹിമാലയം നിരകളാണെന്നും പറഞ്ഞു തന്നു. ആ മലനിരകളുടെ ഇടയിൽ ബാബാജി തപസ്ഷ്ഠിച്ചതായും ഉള്ള വിവരം ആ bhaiyya പറഞ്ഞു തന്നു.
അവിടുന്ന് Hotel Mayank Resort, Dwarahat ൽ check in ചെയ്ത ശേഷം രണ്ടു ജീപ്പിലായി ബാബാജി ഗുഹയിലേയ്ക്കുള്ള യാത്ര തിരിച്ചു. പോകുന്ന വഴി മഞ്ഞണിഞ്ഞ മലകളെ കുറച്ചു കൂടി അടുത്ത് കാണുവാൻ സാധിച്ചു, വഴിയിൽ ഒരു സ്ഥലത്തു കാർ നിറുത്തി ഞങ്ങളുടെ ഗൈഡും ഡ്രൈവറുമായ രാഹുലും മോഹനും മലനിരകളുടെ ഇടയിൽ കണ്ട ആ ചുവന്ന സുന്ദരികളായ ബുരാഷ് പൂക്കൾ പറിച്ചു തന്നു. ഈ പൂക്കൾ നമ്മുടെ ചെമ്പരത്തി പ്പൂവിന്റെ ഗണത്തിൽ പെട്ടവയാണ്, ഈ പുഷ്പങ്ങൾ കൊണ്ടുള്ള juice ഞങ്ങൾ ആദ്യം താമസിച്ച ഹോട്ടലിൽ വെൽക്കം ഡ്രിങ്ക് ആയി തന്നിരുന്നു.
അങ്ങനെ ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്തു കുക്കുച്ചിന എന്ന ആ കൊച്ചു ഗ്രാമത്തിൽ എത്തി. ട്രക്കിങ്ങിനു വേണ്ടി സന്നദ്ധരായി താഴെ ഭൂമിദേവിയെ തൊഴുതു അനുഗ്രഹം വാങ്ങി ഞങ്ങൾ 10 പേരും നടക്കുവാൻ തുടങ്ങി. എവിടേ നിന്നോ ഒരു നായ ഓടി കൂടി, ഞങ്ങളുടെ കൂടേ, 3 മീറ്റർ മാത്രം ഉള്ള ഒരു ചെറിയ വഴിയിൽ കൂടി ഉള്ള കയറ്റം ഞങ്ങൾ വളരെ സാവധാനം കയറി ആയിരുന്നു നടന്നതും. ആ തണുപ്പും പ്രകൃതി ഭംഗിയും കാറ്റിന്റെ ശബ്ദവും ഒക്കെ ആസ്വദിച്ചു ഒന്നര മണിക്കൂർ കൊണ്ട് ആദ്യം Mahavatar Smrithi Bhavan ൽ എത്തി ബാബാജിയുടെ വലിയ ചിത്രത്തിന് മുൻപിൽ കുറച്ചു സമയം ഇരുന്നു. ശേഷം ഒരു 200 മീറ്റർ മുകളിലേക്കു ബാബാജി തപസ്സിരുന്ന ആ ഗുഹയിലേയ്ക്ക് കയറി. 12 പേർക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ഗുഹയാണ്, അവിടെ ഒരു ഭാഗം അടച്ചിരിക്കുകയാണ്. കുറച്ചു സമയം അവിടെ ഇരുന്ന ശേഷം വെളിയിൽ ഇറങ്ങി കുറച്ചു കൂടി മുകളിലേയ്ക്കു കയറി, ബാബാജി ഗുഹയുടെ തുടക്കം ഇവിടെയാണ്. ശരിക്കും പറഞ്ഞാൽ എന്റെ അഞ്ചു അടി 6 ഇഞ്ച് പൊക്കത്തിനും മുകളിലേയ്ക്കുള്ള പാറയിലേയ്ക്ക് കയറിയാൽ മാത്രമേ ഈ ഗുഹാമുഖത്ത് എത്താൻ കഴിയു. കയറുക അസാധ്യം പക്ഷേ എങ്ങനെയോ കയറി, കൂടേ ഉള്ള ഗൈഡ് രാഹുലിന്റെ സഹായത്തോടെ വലിഞ്ഞു കയറി. പിന്നീട് സജിത്ജിയുടെയും രാധുവിന്റെയും സഹായത്തോടെ ഗുഹാ മുഖത്ത് ഇരുന്നു അകത്തേക്ക് കാണുവാനും സാധിച്ചു. അവിടെ ഇറങ്ങാൻ സാധിക്കില്ല പക്ഷേ ഉള്ളിലോട്ടു mobile വെളിച്ചത്തിന്റെ സഹായത്തോടെ കാണുവാൻ സാധിച്ചു. കുറച്ചു സമയം അവിടെ ഇരുന്നു, തിരികെ എല്ലാവരുടെയും സഹായത്തോടെ ഇറങ്ങി രാഹുലിന്റെ കൈകളിൽ പിടിച്ചു എന്നെ കയറ്റിയ സന്തോഷം പങ്കിടുമ്പോൾ എന്റെ ഹാർട്ട്ബീറ്റ് അവിടം മുഴുവൻ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു എന്നും പറഞ്ഞു രാഹുൽ ചിരിക്കുകയും ചെയ്തു… അവിടെ വരെ എത്താൻ പറ്റിയ സന്തോഷത്തിൽ ഞങ്ങൾ ഒരു പടവും പിടിച്ചു പിച്ച വച്ചു താഴോട്ടേക്ക് ഇറങ്ങുവാൻ തുടങ്ങി. കൂടേ ഞങ്ങളുടെ ഒപ്പം കൂടിയ ശ്വാനനും. താഴേക്കു ഇറങ്ങുമ്പോൾ മുൻപേ നടന്ന ലീല ചേച്ചി അവിടെ നിന്നു പറയുന്നു, ‘പോകു പോകു, പോകൂന്നേ’ എന്നും പറഞ്ഞു നിൽക്കുന്നു, നോക്കുമ്പോൾ ആഹാ ഒരു കുഞ്ഞൻ പാമ്പ്, അതിന്റെ വാസ സ്ഥലത്തേയ്ക്ക് പറഞ്ഞു വിട്ട് ഞങ്ങൾ വീണ്ടും വച്ചടി വച്ചടി നടന്നു.
തിരികെ ഇറങ്ങി ഭൂമി ദേവിയെ തൊട്ടു തൊഴുത് കാറിൽ കയറുന്നത് വരെ കൂടേ ഉണ്ടായിരുന്ന ഞങ്ങളുടെ സഹചാരി, അപ്പോഴേക്കും എങ്ങോട്ടൊ പോയി മറഞ്ഞിരുന്നു.
ഏകദേശം 4 മണിക്കൂർ എടുത്തു ഞങ്ങളുടെ ഈ യാത്ര.അവിടുന്ന് ദ്രോണഗിരിയിലേയ്ക്ക്, ഉച്ചയൂണ് കഴിക്കാത്ത ഞങ്ങൾ ആക്രാന്തം പിടിച്ചു റോട്ടിയും ചാവലും പിന്നെ എന്നും കിട്ടുന്ന ഡാലും പനീറും അകത്താക്കി, ഒരു ചൂട് അധ്രക്ക് ചായയും കുടിച്ചു അടുത്ത പ്രയാണത്തിലേയ്ക്ക്.
തൊട്ടടുത്തു തന്നെയുള്ള ദ്രോണഗിരി ക്ഷേത്രം : മറ്റൊരു ശക്തി പീഠം ആണ് ഇവിടം. സതി ദേവിയുടെ കാൽ വിരലുകൾ പതിഞ്ഞ സ്ഥലം, കൂടാതെ ഹനുമാൻ സ്വാമി ദ്രൂണ പർവതത്തിൽ നിന്നും മൃതസഞ്ജീവനി കൊണ്ട് പോകുമ്പോൾ മുകൾ ഭാഗം അടർന്നു വീണതും ഇവിടെ എന്നാണ് അവിടെ ഉള്ളവർ പറഞ്ഞത്. ദ്രൂണ പർവതം ബദരീനാഥ് ഭാഗത്തു ആണ് സ്ഥിതി ചെയ്യുന്നതും.
എന്തായാലും ഞങ്ങൾ 500 പടികളോളം കയറാൻ തുടങ്ങി, നിന്നും ഇരുന്നും ദീർഘശ്വാസം വലിച്ചും ഒക്കെ ആ യാത്ര തുടങ്ങി, പത്തു പടികളോളം കയറുമ്പോൾ വലിയ വലിയ മണികൾ ഉണ്ട്, ഒരോ സ്ഥലത്തും മണി അടിച്ചടിച്ചാണ് കയറിയതും. അങ്ങനെ കയറി ചെന്നിരുന്നു കുറച്ചു സമയം, പിന്നീട് വീണ്ടും ദേ കിടക്കുന്നു അടുത്ത കുറച്ചു പടവുകൾ, അങ്ങനെ അവിടെ എത്തുമ്പോൾ അറിയുന്നു അമ്പലം അടയ്ക്കാറായി എന്നും, ഞങ്ങളുടെ മുൻപേ പോയ ഭാനു ചേച്ചി മുറി ഹിന്ദിയിൽ പറഞ്ഞുവത്രെ, കുറച്ചു പേർ കയറി വരുന്നു അത് കൊണ്ട് ‘ബന്ദ് മത്ത് കരോ’ എന്നൊക്കെ, എന്തായാലും ആ പാവം പൂജാരിമാർ ചേച്ചിയുടെ ഹിന്ദി കേട്ട ഞെട്ടലിൽ ക്ഷേത്രം അടയ്ക്കുന്നെ ഇല്ല എന്നും തീരുമാനിച്ചു എന്നറിഞ്ഞു. റോട്ടിയും പനീറും കഴിച്ച ഗുണം! ഹിന്ദി പഠിച്ചെടുത്തു നമ്മുടെ ഭാനൂസ്! ….
അങ്ങനെ ക്ഷേത്രത്തിൽ എത്തി തൊഴുതു, വിഗ്രഹത്തിന്റെ പിറകെ നവ ദുർഗ പ്രതിഷ്ഠ, ശിവപാർവതി സമേതനായ ഗണപതിയും. കൂടാതെ താഴോട്ട് ഇറങ്ങുമ്പോൾ ഗോലി മാതാ അതായതു ഭൂമി ദേവിയുടെ പ്രതിഷ്ഠ, ബാബാജി തപസ്സനുഷ്ഠിച്ച സ്ഥലവും പിന്നീട് ആഞ്ജനേയനും ഭൈരവന്റെയും പ്രതിഷ്ഠകളും ണ്ട്.
താഴെ പടവുകൾ ഇറങ്ങുമ്പോൾ പാർവതി ജൂല എന്ന ഒരു ഊഞ്ഞാലും കണ്ടപ്പോൾ, കൊച്ചു കുഞ്ഞുങ്ങളെ പോലെ അവിടെ ഇരുന്നു ആടുകയും ചെയ്തു. പിന്നീട് ധന്വന്തർ ഗിരി എന്ന ഒരു സിദ്ധന്റെ താമസ സ്ഥലത്തേയ്ക്ക് പോയി, കുറച്ചു സമയം അദ്ദേഹത്തിന്റെ കൂടേ സമയം ചിലവഴിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇവിടെ ഞാൻ ഒന്നും പറയുന്നില്ല കാരണം എനിക്കൊന്നും മനസിലാകാത്തത് കാരണം അതെ കുറിച്ചൊന്നും പറയുന്നില്ല ഇവിടെ.
തിരികെയുള്ള ഇറക്കം കുറച്ചു എളുപ്പത്തിൽ നടന്നിറങ്ങി നേരെ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേയ്ക്ക് പോയി. പോകുന്ന വഴി രാഹുൽ പറഞ്ഞു, ഭാഗ്യം ഉണ്ടെങ്കിൽ കടുവയെ കാണാൻ സാധിക്കും പോലും, ക്യാമറ ഉൾപ്പടെ റെഡി ആക്കി ഇരുന്ന ഞങ്ങൾക്ക് ജിം കോർബേറ്റിൽ കടുവയെ കാണാൻ പോയ അതെ അനുഭവം ആയിരുന്നു ഫലം.
നാലാമത്തെ ദിവസത്തെ യാത്രയും അവസാനിപ്പിച്ചു ഞങ്ങൾ റെസ്റ്റി… അടുത്ത ദിവസം ഞങ്ങളെ കാത്തിരിക്കുന്ന വിസ്മയ കാഴ്ചകളിലേയ്ക്കുള്ള കാത്തിരിപ്പുമായി…
വീണ്ടും തുടരും…
31-03-2025
DT


Comments