ഭഗവത് അനുഭവ സഞ്ചാരം

 ഭഗവത് അനുഭവ സഞ്ചാരം 



രാധേ രാധേ 





ഈ കുറിപ്പുകൾ എന്റെ വൃന്ദാവന യാത്ര അനുഭവങ്ങൾ ആണ്. 2018 ൽ ആദ്യമായി ഒറ്റയ്ക്കു യാത്ര പോകുന്നത് ഈ ഗോലോകത്താണ്. ഒരു യാത്ര വിവരണം എഴുതാൻ എനിക്കറിയില്ല ആദ്യം മുതൽ അവസാനം വരെ ഉള്ള അടുക്കും ചിട്ടയുമായുള്ള ഒരു വിവരണവും അല്ല ഇതു. എന്റെയുള്ളിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്ന, എന്നും വിശ്വസിച്ചിരുന്ന എന്റെ കണ്ണനെ തേടിയുള്ള യാത്രയായിരുന്നു. ആ വംശിധാരിയേ കണ്ടെത്തുകയായിരുന്നു, സ്പർശിക്കുകയായിരുന്നു ശരിക്കും രാസലീല ആടുകയായിരുന്നു രാധയിലൂടെ. രാധയിലൂടെ മാത്രമേ കൃഷ്ണനെ അറിയുകയുള്ളൂ എന്നതും വൃന്ദാവനിലെത്തിയതിനു ശേഷം കിട്ടിയ തിരിച്ചറിവാണ്, അതിനാൽ ആദ്യം രാധയെ അറിയണം, രാധേ രാധേ എന്ന മന്ത്രം സിരകളിലൂടെ ഒഴുകണം. 


ആദ്യയാത്രയ്ക്കു വേണ്ടി ഒരുങ്ങി തുടങ്ങിയപ്പോൾ മുതൽ മുടക്കം വരുമോ എന്ന ഒരു വലിയ ഭയം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. 16 പേരടങ്ങിയ ഞങ്ങളുടെ ഇടയിൽ ഞാൻ മാത്രമായിരുന്നു ഒറ്റയ്ക്ക് വന്നത്. അതിൽ എനിക്ക് ഒരു വിഷമവും ഇല്ലായിരുന്നു, ഒരു തരത്തിൽ പറഞ്ഞാൽ എല്ലാത്തിൽ നിന്നും ഒരു മോചനമായിരുന്നു ഈ യാത്ര. പക്ഷികളെ പോലെ പാറി നടക്കുവാൻ കിട്ടിയ ഒരവസരം. 


എല്ലാവരുടെയും ഒരൊറ്റ ചോദ്യം, എന്താണ് നിങ്ങൾ 7 ദിവസം വൃന്ദാവനത്തിൽ ചെയ്തത് ? അത്രയ്ക്കുണ്ടോ അവിടെ കാണാൻ ? അവിടെ കാണാനും അനുഭവിക്കാനും ഉള്ളത് കൊണ്ട് മാത്രം ആയിരിക്കും ഇതുവരേയ്ക്കും എനിക്ക് മൂന്ന് തവണ അവിടെയ്ക്ക് പോകാൻ ഭഗവാൻ അവസരം നൽകി. ഈ ഭഗവത് അനുഭവ സഞ്ചാരം അനുഭവിക്കാൻ പ്രാപ്തമാക്കിയത് മോക്ഷയുടെ മോചിതയിലൂടെ ആണ്.  


അതെ 2018 ൽ എന്റെ ആദ്യ യാത്ര ഫെബ്രുവരിയിലും പിന്നീട് അതെ വർഷം എന്റെ അമ്മയെയും അമ്മയുടെ മൂന്ന് കൂട്ടുകാരികളുമായി ഒക്ടോബറിലും പോകാൻ കഴിഞ്ഞു. പിന്നീട് കോവിഡ് കാലം കഴിഞ്ഞ്, എന്റെ അമ്മ വിഷ്ണുപാദം പുൽകി ഒരു വർഷം തികയുന്ന ആ സമയം, ഒക്ടോബർ 2021ൽ എന്റെ മൂന്നാമത്തെ യാത്ര. അതിനാൽ ഈ ഒരു യാത്ര വിവരണം എന്റെ മൂന്ന് യാത്രകളെയും കോർത്തിണക്കികൊണ്ടുള്ള ഒന്നാണ്. 


ഭഗവത് അനുഭവം സഞ്ചാരം എന്നാണ് മോചിത ഈ യാത്രയ്ക്ക് പേരിട്ടിരുന്നതും, ശരിക്കും അനുഭങ്ങളുടെ ഒരു പേമാരി തന്നെ ആണ് ഈ മൂന്ന് യാത്രകളിലും കിട്ടിയത്. സാധരണ പോലെ ഉള്ള ആധ്യാത്മിക ക്ലാസ്സുകളോ ഒന്നും ഇല്ല മറിച്ചു ഭഗവാൻ കളിച്ചും നടന്നും ഓടിയതുമായ വഴികളിലൂടെ ഉള്ള ഒരു സഞ്ചാരം, അതായിരുന്നു ഈ ഭഗവത് അനുഭവ സഞ്ചാര യാത്ര. ഓരോ സ്ഥലങ്ങളിലും നമുക്കായി ഭഗവാൻ കരുതി വച്ചിരിക്കുന്നു ഓരോ അനുഭവങ്ങൾ, അതിലൂടെ കിട്ടുന്ന ആനന്ദവും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.


ആദ്യ ദിവസം ഞങ്ങൾ പോയത് കണ്ണന്റെ ജന്മ സ്ഥലമായ മഥുരയിലേയ്ക്കായിരുന്നു . ഏറ്റവും അധികം അനുഭവങ്ങൾ ലഭിച്ചത് രമൺരേത്തി, ബാണ്ഡേർവൻ, വംശിവട്, നന്ദഗാവ്, ബർസാന, പിന്നെ റാവൽ, മഹാവൻ, ഗോവർധന പരിക്രമം , ആദി കേദാർ ആദി ബദരി അങ്ങനെ പോകുന്നു.


വൃന്ദാവനത്തിലേക്കു പോകുന്ന വഴിയാണ് മനസിലാക്കുവാൻ കഴിഞ്ഞത് ഇവിടെ രാധയിലൂടെ മാത്രമേ കൃഷ്ണനിലേയ്ക്കു എത്താൻ കഴിയു. അതുകൊണ്ട് രാധയെ അറിയണം, രാധാറാണിയുടെ അനുഗ്രഹം വേണം. അങ്ങനെ, പിന്നീടുള്ള ഓരോ ദിവസവും “രാധേ രാധേ” എന്ന നാമം ഉച്ചരിക്കുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. അതെ “രാധേ രാധേ” അതായിരുന്നു ഞങ്ങളുടെ മന്ത്രം.


രമൺ രേത്തി: എന്റെ ഭഗവാനെ തൊട്ടറിഞ്ഞ ആദ്യത്തെ പുണ്യ ഭൂമി. ഇവിടെ ആണ് കുഞ്ഞു ഉണ്ണി കണ്ണൻ ഓടി കളിച്ച സ്ഥലം, ആ നനഞ്ഞ മൃദുലമായ മണ്ണ് സ്പർശിക്കുമ്പോൾ തന്നെ ആനന്ദം ആയിരുന്നു. പോയ മൂന്ന് പ്രാവശ്യവും മണ്ണ് വാരി കളിച്ചും , ഓടിയും കുത്തി മറിയുകയും, പാട്ടുകൾ പാടിയും ആനന്ദിച്ചു. അവിടെ ഇരുന്നും കിടന്നും ആ നനത്ത മണ്ണിനെ തൊട്ടും അതിലൂടെ കുഞ്ഞു കണ്ണൻ ഓടുന്നതായും തോന്നിയിരുന്നു. ആദ്യത്തെ യാത്രയിൽ കണ്ണുകൾ അടച്ചു ആ മണ്ണിൽ കിടന്നപ്പോൾ ഭഗവാൻ വന്നു തലോടിയോ അതോ മായയോ, എന്ത് തന്നെ ആയാലും ഭഗവാൻ എന്നെ തൊട്ടു തലോടി എന്ന് ഞാൻ വിശ്വസിക്കുന്നു.


ചൗരാസി കമ്പ: ഉണ്ണി കണ്ണന്റെ വെണ്ണ കൈകൾ പുരണ്ട ചൗരാസി കമ്പ..84 തൂണുകൾ ആണ് ഇവിടെ ഉള്ളത്. മുട്ടിൽ ഇഴഞ്ഞു നടന്ന പ്രായത്തിൽ നമ്മുടെ ഗോകുലനാഥൻ വെണ്ണ പുരട്ടി നടക്കുമായിരുന്നു ഇവിടുത്തെ തൂണുകളിൽ, ഓരോ തൂണുകളുടെ ഏറ്റവും താഴെ ആയി നല്ല മിനുസമുള്ള ഭാഗം തൊടാൻ പറ്റും. അവിടെ മുട്ടിന്മേൽ നടന്നു ആണ് കയറേണ്ടതും, വീണ്ടും കുഞ്ഞുങ്ങളായല്ലോ എന്ന സന്തോഷത്തിലായിരുന്നു, മിനുസ്സമുള്ള ആ ഓരോ തൂണുകളിൽ സ്പർശിക്കുമ്പോഴും കണ്ണന്റെ കൈകൾ പതിഞ്ഞ സ്ഥലമല്ലേ എന്ന ആനന്ദമായിരുന്നു മനസ്സിൽ. 


അവിടെ ഒരു ചിത്രം ഉണ്ട്, ശരിക്കും അതിശയവും ആനന്ദവും നൽകുന്നു ആ ചിത്രം. ഉണ്ണി കണ്ണനെ ഒരു നോക്ക് കാണുവാൻ കൈലാസനാഥൻ വൃന്ദാവനത്തിൽ എത്തിയിരുന്നു. ശിരസ്സിൽ പാമ്പു ചൂടി വന്നു നിൽക്കുന്നത്‌ മഹാദേവൻ ആണ് എന്ന് യശോദാമ്മ മനസ്സിലാക്കിയില്ല. കുഞ്ഞു കരയുമല്ലോ എന്നോർത്ത് യാശോദാമ്മയ്ക്ക് പേടിയായി. നമ്മുടെ കണ്ണന് എന്തെങ്കിലും പേടി ഉണ്ടോ! പക്ഷേ പാവം അമ്മയ്ക്ക് അതറിയില്ലല്ലോ, സന്ധ്യ ആയപ്പോഴേക്കും അവിടുന്ന് ഒരേ കരച്ചിൽ, എന്തിനായിരുന്നു, മഹാദേവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമല്ലോ, അതിനുള്ള സൂത്രം, അതെ സൂത്രശാലി അല്ലേ, അങ്ങനെ മഹാദേവൻ വന്നപ്പോൾ യാശോദാമ്മ ഒരു പാത്രത്തിൽ വെള്ളം എടുത്തു വയ് ക്കുകയും അതിൽ കണ്ണന്റെ പ്രതിബിംഭം കാണിക്കുകയും ചെയ്തു , ഈ സുന്ദരമായ ചിത്രം ഇവിടേ രണ്ടു തൂണുകൾക്ക് ഇടയിൽ ആയി കാണാൻ കഴിയും. ആ ചിത്രത്തിൽ നമ്മുടെ ഉണ്ണിയുടെ കള്ള നോട്ടവും മഹാദേവന്റെ ഒരു ചെറുപുഞ്ചിരിയും കാണാനാകും.


ഏറ്റവും അധികം അത്ഭുതം തോന്നിയ കാര്യം എന്തെന്നു വെച്ചാൽ ഇവിടേ യഥേഷ്ടം പാറി പറന്നു നടക്കുന്ന തത്തകൾ ഉണ്ട്, അവരുടെ ശബ്ദം ആകട്ടെ, ‘ കൃഷ്ണ കൃഷ്ണ’ എന്നും. രമൺ രേത്തിയിൽ ആണ് തത്തകളുടെ, ‘കൃഷ്ണ കൃഷ്ണ’ എന്ന വിളികൾ ആദ്യമായി കേട്ടതും. ചിലപ്പോൾ ഒക്കെ, ‘കണ്ണാ കണ്ണാ’ എന്നും കേട്ടിരുന്നു. ആദ്യ യാത്രയിൽ തത്തകളുടെ ഈ ശബ്ദം അത്ഭുതത്തോടെ പോകുന്നെടുത്തൊക്കെ കെട്ടിരുന്നെങ്കിലും, അടുത്ത രണ്ടു യാത്രകളിൽ ആകട്ടെ ഈ പുണ്യ ഭൂമിയിൽ കാൽ വയ്ക്കുന്നതും നമ്മളെ സ്വീകരിക്കാൻ എന്ന പോലെ രണ്ടു തത്തകൾ പിന്തുടർന്ന് കൊണ്ടേ ഇരുന്നു, തിരികെ മടങ്ങി പോകുന്ന സമയം വരേയ്ക്കും അവർ ഞങ്ങളുടെ കൂടേ തന്നെ വഴി കാട്ടി ആയി ഉണ്ടാകും.

 റാവൽ: രാധ റാണിയുടെ ജന്മ സ്ഥലമായ ‘റാവൽ’, മുട്ടിൽ ഇഴയുന്ന രാധ റാണിയുടെ സുന്ദര രൂപം ആണ് ഇവിടേ, കുഞ്ഞു രാധയുടെ നീല നിറമുള്ള കണ്ണുകളിൽ നോക്കിയാൽ കണ്ണനെ കാണാനാകും. 

അവിടെ തൊട്ടു മുൻപിലായി കറുപ്പും വെളുപ്പുമായ ഒരു വലിയ ആൽമരം ഉണ്ട്. കറുത്ത നിറം കണ്ണനെയും വെളുപ്പ് രാധയെയും ആണ് പ്രതിനിധാനിക്കുന്നത്. കറുപ്പും വെളുപ്പുമായ ശിഖരങ്ങൾ ഇട കലർന്ന്‌ നിൽക്കുന്ന ഈ മരം രാധയും കൃഷ്ണനും ഒന്നാണ് എന്നാണ് മനസിലാക്കേണ്ടത്. യഥേഷ്ട്ടം തത്തകളുടെയും അണ്ണാനുകളുടെയും ‘കൃഷ്ണ കൃഷ്ണ’ എന്ന ചിലപ്പു കൊണ്ട് മുഖരിതമായിരുന്നു അവിടം. കൂടാതെ കിലുകിലാ എന്ന ശബ്ദത്തോടെ ഒഴുകി എത്തുന്ന ഇളംകാറ്റും, ഈ കിളികളുടെ ശബ്ദവും കൂടി ആകുമ്പോൾ നമ്മളെ വേറെ ഒരു ലോകത്തേക്ക് തന്നെ കൂട്ടി കൊണ്ട് പോയിരുന്നു. കണ്ണാ, നീ തരുന്ന ഓരോ സന്തോഷങ്ങളും എങ്ങനെ പറഞ്ഞറിയിക്കും, വാക്കുകളില്ല കണ്ണാ….

തേർ കദംബ: കണ്ണൻ പശുക്കളെ പരിപാലിക്കാൻ ആദ്യമായി പോയ സ്ഥലം ആണ്. കുഞ്ഞു കണ്ണൻ വാശി പിടിക്കുമ്പോൾ യാശോദാമ്മ കണ്ണനെ ഒരുക്കി വിടുന്നു, കണ്ണൻ ആകട്ടെ അവിടെ കടമ്പിൽ ഇരുന്നും കളിച്ചും ഓടക്കുഴൽ ഊതിയും ഒക്കെ നടക്കും, ശരിക്കും ആദ്യത്തെ യാത്രയിൽ ഇവിടെ ഇരുന്നപ്പോൾ എന്റെ ഭഗവാൻ ഏതോ ഒരു മരക്കൊമ്പിൽ ഇരുന്നു ഓടക്കുഴൽ വായിക്കുന്ന പോലെ തോന്നിയിരുന്നു. ഒത്തിരി അനുഭവങ്ങൾ കിട്ടിയ ആദ്യ യാത്ര പോലെ ആകും രണ്ടാമത്തെ യാത്രയും എന്നു വിചാരിച്ചു നടന്ന ആദ്യ ദിവസം എന്റെ കണ്ണൻ എങ്കയോ പോയി മറഞ്ഞു, അപ്പോൾ ദാ, തേർ കദംബയിൽ എത്തിയപ്പോൾ ഞാൻ അന്വേഷിച്ചു നടന്ന എന്റെ ഭഗവാൻ എന്നെ കൈവിട്ടില്ല, പുറകിലൂടെ വന്നു കുലുക്കിയിട്ടു ഓടിമറഞ്ഞു ആ കള്ളൻ, എന്റെ കണ്ണൻ! പിന്നീടുള്ള ഓരോ നിമിഷങ്ങളും ഞാൻ എന്റെ അന്വേഷണത്തിന് വിരാമം ഇട്ടു, കാരണം എന്റെ കൂടേ ഉള്ള ആളെ ഞാൻ എന്തിനു അന്വേഷിക്കണം ! തേർ കദംബയിൽ ഒരു വലിയ കുളവും ചുറ്റിനും കുറെ പടവുകളും ഉണ്ട്, അവിടെ കുറെ സമയം ആ നീലിമയിൽ നോക്കി ഇരിക്കുമ്പോൾ ഭഗവാന്റെ വേണു നാദം കേൾക്കുന്നതായി തോന്നും, ചിലപ്പോൾ ചുറ്റും ഓടി കളിക്കുന്നതായും, ചില സമയം ഉറ്റു നോക്കുന്നതായും, ആ കടമ്പിന്റെ താഴെ കുറച്ചു സമയം കണ്ണുകൾ അടച്ചു ഇരുന്നപ്പോൾ കണ്ണൻ അവിടെ മരക്കൊമ്പിൽ ഇരിയ്ക്കുകയായിരുന്നോ? സർവ്വ വ്യാപിയായ ആയ ഭാഗവാന് എവിടെയും വസിക്കാമല്ലോ!

നന്ദഗാവ്‌ : ആദ്യ യാത്രയിൽ നന്ദഗാവിൽ പോയപ്പോൾ അവിടെ മുകളിൽ നിന്നും നോക്കുമ്പോൾ ഉദ്ധവർ വന്നു ഭഗവാനെ വിളിച്ചു കൊണ്ട് പോയ ആ വഴി കണ്ടിരുന്നു, ശരിക്കും വൃന്ദാവനത്തിലെ ഗോപി ഗോപാലകരും പക്ഷി മൃഗാദികളും കരഞ്ഞു തളർന്ന ദിവസം ആയിരുന്നല്ലോ അന്ന് , ഒത്തിരി സങ്കടം തോന്നി ആ ഒരു നിമിഷം ആലോചിച്ചപ്പോൾ, സുഗതകുമാരി ടീച്ചർ എഴുതിയ, “രാധയുടെ വിരഹം”, കരയുന്നു ഗോകുലം മുഴുവനും, കൃഷ്ണാ നീ മഥുരയ്ക്ക് പോകുന്നുവത്രെ" ചിത്ര ചേച്ചി പാടിയ ആ പാട്ടു ഓർമ്മ വന്നു ആ ചുവന്ന മൺ പാത കണ്ടപ്പോൾ.

 അവിടുന്ന് താഴേയ്ക്കു ഇറങ്ങിവന്നപ്പോൾ “ഹരേ രാമ ഹരേ കൃഷ്ണ” ഗ്രൂപ്പിലെ ആളുകൾ അവിടെ പാടുന്നു കൂടേ നൃത്തവും, അങ്ങനെ ഞങ്ങളും കൂടി അവരുടെ കൂടേ മതിമറന്നു നൃത്തം ആടുകയും ചെയ്തു. അതെ ആനന്ദഭൂമിയല്ലേ കണ്ണന്റെ വൃന്ദാവനം.

ബർസാന: രാധയുടെ കൊട്ടാരമായ ബർസാന, ഒത്തിരി പടികൾ കയറി ഒരു മലയുടെ മുകളിൽ എത്തണം. അവിടെ വിദൂരതയിലേയ്ക്ക് നോക്കുമ്പോൾ കണ്ണനും രാധയും കൂടെ മലകളായ മലകളിൽ കൂടി ഓടുന്ന പോലെ തോന്നും. പിന്നീടുള്ള യാത്രയിൽ ഈ കാണുന്ന മലകളിലും മരങ്ങളിലും എന്റെ കണ്ണൻ നിൽക്കുന്നുണ്ടായിരുന്നു, ഒരു ചെറു പുഞ്ചിരിയോടെ… ഞങ്ങളുടെ കൂടെ യാത്ര ചെയുന്ന കണ്ണനെയാണ് കണ്ടത്. ബർസാനയിൽ പോയ മൂന്ന് തവണയും ‘രാധേ രാധേ’ എന്നു ഉച്ചത്തിൽ വിളിച്ചു നൃത്തം ആടിയിരുന്നു, ആനന്ദം. ശരിക്കും ആനന്ദമായിരുന്നു. ഇറങ്ങി കഴിഞ്ഞാൽ പിന്നെ ഷോപ്പിംഗ് പരിപാടികൾ ആയി.

യമുന: എല്ലാ തവണയും യമുനയെ കാണുക മാത്രമാണ്, പക്ഷേ.എന്റെ മൂന്നാമത്തെ യാത്രയിൽ ഭഗവാൻ നദി കടക്കുവാനുള്ള അനുവാദം തന്നു .. "കണ്ണനെയും കൊണ്ട് യമുന കടക്കുന്ന വസുദേവരും, ഈ ഒരു നിമിഷത്തിനു വേണ്ടി എത്രയോ വർഷങ്ങളായി കാത്തിരിക്കുന്ന യമുനയും, ഒരു മാത്ര തന്റെ കണ്ണനെ ഒന്നുതൊടുവാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു ആടി ഉലഞ്ഞു നോക്കുന്ന യമുന നദി...അപ്പോൾ അതാ ആകാശത്തിൽ നിന്നും ചന്ദ്രൻ അവളെ നോക്കി പറയുന്നു, ഞാൻ കണ്ടല്ലോ നിന്റെ കണ്ണനെ. യുമനയ്ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കളിയാക്കലുകൾ. ഒരു ഭക്ത ദുഖിക്കുന്നത് ഇഷ്ടമല്ലാത്ത നമ്മുടെ കണ്ണൻ ഈ സമയം തന്റെ ചെറുവിരൽ പതിയെ വെളിയിലേക്കു ഇട്ടു. യമുന കണ്ട മാത്രേ ആ കുഞ്ഞു വിരലിനെ തൊട്ടു തലോടി ആനന്ദിച്ചു. അങ്ങനെ അവൾ ആ നിർവൃതിയിൽ ഒഴുകി ഒഴുകി നടക്കുന്നു."അതേ ആ യമുനയിൽ കൂടി ഉള്ള ആനന്ദ യാത്ര അതായിരുന്നു ഞങ്ങളുടെ മൂന്നാമത്തെ യാത്രയിലെ ആദ്യ ദിവസത്തെ അനുഭവം ...പിന്നീടുള്ള ഭഗവാന്റെ ഓരോ ലീലകളും മനസിന് ആനന്ദം മാത്രം നൽകുന്നതും.

ഗോവർദ്ധനഗിരി പരിക്രമ: ഗോവർധന പരിക്രമം തന്ന അനുഭവവും എഴുതിയാൽ തീരില്ല. 21 കിലോമീറ്റർ നടക്കുന്ന ഇടയിൽ ഒത്തിരി ചെറിയ ക്ഷേത്രങ്ങളും കുളങ്ങളും, എല്ലാത്തിനും അതിന്റെതായ ഐതിഹ്യങ്ങളും ഉണ്ട്. ഗോവർധന ഗിരി നന്നേ വലിപ്പം ഉള്ള ഒരു മലയല്ല, ഓരോ ദിവസവും ഓരോ കടുക്മണിയോളം ചെറുതായി കൊണ്ടിരിക്കുന്നു എന്നാണ് ഐതിഹ്യം. നിറയെ പാറകൾ ഉള്ള ആ മലയിൽ കയറാൻ അവിടുത്തെ കുഞ്ഞുങ്ങൾ നമ്മളെ കാണുമ്പോൾ സഹായിക്കാൻ ഓടി വരും, കൈപിടിച്ച് കയറ്റുകയും ഇറക്കുകയും ചെയ്യുന്നു, പേര് ചോദിച്ചാൽ കണ്ണന്റെ പല നാമങ്ങൾ പറയുകയും ചെയ്യും, ആദ്യ യാത്രയിൽ പോയപ്പോൾ എന്നിക്കു ഒരു കന്നഹയ്യയെ ആണ് കിട്ടിയേ പക്ഷേ രണ്ടാമത്തെ യാത്രയിൽ അവന്റെ പേര് മറ്റെന്തോ ആണെന് ബാക്കി കുട്ടികൾ പറഞ്ഞു, പക്ഷേ അവൻ വന്നിരുന്നു കൂടേ ഉള്ള മറ്റൊരു ചേച്ചിയെ സഹായിക്കാൻ. 

ഗോവർദ്ധന പരിക്രമ വേളയിൽ ഗോവർദ്ധന്നത്തെ നമസ്കരിച്ചു മുകളിലേയ്ക്ക് കയറുമ്പോൾ ഒരു പാറയിൽ നിന്നും കുങ്കുമം വരും . കണ്ണനും രാധയും മലകളായ മലകളിൽ കൂടി പോകുന്ന നേരം രാധ പൊട്ടുതൊട്ടില്ല എന്നു കണ്ട് അവിടുത്തെ പാറയിൽ നിന്നു എടുത്തണിയിച്ചു, അതിനു ശേഷം ആണ് ഈ പാറയിൽ നിന്നും സിന്ദൂരം വരുന്നത്. എന്റെ കണ്ണാ ഞാനും ആ സിന്ദൂരം തൊട്ടു...എനിക്കു എന്റെ കണ്ണൻ തൊട്ടു തരുന്നതു പോലെ! രാത്രി റൂമിൽ എത്തിയിട്ടും ആ സിന്ദൂരം മായിക്കണമല്ലോ എന്ന സങ്കടത്തിൽ മുഖം പോലും കഴുകിയില്ല.

എന്റെ അമ്മയെയും കൂട്ടി കൊണ്ട് പോയ രണ്ടാമത്തെ യാത്രയിൽ, ശരത് പൂർണിമ ദിവസം തന്നെ ഗോവർദ്ധനഗിരി പരിക്രമം പൂർത്തിയാക്കാൻ കഴിഞ്ഞു. കൂടേ വന്നിരുന്ന സജിത്ജിയുടെ നിർദേശപ്രകാരം ആണ് ആ ദിവസം പോകാം എന്നു തീരുമാനിച്ചതും. പുർണചന്ദ്രൻ ഞങ്ങൾക്ക് വഴികാട്ടിയായി ഒപ്പം നിന്നു. ഏറ്റവും സന്തോഷം എന്റെ അമ്മ 21 കിലോമീറ്ററും നടന്നു. ശരിക്കും ഭഗവാൻ താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നു എന്നതാണ് പരമാർത്ഥം.

ഓരോ യാത്രകളും വ്യത്യസ്തം ആദ്യത്തേ യാത്ര എപ്പോഴും നമ്മുക്ക് പ്രിയപ്പെട്ടതും...രണ്ടാമത്തെ യാത്രയിൽ എന്റെ അമ്മ ഉണ്ടായിരുന്നു കൂടെ ..അമ്മ പോയി ഒരു വർഷം തികയുന്ന അന്നാണ് ഞങ്ങൾ ഗോവർദ്ധനഗിരി പരിക്രമം നടത്തിയതും . യാത്രകൾ ചെയ്യാൻ ഇഷ്ടം ഉള്ള അമ്മ ആ ഒരു ഇഷ്ട്ടം എനിക്കും പകർന്നു നൽകി എന്നു പറയട്ടെ..ഓരോ യാത്ര കഴിയുമ്പോഴും ഇനി യാത്രകൾക്കില്ല എന്നാണ് അമ്മ പറയുക എന്നാലും ഒരു തവണ കൂടി വൃന്ദാവനിലേയ്ക്ക് വരണം എന്ന ആഗ്രഹം ഉണ്ടായിരുന്നു , എന്തായാലും അമ്മ പോയ ദിവസം തന്നെ ഞാൻ അമ്മയുടെ സന്തത സഹചാരി ആയ വടിയും പിടിച്ചാണ് നടന്നതും ..കഴിഞ്ഞ രണ്ടു തവണയും പുറകിൽ എല്ലാവരെയും സഹായിച്ചു നടന്നെങ്കിൽ, ഈ മൂന്നാമത്തെ യാത്രയിൽ ഞാൻ നടന്നത് മുൻപിലും..ആ വടിയിലൂടെ അമ്മ കൂടെ ഉണ്ടായിരുന്നു എന്ന തോന്നലിൽ ആണ് നടന്നതും, ഇങ്ങനെ വായിക്കുമ്പോൾ എല്ലാവരും ചിന്തിക്കും ഒരു വോക്കിങ് സ്റ്റിക്കിൽ എന്തു കാര്യം അല്ലെ! പക്ഷേ അമ്മ പറയാറുള്ളത് അതു ഭഗവാന്റെ കൈകൾ പിടിക്കുന്നതിനു തുല്യം എന്നാണ്. ഓരോ സ്ഥലത്തും അമ്മ എവിടെയൊക്കെ ഇരുന്നുവോ, എന്തൊക്കെ മുഖ ഭാവങ്ങൾ (എന്റെ അമ്മ എക്സ്പ്രഷൻസിടാൻ ഭയകര മിടുക്കി ആണേ, പ്രത്യേകിച്ച് പുച്ഛം, അത് ഇപ്പോൾ എനിക്കും കിട്ടി എന്നതാണ് സത്യം )കാണിച്ചിരുന്നു എന്നത് പോലും ഞാൻ വ്യക്തമായി കണ്ടിരുന്നു ഈ മൂന്നാമത്തെ എന്റെ പരിക്രമ വേളയിൽ❤️🙏🏻

വൃന്ദ കുണ്ഡ് : വൃന്ദ റാണിയുടെ അനുവാദം ഇല്ലാതെ വൃന്ദാവന യാത്ര സാധ്യമല്ല എന്നാണ്. മനോഹരമായ ഈ പ്രദേശത്തേയ്ക്കു പോയത് എന്റെ മൂന്നാമത്തെ യാത്രയിലും. വൃന്ദറാണിയ്ക്ക് തുളസി എന്നും നാമം ഉണ്ട്. ഒരു നല്ല ക്ഷേത്രം ആണ് ഇവിടം, വൃന്ദ ദേവിയുടെ ക്ഷേത്രം ആണ്, നേരെ മുൻപിൽ ആയി ഈ കുളവും. വൃന്ദ റാണിയുടെ ഇടതു ഭാഗത്തു ഒരു മഞ്ഞ തത്തയുണ്ട്, പേര് ദക്ഷ എന്നും ആണ്, ഈ മഞ്ഞ തത്തയാണ് ആണ് വൃന്ദാവനത്തിലെ എല്ലാ വിശേഷവും വൃന്ദാ ദേവിയോട് പറയുക നമ്മുടെ ഓരോരുത്തരുടെയും സന്തോഷവും ദുഖവും ഒക്കെ അറിയിക്കുക ഈ മഞ്ഞ തത്തയാണ് .അവിടെ ധാരാളമായി നിൽക്കുന്ന മരങ്ങളിൽ യഥേഷ്ടം തത്തകളെ കാണാനാകും, അങ്ങനെ ഉള്ള രണ്ടു മഞ്ഞ തത്തയെ കാണുവാൻ ഉള്ള ഭാഗ്യവും ലഭിച്ചു, ശരിക്കും വേറിട്ട ഒരു നിറം തന്നെയാണ് ഈ തത്തകൾക്കു.

മനസരസ്: എന്റെ ആദ്യ യാത്രയിൽ പോയതാണ് മനസരസ് എന്ന പുണ്യ തീർത്ഥത്തിൽ.വൃന്ദവനത്തിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ കുളങ്ങളാണ്‌, ഓരോ സ്ഥലത്തും ഓരോ കുണ്ട് എല്ലാത്തിനും ഓരോ കഥകൾ പറയാനും ഉണ്ട്. ഈ സ്ഥലത്തു ഞാൻ കേട്ടത് രണ്ടു ഐതിഹ്യങ്ങൾ ആണ്, അതിൽ എന്നിക്കു മനസിന്നു ഇഷ്ടപ്പെട്ട കഥ ആദ്യം എഴുതട്ടെ;

രാധാദേവി ഒരു ദിവസം രാസലീലയ്ക്ക് എത്താൻ വൈകി. കൃഷ്ണൻ ആകട്ടെ, രാധ വരുന്നതു വരെ കാത്തിരുന്നതുമില്ല. രാധയില്ലാതെ രാസലീല തുടങ്ങി. രാധറാണിയ്ക്ക് സങ്കടം സഹിക്കവയ്യാതെ മനസരസ്സിന്റെ കാടുകളിലേയ്ക്ക് ഓടിപ്പോയി പോലും. നമ്മുടെ കണ്ണൻ ഇതൊന്നും അറിഞ്ഞില്ല. കുറെ നേരത്തിനുശേഷം രാധയെ കാണാതെ അന്വേഷിച്ചപ്പോൾ ആണ് രാധ ദേവി പിണങ്ങി പോയിരിക്കുന്നു എന്നു മനസിലാകുന്നത്, കാട്ടിനുള്ളിൽ അന്വേഷിച്ചു നടന്നപ്പോൾ കണ്ടതാകട്ടെ കരഞ്ഞു കൊണ്ടിരിക്കുന്ന രാധയെ, രാധാദേവിയുടെ സങ്കടം കണ്ട് ആ പാദാരവിന്ദങ്ങളിൽ വീഴുകയും തന്റെ ഓടക്കുഴലും ആ പാദങ്ങളിലേയ്ക്ക് വെച്ചു, എന്നിട്ടു ഭഗവാന്റെ നെറ്റിയിലേക്ക് ആ കാല്പാദം വെച്ചു വണങ്ങി.  

ഭഗവാൻ രാധയുടെ പാദങ്ങളിലേയ്ക്ക് വീഴുക....!! ഓർക്കുമ്പോഴേ..... എന്റെ കണ്ണാ......❤ രാധയോടുള്ള പ്രണയഭാവം, രാധയുടെ കണ്ണുനീർ പോലും കണ്ടു നില്ക്കാൻ കഴിയാത്ത ആ കൃഷ്ണരൂപം.... എന്റെ കണ്ണാ.... ഞാൻ എന്ത് എഴുതും... വാക്കുകൾക്കും അതീതം ആ അനുഭവം. രാധയുടെ കണ്ണുനീർ വീണ് ഉണ്ടായ ജലം ആണ് മനസരസ്സിലെ വെള്ളം എന്നാണ് ഐതിഹ്യം. അതു കൊണ്ട് തന്നെ അത്രയും പവിത്രത ഉണ്ട് ആ ജലത്തിന്.

രണ്ടാമത്തെ ഐതിഹ്യവും, ഒരിക്കൽ മഹാദേവനു രാസലീല കാണാൻ ഒരു ആഗ്രഹം ഉണ്ടായി. അതറിയിച്ചപ്പോൾ ഭഗവാൻ പറഞ്ഞു, രാസലീല കാണണമെങ്കിൽ വൃന്ദാവനത്തിന്റെ അധിപ, വൃന്ദാ റാണിയുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ രാസലീല കാണാൻ പറ്റുകയുള്ളൂ. അങ്ങനെ വൃന്ദാദേവി പറഞ്ഞതനുസരിച്ചു ഈ മനസരസ്സിൽ മുങ്ങിയെണീറ്റപ്പോൾ മഹാദേവൻ ഗോപേശ്വർ ആയി എന്നുമാണ്. പക്ഷെ എന്ത് കൊണ്ടോ എനിയ്ക്ക് ഈ രാധാകൃഷ്ണ പ്രണയത്തിനോടാണ് ഏറെ ഇഷ്ടം. അവിടെ ഗോപേശ്വർ ആയി മഹാദേവനും ഒരു ക്ഷേത്രം ഉണ്ട്, സന്ധ്യ സമയം മഹാദേവനെ ഇവിടേ ഗോപേശ്വർ ആയി അണിയിച്ചൊരുക്കുകയും ചെയ്യും. 

ബാൺഡീർവൻ: രാധാകൃഷ്ണ വിവാഹ സ്ഥൽ എന്നാണ് പറയുക, രാധയുടെയും കണ്ണന്റെയും വിവാഹം നടന്ന സ്ഥലം, വിവാഹം നടത്തി കൊടുത്തത് ബ്രഹ്മാവും ആണത്രേ. അവിടെ മൂന്ന് അൽമരം നിൽക്കുന്നുണ്ട്, ശരിക്കും രാധയുടെ കൈകൾ ഭഗവാന്റെ കയ്യിലേയ്ക്ക് കന്യാധാനം കൊടുക്കുന്നതായി പ്രകൃതി തന്നെ ദൃഷ്ടാന്തം കാണിച്ചുതരുന്നു അവിടെ.  


വംശീ വട് : ഒരു വലിയ വട വൃക്ഷം ഉണ്ട്  ഇവിടെ . ഗോക്കളെ കാട്ടിൽ നിന്നു തിരികെ വിളിക്കുവാ കണ്ണൻ അതിന്റെ മുകളിൽ ഇരുന്നു ഓടക്കുഴൽ വായിക്കും എന്നും ഭഗവാൻ മഥുരയ്ക്ക് പോയ ദുഃഖത്തിൽ അദ്ദേഹത്തിന്റെ പ്രിയ മിത്രം ശ്രീധാമൻ കണ്ണൻ അണിഞ്ഞിരുന്ന വസ്ത്രവും ഉപേക്ഷിച്ചിരുന്ന ഓട കുഴലും വായിച്ചു വായിച്ചു ഒരു വലിയ വട വൃക്ഷമായി മാറി എന്നും പറയുന്നു. ഈ വൃക്ഷത്തിൽ കാതോർത്തു നിൽകുമ്പോൾ പലർക്കും ഓടകുഴൽ നാദവും ഡമരുവിന്റെ ശബ്ദവും ഒക്കെ മാറി മാറി കെട്ടവരുണ്ട്. 


ഭഗവാൻ ഗോക്കളെ മേയ്ക്കാൻ വന്നിരുന്ന ആ വനത്തിലൂടെ ഒറ്റയ്ക്കു നടക്കുക .അതെ, ഞങ്ങളെ കൊണ്ട് പോയ ഗ്രൂപ്പ് അങ്ങനെയും ഒരു യാത്ര ഒരുക്കി തന്നിരുന്നു. എവിടെയും രാധയും കൃഷ്ണനും മാത്രം. രാധേ രാധേ എന്ന മന്ത്രം ഉരുവിടുന്തോറും അതൊരു ശക്തി മന്ത്രമായി മാറുന്നു, അതിലുപരി അതിലൂടെ കിട്ടുന്ന ആനന്ദവും...ഒരു ചിന്തകളും അലട്ടാതെ നടന്നു നീങ്ങിയപ്പോൾ മയിലുകളുടെയും അനവധി കിളികളുടെയും മുഖരിതമായ ശബ്ദത്തിൽ അനന്ദിച്ചു .ഈ വനത്തിൽകൂടി നടന്നപ്പോൾ എവിടുന്നോ ചീറിപ്പാഞ്ഞു ഒരു കുതിരയെ കണ്ടിരുന്നു, അവിടെ ഉള്ള ആളുകളോട് ചോദിച്ചപ്പോൾ അങ്ങനെ ഒരു കുതിരയേ ഇതിനു മുൻപാരും കണ്ടിട്ടില്ല, വീണ്ടും എന്റെ കണ്ണാ എന്ന വിളിക്കുക അല്ലാതെ എന്ത് പറയാൻ 

 എന്നിരുന്നാലും ഓർക്കുന്തോറും അനുഭവങ്ങളുടെ ഒരു പേമാരിയാണ്. എവിടെയും രാധയും കൃഷ്ണനും മാത്രം. രാധേ രാധേ എന്ന മന്ത്രം ഉരുവിടുന്തോറും അതൊരു ശക്തി മന്ത്രമായി മാറുന്നു, അതിലുപരി അതിലൂടെ കിട്ടുന്ന ആനന്ദവും.

പിന്നീടുള്ള ചാർധാം യാത്ര ആദികേദാർ-ആദിബദരിയിലേയ്ആയിരുന്നു, ഈ സ്ഥലം സ്ഥിതി ചെയുന്നത് രാജസ്ഥാനിൽ ആണ്. . 

ആദികേദാറിലേയ്ക്ക് ഓം നമ ശിവായ ജപിച്ച് ആ 350 പടികൾ കയറിയാണ് മുകളിലേക്ക് കയറുക, അവിടെ ആ ഗുഹയിലെയ്ക്ക് ഇറങ്ങി ശിവലിംഗം തൊട്ടു വണങ്ങി മുകളിലേക്ക് കയറി ആ വലിയ നന്ദിയെ തൊട്ട് നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതി നിന്നപ്പോൾ ഉണ്ടായ അനുഭവം എന്നെ വളരെയധികം ഇമോഷണൽ ആക്കി.

അവിടെ നിന്ന് ചരണപഹാടിയിലേക്ക്, ഇവിടേ കണ്ണന്റെ കാൽ പാദം പതിഞ്ഞ ഒരു കല്ലും ഉണ്ട്. കുഞ്ഞു കണ്ണൻ കാൽ കുത്തി താഴേക്ക് ചാടിയ ലുക്കു ലുക്ക് കുണ്ഡ്, ലുക്ക് ലുക്ക് എന്നു പറഞ്ഞാൽ ഒളിച്ച കണ്ടേ എന്നാണ് അർത്ഥം. അതിമനോഹരമായ കാഴ്ചയും അനുഭവവും തന്നു ഈ പുണ്യ പ്രദേശവും. ഇവിടെയും ആ തലോടൽ ഞാൻ അനുഭവിച്ചു. ഒളിച്ചേ കണ്ടേ കളിക്കുന്ന കണ്ണന്റെ കൂടെ ഞാനും ഉണ്ടായിരുന്നോ,ഉണ്ടായിരിക്കാം ഒരു ഗോപികയായിട്ടോ അതോ ഗോപാലകനോ അതും അല്ലെങ്കിൽ കണ്ണന്റെ ചുറ്റും ഓടി നടക്കുന്ന മയിലായിട്ടോ വൃന്ദാവനത്തില്ലേ ഒരു കല്ലായിട്ടെങ്കിലും ജീവിച്ചിരിക്കാം… അവിടെ ആകാശത്തേയ്ക്ക് നോക്കുമ്പോൾ മേഘ കൂട്ടങ്ങളിൽ ഗോലോകത്തെ എല്ലാ മൃഗങ്ങളും ആനന്ദിക്കുന്നതായി തോന്നി....ആ പാറകൂട്ടങ്ങൾക്ക് ചുറ്റും അനവധി നൃത്തം ആടുന്ന മയിലുകളെയും കാണാൻ കഴിഞ്ഞു.  

നിദുവൻ: രാസലീല ഇന്നും നടക്കുന്ന ആനന്ദഭൂമി. രാധാകൃഷ്ണമാരും, അഷ്ട ഗോപികമാരും രാസലീലയ്ക്ക് വരുന്നു ഇവിടെ ഇന്നും, വൈകിട്ട്, 6 മണിയോടെ ആളുകളെ ഒഴിപ്പിക്കുകയും, പക്ഷികളും, ഒത്തിരി കുരങ്ങന്മാരുള്ള ഇവിടെ നിന്നും, ഉറുമ്പുകൾ സഹിതം പോകും എന്നത്‌ ഇന്നും സത്യമായ നടക്കുന്ന ഒരു കാര്യം ആണ്. അവിടെ ചുറ്റിനും ഉള്ള വീടുകളുടെ ജനാലകൾ പോലും കറുത്ത പേപ്പർ കൊണ്ട് അടച്ചിരിക്കുന്നതായി കാണാം. 

 ആനന്ദ ഭൂമിയാണ് ഇവിടേ, പാടാനും ആടാനും മാത്രമായി ഉണ്ട് ഒരു സ്ഥലം, ശരിക്കും ഞങ്ങളും അവിടെ ഉണ്ടായിരുന്ന ബാക്കി ആളുകളും എല്ലാവരും ചേർന്നുള്ള നൃത്തവും സന്തോഷവും പറഞ്ഞറിയിക്കാനോ എഴുതി ഭലിപ്പിക്കാനാവുന്നതോ അല്ല, മറിച്ചു അനുഭവിക്കണം ഈ രസലീല കണ്ണന്റെ വൃന്ദവനത്തിൽ നിന്നു മാത്രം കിട്ടുന്ന ഒരു ആനന്ദം ആണ്.

ബാങ്കേ ബീഹാരി ക്ഷേത്രം: ഇവിടെ കുഞ്ഞു കണ്ണന്റെ രൂപത്തിൽ ആണ് കണ്ണനെ കാണുന്നത്. അതിനാൽ വെളുപ്പിന് ഈ ക്ഷേത്രം തുറക്കില്ല. എല്ലാ 5 മിനുട്ടുകളിലും കർട്ടൻ വലിച്ചിടും, ഉണ്ണി കണ്ണന് ബുദ്ധിമുട്ടു ഒന്നും ഉണ്ടാകരുത് എന്നാണ് വിശ്വാസം. 

ഗോസ്വാമി ക്ഷേത്രങ്ങൾ: ചൈതന്യ മഹാപ്രഭുവിന്റെ ആറ് ശിഷ്യരാണ് വൃന്ദാവനത്തിലെ ഗോസ്വാമികൾ. അവരുടെ പേരിൽ ആറ് ക്ഷേത്രങ്ങളും ഉണ്ട്. ഇവ ഗോസ്വാമി ക്ഷേത്രങ്ങളായി അറിയപ്പെടുന്നു. ഈ ഗോസ്വാമികൾ പൂജിച്ച വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലും കൂടാതെ അവരുടെ സമാധിയും ഈ ക്ഷേത്രത്തിൽ ഉണ്ട്. 

 ശ്രീ രാധ മദന മോഹൻ ക്ഷേത്രം- സനാഥൻ ഗോസ്വാമി.

ശ്രീ രാധ ഗോവിന്ദ ക്ഷേത്രം - രൂപ ഗോസ്വാമി 

ശ്രീ രാധ ഗോപിനാഥ് ക്ഷേത്രം- മധു പണ്ഡിറ്റ്‌ ഗോസ്വാമി 

ശ്രീ രാധ ദാമോദർ ക്ഷേത്രം -ജീവ ഗോസ്വാമി

ശ്രീ രാധ ഗോകുലാനന്ദ ക്ഷേത്രം -ലോകനാഥ് ഗോസ്വാമി 

ശ്രീ രാധ ശ്യാം സുന്ദർ-ശ്യാമാനന്ദ് ഗോസ്വാമി 

ശ്രീ രാധ രമൺ- ഗോപാൽ ഭട്ടാ ഗോസ്വാമി 

രാധ കൃഷ്ണന്മാർ ഇവർക്ക് മുൻപിൽ പ്രത്യക്ഷത്തിൽ വന്നിട്ടും ഉണ്ട്. ഇതിൽ രാധ മദൻ മോഹൻ ക്ഷേത്രത്തിലെ ഒരു കഥ കേട്ടിരുന്നു. ഒരു 35 വർഷം മുൻപോ മറ്റോ നടന്നതായിട്ടാണ് പറയുന്നത്. പൂജാരി രാവിലേ വരുമ്പോൾ സെക്യൂരിറ്റി പറയും പോലും എപ്പോൾ നട തുറക്കല്ലേ കാരണം, രാധയും കൃഷ്ണനും രാസലീല കഴിഞ്ഞു വന്നതേ യുള്ളൂ, കുറച്ചു സമയം കൂടി ഉറങ്ങട്ടെ എന്നും. പൂജാരി ആണെങ്കിൽ ഞാൻ പൂജ ചെയുന്ന ഇവരെ എനിക്ക് കാണാൻ സാധിച്ചില്ലലോ എന്ന സങ്കടത്തിലും. അങ്ങനെ പിറ്റേന്ന് രാവിലേ ഈ സെക്യൂരിറ്റിയെ തൊട്ടു നിന്നപ്പോൾ അദ്ദേഹത്തിന് കാണാൻ സാധിച്ചു, രാധാകൃഷ്ണന്മാർ ഓടി വരുന്നത് എന്നാണ്. അങ്ങനെ എത്രയോ കഥകൾ ഉണ്ട് ഈ വ്രജ ഭൂമിയിൽ.  

 അവസാനം കൃഷ്ണപ്രവാഹ ആശ്രമത്തിലേ രാസലീലയിലൂടെ കൺ മുന്നിൽ വന്നു നിന്ന കണ്ണനും രാധയും, എന്തു പറയണം ഓരോ അനുഭവങ്ങളെ കുറിച്ച് എന്നറിയില്ല. കണ്ണനെ പാവാട ഉടുപ്പിക്കാൻ വിളിച്ചതും , പന്തെറിഞ്ഞ് തന്നത് നേരെ എന്റെ മടിയിൽ വന്നു വീണതും പിന്നീട് പൂവിടാൻ കിട്ടിയതും എല്ലാം ഒരു സ്വപനം പോലെ നടന്നു.

ഞങ്ങളുടെ യാത്രയിൽ ഉടനീളം രണ്ട് തത്തകൾ കൂടെ തന്നെ ഉണ്ടായിരുന്നു. എവിടെ പോയാലും രണ്ടെണ്ണം ഉണ്ടാകും കണ്ണാ എന്നും കൃഷ്ണാ എന്നും ഉള്ള വിളികളൊടെ ഞങ്ങളുടെ പിന്നാലെ കൂടിയ ഇവ രണ്ടും രാധയും കൃഷ്ണനുമാണോ, അതെ രാധാകൃഷ്ണന്മാർ തന്നെയാണ് എന്നു വിശ്വസിക്കാൻ തന്നെ ആണ് ഇഷ്ടം. പലപ്പോഴും ഇത്രെയും സ്നേഹമുള്ള കണ്ണൻ എന്തിനാണ് രാധയെ വിട്ടു മഥുരയ്ക്ക് പോയത് എന്നു ആലോചിച്ചിരുന്നു, ഒരിക്കലും തിരികെ വന്നിട്ടും ഇല്ല എന്നാണല്ലോ, പക്ഷേ പിന്നീട് മനസിലായി രാധയും കണ്ണനും ഒന്നാണ്, അവർ ഒരിക്കലും പിരിഞ്ഞിട്ടും ഇല്ല എന്നതും. 

 ഈ ആനന്ദഭൂമിയിലെയ്ക്ക് വരാനുള്ള ഭാഗ്യം ഇന്നിയും ലഭിക്കണേ എന്ന പ്രാർത്ഥനയിൽ ആണ് മടങ്ങാറും. ഇവിടെ എന്റെ യാത്രനുഭവം മാത്രം പങ്കു വയ്ക്കുന്നു. അതു കൊണ്ട് ഒരോ ദിവസത്തെ ക്രമമായ യാത്രകൾ അല്ല ഞാൻ എഴുതിയിരിക്കുന്നതും ....എന്റെ ഭഗവത് അനുഭവം മാത്രം ..

ഇനിയും ഈ മണ്ണിലേക്ക് കൊണ്ട് വരണമേ എന്ന പ്രാർത്ഥനയുമായി “രാധേ രാധേ” എന്ന മന്ത്രം ഉരുവിട്ട് യാത്ര തിരിച്ചു. എത്ര എഴുതിയാലും പങ്കു വെച്ചാലും തീരാത്തത്ര നിമിഷങ്ങൾ ആണ് വൃന്ദാവന യാത്ര. ശെരിക്കും ഓരോ യാത്രികരെയും അങ്ങനെ കൊണ്ട് എത്തിക്കുന്നത്‌ ഞങ്ങളുടെ കൂടേ എല്ലാ കാര്യങ്ങളും പറഞ്ഞും മനസിലാക്കിയും തരുന്ന മോചിതയാണ്. ഈ യാത്രയ്ക്ക് ശേഷം എന്നോട് എഴുതൂ എന്ന് പറഞ്ഞു ഉത്സാഹിപ്പിച്ചതും മോചിയാണ്. അങ്ങനെയാണ്  എഴുതി തുടങ്ങിയതാണ് എന്റെ യാത്ര വിവരണങ്ങളും.

രാധേ രാധേ 


15-08-2025

DT

Comments

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം