FLAMES
ഒരു ബുക്ക് പ്രസിദ്ധീകരിക്കണം എന്ന ഒരു ആഗ്രഹം തലയ്ക്കു പിടിച്ചപ്പോൾ ആണ് എന്റെ ഒരു ബ്ലോഗിന് അവാർഡ് കിട്ടിയേ. പിന്നെ ഞാൻ ഉറപ്പിച്ചു എന്ത് വന്നാലും ഞാൻ എന്റെ ഈ ആഗ്രഹം നടത്തും. അപ്പോൾ അറിയുന്നു ഒരു ബുക്ക് പ്രസിദ്ധീകരിക്കണമെങ്കിൽ ഒരു വിവരം ഉള്ള ആളുമായി സംസാരിക്കണം. അങ്ങനെ ആദ്യം ഇവിടേ തിരുവനതപുരത്തുള്ള എന്റെ സുഹൃത്ത് രാജു എന്ന രാജീവുമായി ഒരു പ്രസാദ്ധകനെ പോയി കണ്ടിരുന്നു, പക്ഷേ ഞങ്ങൾക്ക് രണ്ടു പേർക്കും ആ പുള്ളിയെ അത്രയ്ക്ക് ബോധിച്ചില്ല. അങ്ങനെ എന്റെ നഴ്സറി സ്കൂൾ മുതൽ ഉള്ള ചങ്ങായിമാരായ വിജയനും വിനുവും, ഞങ്ങളുടെ തന്നെ കൂടേയുള്ള രാജുവിനെ കുറിച്ച് പറയുന്നത്, ഈ രാജുവും രാജീവ് തന്നെ ആണ്. ഈ പുള്ളികാരൻ എഴുത്തു ലോകവുമായി ബന്ധം ഉണ്ടെന്നും, അങ്ങനെ ഫസ്റ്റ് സിറ്റിംഗ് കഴിഞ്ഞപ്പോൾ രാജു എന്നോട് പറഞ്ഞു എഴുതുന്നതൊക്കെ കൊള്ളാം പക്ഷേ ഈ എഴുതിയതൊന്നും പോരാ, ഞാൻ എഴുതിയ എല്ലാ ബ്ലോഗില്ലും എഴുതി തീർക്കാനുള്ള വേപ്രളം കാണുന്നു , ആഹാ ഇത്രയ്ക്കും എന്നെ മനസിലാക്കി കളഞ്ഞല്ലോ എന്നായി ഈ ഞാനും… എന്തായാലും അന്ന് മുതൽ പുതിയ പേന, പുതിയ ബുക്ക് പിന്നെ എന്റെ സ്വന്തം സന്തത സാഹചാരി ആയ എന്റെ ടാബും കൂടി യാത്ര തുടങ്ങി… പക്ഷേ അക്ഷരങ്ങൾ വല്ലതും വരുമോ അതില്ലതാനും … എന്തായാലും ലക്ഷ്യം എങ്ങനെയും ഒരു ബുക്ക് പ്രസിദ്ധീകരിക്കണം എന്നാണല്ലോ… അങ്ങനെ എഴുതാനുള്ള മല്പിടുത്തത്തിൽ ടോപിക്കുകൾ തപ്പി തപ്പി, ഇനി എന്ത് എന്ന ചിന്തിച്ചിരുന്നപ്പോഴാണ് ഒരു 5 പ്രാവിശ്യമെങ്കിലും തീയേറ്ററിൽ പോയി കണ്ട തമിഴ് സിനിമ,’96’ OTT യിൽ കാണുന്നു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു അത്, അതിലെ ഓരോ സീനും എന്റെ സ്കൂൾ ജീവിതത്തിലേയ്ക്കാണ് കൂട്ടി കൊണ്ട് പോയത് കൂടേ എന്റെ സ്വന്തം FACT യിലേയ്ക്കും.
ഈ 53 വയസുകാരി അങ്ങനെ ഒരു സിനിമയിലെ സംഭവത്തെ കുറിച്ചെഴുതിയാൽ ആളുകൾ എന്ത് വിചാരിക്കും എന്നൊക്കെ ആലോചിച്ചെങ്കിലും, നമ്മൾ വിചാരിക്കാത്തത് പോലും ഇന്നത്തെ കാലത്തു ഒരു ജോലിയും കൂലിയും ഇല്ലാത്തവർ വായിച്ചെടുക്കുന്നുണ്ട് അപ്പോൾ അങ്ങനെ ഉള്ളവർക്ക് എന്റെ മനസിൽ സ്ഥാനം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ എഴുതുന്നു.
വേറെ ഒന്നും അല്ല, മിക്സഡ് സ്കൂളിൽ ആണ് പഠിച്ചിരുന്നത് എങ്കിൽ ഈ ഒരു ഗെയിം കളിക്കാത്തവരായി ആരും കാണില്ല. അങ്ങനെ ആ ഗെയിം കളിക്കാത്തവരായിട്ട് ഉണ്ടെങ്കിൽ അതവരുടെ സ്കൂൾ ജീവിതത്തിലെ എറ്റവും വലിയ നഷ്ട്ടവുമാണ്. ഈ ഗെയിമിന്റെ പേരാണ് FLAMES. അപ്പോൾ എന്താണ് ഈ FLAMES:
Friends
Love
Affectionate
Marriage
Enemies
Siblings
ഇതാണ് ഈ FLAMES ന്റെ രത്നചുരുക്കം. എന്റെ കാലഘട്ടത്തിൽ ഇന്നത്തെ പിള്ളേർസ് പറയുന്ന പോലെ പ്രൊപോസൽസ് ഒന്നും ഇല്ലായിരുന്നു. പയ്യന്മാർ, പെൺപിള്ളേരുടെ പുറകെ നടക്കും, സൈക്കിളിലും മറ്റും ശൂളം അടിച്ചു പോകുമായിരുന്നു, ഇരട്ട പേരുണ്ടെങ്കിൽ അതും വിളിച്ചു കളിയാക്കും. പക്ഷേ, നമ്മൾ ഉണ്ടോ മൈൻഡ് ചെയ്യുന്നു, വലിയ സ്റ്റൈലിൽ പോകും അവരെ മൈൻഡ് ചെയ്യാതെ നടക്കും. വേറെ ഒരു കൂട്ടം പുറകെ നടന്നു “കൂയി” എന്നു വിളിച്ചു നടക്കും എന്നാൽ മറ്റൊരു കൂട്ടർ ആകട്ടെ മതിലിലും റോഡിലും ഒക്കെ പേര് എഴുതി പിടിപ്പിക്കും. പിന്നെ ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുന്ന സമയം ആണ് സുഖമാ ദേവി സിനിമ ഇറങ്ങിയത്, പിന്നീടുള്ള എന്റെ ജീവിതം, സാറെ, സ്കൂൾ ഗ്രൗണ്ടിൽ കാലു കുത്തുമ്പോൾ തന്നെ തുടങ്ങും സുഖമാ ദേവി പാടി തകർക്കാൻ…കൂടാതെ സ്‌കൂളിലോട്ടു കയറുമ്പോൾ മുകളിൽ നിന്നും പേപ്പർ കഷ്ണങ്ങൾ ഇടുക, പൊട്ടിയ കണ്ണാടി വച്ചു ക്ലാസ്സ് റൂമിലേക്ക് റിഫ്ലക്ഷൻസ് അടിക്കുക. ഇതും പോരാത്തതിന് വീട്ടിലെ ഇന്റർകോം ഫോണിലും പിന്നെ ഞങ്ങളുടെ ക്വാട്ടേഴ്‌സിൽ വളരെ വിരളമായി ഉണ്ടായിരുന്ന STD ഫോണിലേയ്ക്കും പാട്ടുകൾ വച്ചു കേൾപ്പിക്കുക ഒരു നിത്യ വിനോദമായിരുന്നു ഈ ഹൈടെക് പൂവാലമാർ. STD ഫോണുകൾ അന്ന് എല്ലാ വീട്ടിലും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ മിക്ക അയൽ വീടുകളിൽ അവരുടെ നാട്ടിൽ നിന്നു വരുന്ന കാളുകൾ ഞങ്ങളുടെ വീട്ടിൽ ആയിരിക്കും. ഓരോ വീട്ടിലും കാൾ വന്നു എന്ന് പോയി പറയുന്ന ജോലി എന്റെയും. അച്ഛൻ അന്ന് ഷിപ്പിങ് ഡിവിഷനിൽ ആയതു കൊണ്ടായിരുന്നു ഞങ്ങൾക്ക് STD ഫോൺ ഉണ്ടായിരുന്നത്. ഇന്നും ആ രണ്ടു ഫോൺ നമ്പറും എന്നിക്കു ഓർമയുണ്ട്, അങ്ങനെ ഓർമയുണ്ടെന്നു പറഞ്ഞപ്പോൾ ഒരു സുഹൃത്ത് ചോദിക്കുന്നു, അവരുടെ വീട്ടിലെ നമ്പർ ഓർമ്മയുണ്ടോന്നു. സത്യം പറഞ്ഞാൽ കുറെ കാര്യങ്ങൾ ഒക്കെ ഞാൻ മറന്നു.. എന്നിരുന്നാലും എന്റെ ഓർമ്മകളിൽ വരുന്ന ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.
വൈകുനേരം ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ ഷട്ടിൽ കളിക്കാൻ പോകുമായിരുന്നു, അവിടെയും ഉണ്ടാകും ഈ സ്നേഹനിധികളുടെ കാത്തിരിപ്പ്. ഇതു എന്റെ മാത്രം കാര്യം അല്ലാട്ടോ ഞാൻ എഴുതുന്നത്. അന്നത്തെ കാലത്തെ ഒരു സ്റ്റൈൽ ഇങ്ങനെയാണ്. ആരും തമ്മിൽ മിണ്ടൽസ് ഇല്ലല്ലോ, ചിരിക്കുന്നത് പോലും തെറ്റാണു എന്ന് പറഞ്ഞു പഠിപ്പിച്ചാണ് അമ്മ വീട്ടിൽ നിന്നു വിടുന്നത്. . ചിലരോടൊക്കെ ഒരു ചെറിയ ലൈക്കും ലവ്വും ഒക്കെ തോന്നുമെങ്കിലും അമ്മയുടെ ഉപദേശം കാതിൽ മുഴങ്ങും, ‘ഇല ചെന്ന് മുള്ളിൽ വീണാലും മുള്ളു ചെന്ന് ഇലയിൽ വീണാലും ഇലയ്ക്കാണ് കേടു’ അല്ലങ്കിൽ അമ്മയുടെ Malaysian സ്റ്റൈൽ ഇംഗ്ലീഷിൽ പറയും, ‘You are a white flower and if that get spoiled then you are finished”, സത്യം പറഞ്ഞാൽ ഈ പറഞ്ഞതൊന്നും മനസിലാകുന്ന പ്രായം ആണോ എന്ന് ചോദിച്ചാൽ അല്ല, പക്ഷേ അതിൽ എന്തോ ഭീകരത ഉണ്ടെന്നു മനസിലായിരുന്നു. നമ്മൾ നമ്മളെ പ്രൊട്ടക്ട് ചെയ്യുക എന്ന അടിസ്ഥാന തത്വം. ഇതേ സാധനം അതെ പോലെ ഞാൻ എന്റെ മക്കളോടും പറഞ്ഞിരുന്നു എന്നത് മറ്റൊരു വസ്തുത. ഇന്നത്തെ പോലെ ഗുഡ് touch and ബാഡ് touch പറഞ്ഞു പഠിപ്പിക്കലൊന്നും അന്നത്തെ അമ്മമാർക്കും പിന്നീട് ഞാൻ അമ്മ ആയപ്പോഴും എന്റെ അമ്മ എന്ത് ഉപദേശിച്ചു അതെ പോലെ തന്നെ എന്റെ മക്കളോടും പറഞ്ഞു കൊടുത്തു. അല്ലാതെ നമുക്കു വായിച്ചു പഠിക്കാൻ ഗൂഗിൾ ചേച്ചിയുടെ സഹായമോ ഇൻസ്റ്റാ റീൽസോ ഇല്ലാത്തതിനാൽ നമ്മുടെ അമ്മ തന്നെ ആണ് എല്ലാം.
അപ്പോൾ പറഞ്ഞു വന്നതു ഈ FLAMES നേ കുറിച്ചാണല്ലോ, എന്റെ ഒരു പതിനൊന്നു പന്ത്രണ്ടു വയസു പ്രായത്തിൽ ടീനേജർ ആകുന്ന സമയം ആണ് ഈ Flames ന്റെ ഒക്കെ പുറകെ പോകുന്നതും. ഈ പുറകെ നടക്കുന്ന ചില പയ്യന്മാരോട് നമ്മുക്കും ഒരു “ഇതു” തോന്നുമല്ലോ, അങ്ങനെ തോന്നുന്ന സമയത്തു ആണ് FLAMES ചെക്ക് ചെയ്യുക. അങ്ങനെ റഫ് ബുക്കിന്റെ ബാക്ക് സൈഡ് മുഴുവൻ FLAMES നോക്കൽസ് ആണ് ഞങ്ങളുടെ ഇന്റർവ്വലിലെ കലാപരിപാടി. അത് പുറകെ നടന്ന പയ്യന്മാരുടെ പേര് എഴുതി നോക്കുന്നതിലും കൂടുതൽ ഞങ്ങൾ പെൺപിള്ളേര് സിനിമ നടന്മാരെയോ ക്രിക്കറ്റ് താരങ്ങളുടെ പേര് ചേർത്ത് നോക്കും. എല്ലാ കാലത്തേയും ഹീറോ അമിതബ് ബച്ചൻ , അനിൽ കപൂർ, ജാക്കി ശ്രോഫ്, റഹ്‌മാൻ എന്നിവർ സിനിമയിൽ നിന്നാണെങ്കിൽ ക്രിക്കറ്റ് താരങ്ങളായ Ravi Shastri, Chethan Sharma അങ്ങനെ നീളുന്നു ലിസ്റ്റ്, ഇതിൽ എങ്ങനെങ്കിലും’ L’ അല്ലെങ്കിൽ ‘M’വരാൻ വേണ്ടി പാട് പെടും അക്ഷരങ്ങൾ ഹരിച്ചും ഗുണിച്ചും എഴുതി പിടിപ്പിക്കും പക്ഷേ ഒരിക്കലും “E’ അതായതു Enemy ആകരുതേ എന്നുള്ള പ്രാർത്ഥനയും ഉണ്ടാകും. ഇന്റർവെൽ സമയത്തെ കലാപരിപാടികൾ ആണ് ഈ വക സാധനങ്ങൾ. പിന്നെ രഹസ്യമായി ആരോടെങ്കിലും ഒരു ഇതു തോന്നിയാൽ അത് വീട്ടിൽ പോയിട്ടാകും നോക്കുക.
അങ്ങനെ ഞങ്ങൾ പെൺ പിള്ളേർക്ക് മാത്രമേ ഈ അസുഖം ഉണ്ടായിരുന്നുള്ളു എന്ന് വിചാരിച്ചിരുന്നു. ഈ അടുത്താണ് എന്റെ സുഹൃത്തുക്കൾ പറയുന്നേ അവന്മാര് കാണുന്ന എല്ലാ പെൺപിള്ളേരെ വെച്ചും flames നോക്കാറുണ്ടായിരുന്നു പോലും, എന്നിട്ട് ഇഷ്ട്ടം ഉള്ള അക്ഷരം വന്നാൽ ആ പെൺകൊച്ചവർക്ക് സ്വന്തം എന്നും തീരുമാനിച്ചിരുന്നു പോലും… അവന്മാരുടെ കഥകൾ എഴുതിയാൽ തീരില്ല.. ഈ പ്രായത്തിൽ കുറെ ഒക്കെ സെസർ ചെയ്ത് പറഞ്ഞു തന്നിട്ടുമുണ്ട് ഇവന്മാർ. എന്താ കഥ അല്ലെ!
എന്തായാലും ബുക്ക് പ്രസിദ്ധികരണത്തിന്റെ ഭാഗമായാണ് എന്റെ ഈ കൊച്ചു കഥ അവതരിപ്പിക്കുന്നു.
Comments