നൈനിറ്റാൽ യാത്ര Part 3- പാതാൾ ഭുവനേശ്വർ യാത്ര



അടുത്ത ദിവസത്തെ യാത്രയ്ക്കായി ഞങ്ങൾ രാവിലെ പ്രാതലും കഴിച്ചു റൂം vacate ചെയ്തിറങ്ങി,പാതാൾ ഭുവനേശ്വറിലേയ്ക്ക്. സാധാരണ ഏതു യാത്രയ്ക്ക് പോകുമ്പോഴും ഒരു ചെറിയ അന്വേഷണം നടത്താറുണ്ട് പോകുന്ന സ്ഥലത്തെ കുറിച്ച്. പക്ഷേ, ഈ സ്ഥലത്തിന്റെ പേര് കേട്ടപ്പോൾ തന്നെ എന്റെ മനസ്സിന് ചാഞ്ചല്ല്യം. പാതാളമാണ് പോകുന്ന സ്ഥലം. എന്റെ അമ്മ പാതാള ഗണപതിയെ തൊഴാൻ പോയശേഷമാണ് അമ്മയ്ക്ക് കാലിന്റെ വേദന തുടങ്ങിയത്. കോവിഡ് കാലത്തെ ലോക്ഡൗൺ കാരണം ക്ഷേത്രത്തിൽ പോകാൻ പറ്റാത്തത് കൊണ്ടാവാം അമ്മയ്ക്ക് ഇത്രയും മാനസികാസ്വാസ്ഥ്യം എന്നു കരുതിയ ഞങ്ങൾക്ക് തെറ്റി. ആ വേദന അമ്മയെ കൂട്ടി കൊണ്ട് പോകാൻ വന്ന bone കാൻസർ ആയിരുന്നു എന്ന് വളരെ താമസിച്ചാണ് അറിഞ്ഞതും. എന്തായാലും, പാതാള ഭുവനേശ്വർ എന്ന്  കേട്ടപ്പോൾ ഉള്ളിൽ ഈ കാരണങ്ങളാൽ ആയിരുന്നു എന്റെ ഭയം. ചെറിയ ഭീതി ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും, പുറമെ ഞാൻ ഒരു ധൈര്യവതി ആണ് എന്നാണല്ലോ എന്റെ ഒരു ഇതും! 

അങ്ങനെ ഞങ്ങൾ ഏകദേശം 8 മണിയോടെ യാത്ര തിരിച്ചു, ഒരു നാല് മണിക്കൂർ യാത്രയുണ്ട്..ഒന്നരമണിക്കൂറിനു ശേഷം സോമേശ്വർ എന്ന ബോർഡ്‌ കണ്ടു, ആ പേര് കണ്ടപ്പോഴേ അവിടെ ഒരു ക്ഷേത്രം ഉണ്ടോ എന്നൊരു സംശയത്തിൽ ഗൂഗിൾ ചെയ്തപ്പോൾ കണ്ടു അവിടെ ഒരു ക്ഷേത്രം ഉണ്ടെന്നും എന്നാൽ അവിടെക്കു ഒന്നു പോയാലോ എന്നായി. അങ്ങനെ ഞങ്ങൾ ചോദിച്ചു ചോദിച്ചു ആ കുഞ്ഞു ഗ്രാമത്തിൽ ഇറങ്ങി. കോസി നദീ തീരത്തുള്ള അൽമോറ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു ഈ ചെറിയ ഗ്രാമം മലകളാൽ ചുറ്റപെട്ടതാണ്‌ ഈ താഴ്‌വാരം. ചെറിയ ഇടവഴിയിൽ കൂടി നടന്നു എത്തിയതാകട്ടെ പുരാതനമായ കുറച്ചു വലിയ കരിങ്കൽ ക്ഷേത്രം, അതിനോട് ചേർന്ന് രണ്ടു ചെറിയ കരിങ്കൽ ക്ഷേത്രങ്ങളും. ഈ ക്ഷേത്രം Archaeological survey of ഇന്ത്യയുടെ പ്രോട്ടക്ഷണിലുമാണ്. ക്ഷേത്രത്തിന്റെ അകത്തേക്ക് പ്രവേശിച്ച ഞങ്ങളെ സ്വീകരിച്ചത് സ്വയംഭൂ ശിവലിംഗമായിരുന്നു. വടക്കെ ഇന്ത്യയിൽ മാത്രം കിട്ടുന്ന ഒരു സൗഭാഗ്യമാണ് ഭഗവാന് അഭിഷേകം ചെയ്യുവാൻ സാധിക്കുന്നത്. അങ്ങനെ അഭിഷേകം ചെയ്ത ശേഷം തൊട്ടടുത്ത കുഞ്ഞു ക്ഷേത്രങ്ങളിൽ ഗണപതിയെയും, പഞ്ച മുഖ ശിവലിംഗവും തൊഴുതു പതിവ് ഫോട്ടോ പിടുത്തവും കഴിഞ്ഞു യാത്ര തിരിച്ചു.

അവിടുന്ന് യാത്ര തിരിച്ചു വീണ്ടും കാഴ്ചകൾ കണ്ടു പോകുമ്പോൾ മഹാത്മാ ഗാന്ധിജി വിശേഷിപ്പിച്ചിരുന്ന Mini Switzerland എന്ന ബാഗേശ്വർ ജില്ലയിലെ കൗസാനി ഗ്രാമം കടന്നു, കുറച്ചു സമയം ഞങ്ങൾക്ക് വേണ്ടി നിറുത്തിയെങ്കിലും ഇനിയും ഒത്തിരി ദൂരം താണ്ടേണ്ടതുള്ളതു കൊണ്ട് വീണ്ടും യാത്ര തുടർന്നു. 

അടുത്ത രണ്ടു മണിക്കൂറിൽ ഒരു ചായ ബ്രേക്ക്‌ എടുത്തു. നന്നായി തമിഴ് സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കടയിൽ ആണ് നിറുത്തിയത്. ചായയിൽ ഒത്തിരി മധുരം കലക്കി തരുന്ന വിരുതന്മാരാണ് ഈ ഏരിയ മൊത്തം, Adrak tea without എന്ന് പറഞ്ഞാൽ പോലും മനസ്സിലാകില്ല ഇവിടെ ഉള്ളവർക്ക്. Adrak അതായതു നമ്മുടെ ഇഞ്ചി ഇട്ട് തിളപ്പിക്കുമ്പോഴേ ഒരു തവി പഞ്ചസാരയും കൂടി ഇട്ടാൽ മാത്രമേ അവർക്കു ചായയും, നമ്മുക്ക് പായസവും ചായയും അല്ലാത്ത ഒരു പാനീയവും കിട്ടും കുടിക്കാൻ. എന്തായാലും തമിഴ് പേശുന്ന കുമയൂൺ കാരനോട് പറഞ്ഞു മനസിലാക്കി ചായ without മതി എന്ന്, അങ്ങനെ നല്ല ഒരു ചായ കുടിച്ചു വീണ്ടും യാത്ര തിരിക്കുമ്പോൾ, അവിടെ നിന്നിരുന്ന ഒരു പയ്യൻസ്, നമ്മുടെ സ്വന്തം വർക്കലയിൽ ഈ അടുത്ത് വന്നിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നു,  നമ്മുക്ക് അവരുടെ ചായ ആണ് പ്രശ്നം എങ്കിൽ ഈ കുട്ടിക്ക് നമ്മുടെ നാട്ടിലെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു പോലും unsahikable. എന്തായാലും ബസ്സിൽ കയറുന്നതിനു മുൻപ് ഞാൻ ചോദിച്ചു, ഇന്നി എത്ര ദൂരം ഉണ്ട് പാതാളഭുവനേശ്വറിലേയക്ക്, അവൻ പറഞ്ഞു കുറഞ്ഞത് ഒരു 2 മണിക്കൂർ മാത്രം, എന്നിട്ട് അടുത്ത ഡയലോഗ്, aap daro math അതായതു പേടിക്കാതെ പോകു, എന്റെ ഉള്ളിലെ ഭയം അവൻ മനസിലാക്കി പറഞ്ഞ പോലെ ആണ് എന്നിക്കു തോന്നിയത്. എന്തായാലും ആ കുട്ടിയുടെ ഡയലോഗിൽ എന്റെ പേടി മാറി എന്ന് പറയാം,പാതാളഭുവനേശ്വറിൽ ഇറങ്ങാൻ മനസ്സാലെ തയാറെടുത്തു ഞാൻ. 


അവിടെ ഏകദേശം 3 മണിയൊടെ എത്തി, മൊബൈലും ബാഗും എല്ലാം കൂട്ടത്തിൽ വരുന്നില്ല എന്ന് തീരുമാനിച്ച ലത ചേച്ചിയെ ഏല്പിച്ചു, ബാക്കി ഉള്ള 9 പേരും ഇറങ്ങാൻ തയ്യാറായി. പിത്തോർ ഗഡിലെ പാതാള ഭുവനേശ്വർ ക്ഷേത്രം. ഒരു വലിയ മലയടിവാരത്തു ഭൂനിരപ്പിൽ നിന്നും 90 അടി താഴെക്കിറങ്ങണം, ഈ ഗുഹാ ക്ഷേത്രത്തിൽ എത്താൻ. വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ മാത്രം നടക്കുന്ന കൂട്ടത്തിലെ ചെറുപ്പക്കാരനായ 78 കാരനായ രാധാകൃഷ്ണൻ ചേട്ടനും ഗീത ചേച്ചിയും ആദ്യം ഇറങ്ങുവാൻ തുടങ്ങി, പിന്നെ രാധുവും, സജിത്ജിയും റീനയും, അതിന്റെ പുറകെ ഭാനു ചേച്ചിയും അടുത്തത് ഞാനും എന്റെ പുറകെ സുജാത ചേച്ചിയും പിന്നെ രണ്ടാമത്തെ പ്രാവിശ്യം ഇവിടേയ്ക്ക് വരുന്ന ലീല ചേച്ചിയും. ‘ഓം നമശിവായ’ ജപിച്ചു കൊണ്ട് പതുക്കെ ഇരുന്നു ഇറങ്ങി. കുത്തനെ ഉള്ള കരിങ്കൽ പാകിയ പടികളും ഇരു വശങ്ങളിലും നല്ല കട്ടിയുള്ള ചങ്ങലയും ഉണ്ട്. അതിന്റെ സഹായത്തോടെ ആണ് ഓരോ പടികളിലും ഇരുന്നു ഞങ്ങൾ ഇറങ്ങിയത്. ഓരോ പടി ഇറങ്ങുമ്പോഴും എന്റെ തൊട്ടു താഴെ ഉള്ള ഭാനു ചേച്ചിയെ അബദ്ധത്തിൽ പോലും ചവിട്ടാതിരിക്കാനും ശ്രദ്ധിച്ചു, കാരണം അത് മതി ചീട്ടു കെട്ട് പോലെ എല്ലാവരും വീഴാൻ. ഞാൻ ഓരോ പടിയിലും ഇരിക്കുമ്പോഴും നമഃ ശിവായ ജപിക്കുവായിരുന്നു എങ്കിൽ എന്റെ പുറകിൽ ഉള്ള ആളാകട്ടെ ഇടയ്ക്കിടയ്ക്ക് ദേവിയെ എന്ന് വിളിക്കും, എന്നെ ആണ് വിളിക്കണേ എന്ന് തെറ്റിദ്ധരിച്ച എനിക്ക് പാടെ തെറ്റി,  പുള്ളിക്കാരത്തി സാക്ഷാൽ ഉദിയന്നൂർ ദേവിയെ ആണ് വിളിച്ചിരുന്നത്. ഓരോ പടികളിൽ ഇരുന്നു താഴേക്കു നോക്കുമ്പോൾ ഒരു ഉൾഭയം തോന്നിയെങ്കിലും, ഇറങ്ങാതെ വേറെ വഴിയും ഇല്ല. കുറച്ചു ഇറങ്ങി ഒരു സ്ഥലം എത്തുമ്പോൾ ചരിഞ്ഞു കിടന്നു ഊർന്നാണ് ഇറങ്ങേണ്ടിയിരുന്നത്, സ്റ്റക്ക് ആകുമോ എന്ന ഒരു ശങ്ക ഉണ്ടായിരുനെങ്കിലും അവിടവും കടന്നു കൂടി. അവസാനത്തെ ഒരു പത്തു പടികളോളം നിന്നു ഇറങ്ങി. താഴെ ഞങ്ങളെ സ്വീകരിച്ചത് ഒരു 160 അടി വിസ്തൃതിയുള്ള ഒരു വലിയ ഗുഹായിലേയ്ക്കായിരുന്നു. അവിടെ സാഷ്ടാംഗം നമസ്കരിച്ചു തല പൊക്കി നോക്കിയപ്പോൾ കണ്ട കാഴ്ച ഒരു വലിയ സർപ്പത്തിന്റെ വായ പിളർന്നിരിക്കുന്ന ഒരു ഗുഹാമുഖം, ഇതു അനന്തനാണ്, കൂടേ വന്ന പണ്ഡിറ്റ് ജി പറഞ്ഞു മൂന്ന് ലോകങ്ങളും താങ്ങി നിൽക്കുന്ന ശേഷനാഥൻ ആണ്. ശേഷനാഥന്റെ പല്ലും നാവും ഒക്കെ ദൃശ്യമാണ് ഈ ഗുഹാമുഖത്ത് . 

തൊട്ടടുത്തു തന്നെ ഉള്ള ഗുഹയിൽ ആകട്ടെ, ഒരു ഹോമകുണ്ഡം, ഇവിടെ ജനമേജയൻ നടത്തിയ ഹോമത്തിന്റെ അഗ്നികുണ്ഡം കാണാം, പണ്ഡിത്ജി പറഞ്ഞ കഥ ഇങ്ങനെ, പരീക്ഷിത്ത് 7 ദിവസത്തിനകം തക്ഷകന്റെ കടിയേറ്റ് മരണപ്പെടും എന്ന് ശാപം കിട്ടുമ്പോൾ മകനായ ജനമേജയൻ സർപ്പകുലത്തെ എല്ലാം ഹോമിക്കുന്നു എന്നും അതിൽ നിന്നും തക്ഷകനും വാസുകിയും മാത്രം രക്ഷപ്പെടുന്നു എന്നുമാണ്, അങ്ങനെ രക്ഷപ്പെട്ട തക്ഷകനെയും വാസുകിയെയും ഈ ഗുഹയുടെ മുകളിലായിട്ട് ആലേഖനം ചെയ്തിരിക്കുനതായും കാണാം. (നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ആണ് ഇവിടുത്തെ പണ്ഡിറ്റ് ജി പറഞ്ഞു തന്നിരിക്കുന്നത്)


അവിടെ നിന്നും നടനെത്തിയതാകട്ടെ ശിരസ്സില്ലാതെ നിൽക്കുന്ന ആദി ഗണപതിയെ ആണ്, മഹാദേവൻ കോപത്താൽ ശിരസ്സടർത്തിയ ഗണപതി, മറ്റൊരു തല വെയ്ക്കുന്നതുവരെ ജീവൻ നിലനിർത്തുവാൻ വേണ്ടി അമൃതം ഇറ്റിടറ്റു വീഴുന്നു മുകളിൽ ബ്രഹ്മകമലത്തിൽ നിന്നും, ഈ ഇറ്റു വീഴുന്ന ജലം മറ്റെവിടെയും പതിക്കുന്നില്ല എന്നതും ഒരു വിസ്മയം ആണ്. 


പിന്നീട് നടന്നു നീങ്ങിയപ്പോൾ വലതു വശത്തായി കണ്ടതാകട്ടെ പഞ്ചകേദാരം ഉൾപ്പടെ കേദാർനാഥ്, ബദ്രിനാഥ്, അമർനാഥ് വിഗ്രഹങ്ങളും. 

അതിന്റെ അടുത്ത് ഒരു വലിയ പാറയുടെ മുകളിലായി വായ പിളർന്നു നിൽക്കുന്ന കാല ഭൈരവൻ, അങ്ങോട്ടേക്ക് ഓടി കയറി ഭൈരവന്റെ നാവിൽ പിടിച്ചു അകത്തേക്ക് നോക്കുമ്പോൾ വായയുടെ ഉൾഭാഗം പോലെ തോന്നും. അവിടെ നിന്നു ഊർന്നു താഴോട്ട് ഇറങ്ങുമ്പോൾ ഭൈരവിയുടെ രൂപവും തെളിഞ്ഞു കാണാം.


മുന്നോട്ടു നടക്കുമ്പോൾ അകിടിൽ നിന്നും പാൽചുരത്തുന്ന കാമധേനുവിനെ കാണാം. 

അടുത്ത് തന്നെ സപ്ത കുണ്ഡും അതിൽ നിറയെ ജലവും വന്നു വീഴുന്നു, ഈ ജലം നമ്മൾ സേവിക്കാൻ പാടില്ല. കാരണം അത് മഹാദേവന് ധാര കഴിക്കുവാൻ വേണ്ടിയുള്ളതാണ്. ഇവിടെ ഒരു വലിയ അരയന്നത്തേയും കാണാം, പക്ഷേ അതിന്റെ തല ചെരിച്ചു വെച്ചിരിക്കുന്ന രീതിയിൽ ആണ്, ആ പണ്ഡിറ്റ്‌ പറഞ്ഞത്, നിർദേശം പാലിക്കാതെ ആ ജലം കുടിക്കാൻ വന്നതിനാൽ ആണ് ഇങ്ങനെ ഒരു ശാപം കിട്ടിയത്, 

 ഇവിടുന്നു ഇടതു ഭാഗത്തേക്ക്‌ നോക്കുമ്പോൾ കാണുന്നത് ഗുഹയുടെ മുകളിലായി തപസ്സിരിക്കുന്ന മാർക്കണ്ഡേയ മുനിയെയാണ് കാണുന്നത്, അകാല മൃത്യുവിൽ നിന്നും രക്ഷ നേടിയ മുനി രൂപം കണ്ടപ്പോൾ, ‘തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങൾ എന്ന പാട്ടിലെ, മാർക്കണ്ഡേയനെ കാത്ത പോലെന്നെ കാക്കണേ, മൃത്യു തീണ്ടാതെ നോക്കണേ’ എന്ന വരി ഓർമ്മ വന്നു. 


അടുത്തതായി കണ്ട കാഴ്ച ശെരിക്കും അത്ഭുതം തന്നെ ആയിരുന്നു, ഈ ഒരു ഭാഗത്തു നിറയെ വെള്ളവും നനവും കൂടുതലായി അനുഭവപ്പെട്ടിരുന്നു. ഇവിടെ ഞങ്ങളെ വരവേറ്റത്, വെള്ള നിറത്തിൽ താഴേക്കു ഇറങ്ങി നിൽക്കുന്ന ബ്രഹ്‌മാവിന്റെ താടിയോ എന്ന് തോന്നിപ്പിക്കുന്ന കാഴ്ചയാണ്.  പക്ഷേ ഇവിടെ പ്രതിപാദിക്കുന്നത്, മഹാദേവന്റെ ശിരസ്സിൽ നിന്നും ഭൂമിയിലേയ്ക്ക് ഒഴുകി വരുന്ന ഗംഗാ ദേവിയെയാണ് . ഭാഗീരഥന്റെ തപസ്സിന്റെ ശക്തിയിൽ ആണല്ലോ ഗംഗ ഭൂമിയിലേയ്ക്ക് പതിക്കുന്നത്, എന്നാൽ ഗംഗാദേവി നേരിട്ട് ഭൂമിയിൽ പതിച്ചാൽ ഭൂമിയില്ലാതെയാകും. അതിനാൽ ഭഗവാന്റെ ശിരസ്സിൽ നിന്നുമാണ് ഗംഗ ഒഴുകി ഇറങ്ങുന്നതും. ഗംഗ വീഴുന്ന ആ സ്ഥലത്ത് 35000 ശിവലിംഗങ്ങൾ ഉണ്ടായി. അങ്ങനെ ഒട്ടനവധി ശിവലിംഗങ്ങളും അവിടെ കണ്ടു. പിന്നീട് മുപ്പത്തിമുക്കോടി ദേവന്മാരും വന്നു പറഞ്ഞപ്പോൾ മഹാദേവന്റെ കാൽ മുട്ടുകൾ ഗംഗ പതിയുന്ന സ്ഥലത്തു സ്ഥാപിച്ചു. ഭഗവാന്റെ കാൽ മുട്ടുകൾ നർമ്മദേശ്വർ ആയി അറിയപ്പെടുന്ന. അതിലേക്കു വീഴുന്ന ജലം ദേവശില്പി വിശ്വകർമ്മാവ് പണിത കുണ്ഡിലേയ്ക്കും ഒഴുകും, വിശ്വകർമാവിനെ സഹായിച്ച മകളുടെ കൈകളും കാണാം. അവിടുത്തെ ജലം ഞങ്ങൾ സേവിച്ചും പ്രോക്ഷണം ചെയ്തും മുൻപോട്ടു നടന്ന്‌ യമദ്വാരം പിന്നീട്ട് മോക്ഷപ്രാപ്തിയിലേയ്ക്ക് കടന്നു. കലിയുഗവും അവസാനിക്കുമ്പോൾ അ വാതിലുകൾ അടയും എന്നാണ് പറയുന്നത്. 

ഇവിടെ ആണ് ‘പടിയാറും കടന്നവിടെ ചെല്ലുമ്പോൾ’ ശിവനെ കാണുന്നത്‌. അവിടെ താഴെ ആറ് പടികൾക്കു മുൻപിലായി ചെമ്പു കൊണ്ടുള്ള പീഠത്തിൽ ആണ് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ സ്വയംഭൂവായി കാണുന്നത്. നേരെ മുകളിൽ ഭിത്തിയിൽ, ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ പൂർണ രൂപം, അതിൽ അത്ഭുതം എന്തെന്ന് വെച്ചാൽ, പൂജകൾ ഇല്ലാത്ത ബ്രഹ്മാവിനു പ്രകൃതിയാൽ ഉള്ള അഭിഷേകം ഇല്ല പക്ഷേ മഹാദേവനും മഹാവിഷ്ണുവിനും അ ഉറകളിൽ നിന്നു തന്നെ ജലം വീണു നനഞ്ഞിരിക്കുന്നു. 

ഈ സ്വയംഭൂ വിഗ്രഹങ്ങൾക്ക് നേരെ മുന്നിലായി കുറച്ചു പടവുകളും രണ്ടു വഴികളും കാണാം. അതിലൂടെ ആണ് പാണ്ഡവർ മഹാപ്രസ്ഥാനത്തിനായി ബദ്രിനാഥിലേയ്ക്ക് പോയത്. മറ്റേ വഴിയിലൂടെ കാശിയിലേക്കും പോകാം എന്ന് സങ്കൽപ്പം.


തിരികെ നടക്കുന്ന സമയം മുകളറ്റം വരെ നിൽക്കുന്ന കല്പവൃക്ഷം കാണാം, ആ പാറയുടെ മുകളിലേക്കു കദളിവനം ആണെന്നും, അവിടെ സപ്ത ഋഷികൾ തപസ്സു ചെയ്യുന്നു എന്നുമാണ് വിശ്വാസം. അതിന്റെ താഴെ ആയി ഒരു വലിയ പീഠം, അതിൽ നാല് യുഗങ്ങളായ സത്യ യുഗം, ത്രേതാ യുഗം, ദ്വാപര യുഗം, കലി യുഗവും, ഇതിൽ കലിയുഗം വളരുന്നു എന്നാണ്, അതിനു നേരെ മുകളിലായി ഭൂമിയും ഉണ്ട്, കലിയുഗം മുകളിലേക്കും, മുകളിൽ നിന്ന് ഭൂമി  താഴേക്കു    വളരുന്നു പോലും, ഇവ തമ്മിൽ എന്ന് കൂട്ടിമുട്ടുമോ അന്ന് ലോകാവസാനം എന്നാണ് പറയുന്നത്.  

അവിടുന്ന് ഞങ്ങൾ തിരികെ തുടക്കത്തിൽ എത്തി, അവിടെ ഇടതു വശത്തു ഗുഹയുടെ മുകളിലായി 1000 കാലും 7 തലയും മുറം പോലെയുള്ള ചെവിയും ആയി നിൽക്കുന്നത് ഐരാവതം. അങ്ങനെ ഐരാവതത്തെ കണ്ട ശേഷം, മഹാദേവന്റെ കമണ്ഡലു തൊട്ടു പ്രാർത്ഥിച്ചു. 

വീണ്ടും നമസ്കരിച്ചു തിരികെ കയറാനുള്ള തയ്യാറെടുപ്പിൽ ഓരോ പടികളിൽ നിന്നു കയറി. ഏകദേശം രണ്ടു മണിക്കൂർ എടുത്തു ഈ വിസ്മയം കണ്ടു തീർക്കാൻ. ശരിക്കും ഏതോ മായാ ലോകത്തു നിന്നും ഇറങ്ങിയ അവസ്ഥയായിരുന്നു. ഈ അത്‍ഭുതലോകം കാണാനും ഈ യാത്ര പ്ലാൻ ചെയ്ത സമയത്തു എന്നെ നിർബന്ധിച്ച ലത ചേച്ചിയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ പതിവുള്ള ഫോട്ടോസും എടുത്തു പതുകെ നടന്നു, വഴിയിൽ കണ്ട ഒരേ ഒരു കടയിൽ നിന്നും ബുരാഷ് പൂവിന്റെ juice കുടിച്ചു. 


ശരിക്കും ഭൂമിക്കടിയിൽ പ്രകൃതി സൃഷ്‌ടിച്ച ഈ അത്‍ഭുതലോകം, വർണ്ണനകൾക്കു അതീതമാണ്. 

{ ഐതിഹ്യം : ത്രേതായുഗത്തിൽ സൂര്യവംശചക്രവർത്തിയായ അയോദ്ധ്യാപതി ൠതുപർണ്ണൻ ആണ് ഈ ഗുഹയിൽ ആദ്യമായി എത്തിയ മനുഷ്യൻ എന്ന് വിശ്വസിക്കുന്നു. ഒരു മാനിനെ പിൻതുടർന്ന് കാട്ടിൽ പ്രവേശിച്ച രാജാവ് , ഗുഹാമുഖത്ത് കണ്ട ദ്വാരപാലകൻ്റെ അനുവാദത്തോടെ ഗുഹയിൽ പ്രവേശിക്കുകയും അവിടെ കണ്ട ശേഷനാഗം രാജാവിനെ ഗൂഹ മുഴവൻ കാണിച്ച് കൊടുക്കുകയും ചെയ്തു. മഹാദേവൻ്റേയും മുപ്പത്തിമുക്കോടി ദേവതകളുടെയും രൂപങ്ങൾ ൠതൂപർണ്ണരാജാവ് അവിടെ ദർശ്ശിച്ചു. അതിന് ശേഷം നൂറ്റാണ്ടുകളോളം ഈ ഗുഹാമുഖം അടഞ്ഞ് കിടന്നു.

കലിയുഗത്തിൽ ആദിശങ്കരാചാര്യർ തൻ്റെ ഹിമാലായ യാത്രയ്ക്ക് ഇടയിൽ AD 1191 ൽഈ ഗുഹ കണ്ടെത്തി. } ഈ വരികൾ കൂടേ യാത്ര ചെയ്ത സജിത്‌ ജി എഴുതിയതിൽ നിന്നും പകർത്തിയതാണ് 🙏


തിരികെ റോഡിൽ എത്തി വിശന്നു വലഞ്ഞിരുന്ന ഞങ്ങൾ സ്ഥിരം ചപ്പാത്തി വേണ്ടാന്ന് വച്ചു maggie നൂഡിൽസ് കഴിച്ചു, വഴി നീളെ കാണാമായിരുന്നു maggie നൂഡിൽസിന് ഇത്രയ്ക്കും രുചി ഉണ്ടെന്നു മനസ്സിലായത് അപ്പോൾ കഴിച്ചപ്പോൾ മാത്രമായിരുന്നു. 

ഈ ദിവസത്തെ യാത്ര തീരുന്നില്ല, ഒരു ക്ഷേത്രത്തിൽ കൂടി ഞങ്ങൾ അവിടുന്ന് പോയി…ഇത്രെയും എഴുതിയത് വായിച്ച നിങ്ങളെ ഇനിയും ബോറടിപ്പിക്കുന്നില്ല… പിന്നെ ഇത്രേയ്ക്കും കണ്ട കാഴ്ച്ചകൾ എഴുതി പിടിപ്പിച്ച എനിക്കും വേണം റസ്റ്റ്‌. .അതിനാൽ അടുത്ത ലക്കത്തിൽ ബാക്കി. ...

DT

16-04-2025



Comments

Anonymous said…
മനോഹരം ...ഭാവനാത്മകം
കാൽ ഒന്ന് വഴുതിയാൽ ചീട്ടുകൊട്ടാരം പൊലെ ..ഒരു ഉദാഹരണം മാത്രം ..വായിക്കുന്ന വ്യക്തിക് visualise ചെയ്യാവുന്നത്ര ലളിതം

കൂടാതെ നിരീക്ഷണ പാടവവും

കഴിവ് തന്നെ ദേവി
Anonymous said…
Thank you sunil 🥰
Vijayakumar K said…
വിവരണം നന്നായിട്ടുണ്ട്.. ഹൃദയം നിറഞ്ഞ ആശംസകൾ 💐
Anonymous said…
Thank you dear Vijayan
Anonymous said…
വളരെ മനോഹരം ദേവിയുടെ കൂടെ യാത്ര ചെയ്ത പ്രതീതിയുണ്ട്
Harikrishnan said…
Lucid descriptions.
Free flowing thoughts.
Distinct point of view.
Uncomplicated style of presentation.


Excellent Devi.
Many congratulations and compliments on a life experience and it's verbose depiction.
devi tampi said…
Thank you so much 🙏

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം