അമ്പലപ്പുഴ ഓർമ്മകൾ
അമ്പലപ്പുഴയിലെ 340ാമത്തെ സപ്താഹത്തിന്റ ഒരു ഫോട്ടോ കാണുകയുണ്ടായി. എന്റെ ഓർമ്മകൾ കൊണ്ടെത്തിച്ചതും എന്റെ ഗ്രാമത്തിൽ തന്നെ,അമ്പലപ്പുഴ ഉണ്ണി കണ്ണന്റെ മുറ്റത്തു. എല്ലാ അവധിയ്ക്കും അമ്മയും ചേച്ചിയും ഞാനും രാവിലെ എറണാകുളത്തു നിന്നും ആനവണ്ടിയിൽ പുറപ്പെടും അമ്പലപ്പുഴയ്ക്കു. വെളുപ്പിന് 5 മണിയ്ക്ക് ഏലൂരിൽ നിന്ന് പുറപ്പെട്ടു എറണാകുളം എത്തി അവിടുന്ന് നടന്നു ബസ് സ്റ്റാണ്ടിലേയ്ക്ക്, പിന്നീട് ബസിന്റെ പുറകെ ഓടി ആനവണ്ടിയിൽ സൈഡ് സീറ്റിനു വേണ്ടിയുള്ള ഗുസ്തി ചേച്ചിയുമായി (അതിന് ചേച്ചി പറയുന്നത് ഞാൻ കാഴ്ച കണ്ടു ഉറങ്ങും ചേച്ചിക്കാണെങ്കിൽ ഉറക്കവും ഇല്ല ) അങ്ങനെ തുടങ്ങും ഓരോ യാത്ര . അടുത്തത് ആലപ്പുഴബസ് സ്റ്റാൻഡിൽ ഇറങ്ങി തകഴിയിലെയ്ക്കുള്ള ബസ്സിനായിട്ടുള്ള കാത്തിരിപ്പു. അമ്പലപ്പുഴയിൽ എത്തിയാൽ വീണ്ടും നടരാജ വണ്ടി. ഒരു പരാതിയും ക്ഷീണവും ഇല്ലാത്ത യാത്ര, പിന്നെ പരാതി പറഞ്ഞാൽ കേൾക്കുന്ന അമ്മയും കൂടി ആയതു കൊണ്ട് നോ പരാതി. അച്ഛൻ വൈകിട്ടോ പിറ്റേനോ ആകും എത്തുക. അന്നത്തെ ആനവണ്ടി സവാരി ഓർക്കുമ്പോൾ സ്പീഡിൽ പോകുന്ന ബസ്സിൽ നിന്നും കിട്ടുന്ന കാറ്റും കാഴ്ചകളും മിന്നി മറയുന റോഡിലേ പുല്ലുകളും മൈൽ കുറ്റികൾക്കും എന്തൊക്കെയോ പറയാൻ ഉണ്ടാകും എന്നൊക്കെ ചിന്തിച്ചായിരുന്നു യാത്ര, അങ്ങനെ ചിന്താനിമഗ്നയായി ഇരിക്കുമ്പോൾ ആയിരിക്കും "ടോ" എന്ന വലിയ ശബ്ദത്തോടെ ബസ്സിന്റെ ടയർ പഞ്ചറാകുക, അതും അനവണ്ടികളുടെ പതിവാണല്ലോ ! .വീണ്ടും കാത്തിരിപ്പ് ...ബസിനായി.
അങ്ങനെ എത്തുന്ന ദിവസങ്ങളിലും വളരെ വിരളമായി ഓടുന്ന ഓട്ടോ കണ്ടാലും അമ്മ പറയും നടന്നോളാൻ ...വരവിനു അനുസരിച്ചു ചിലവ് ..നടക്കുക അല്ലാതെ വേറെ മാർഗം ഇല്ലല്ലോ, പാവം അമ്മ തന്നെ ആയിരിക്കും ഭാരമുള്ള ആ ബാഗും എടുക്കുക ..വീട്ടിലേയ്ക്കുള്ള സ്ക്വാഷും ജാമും കാണും മിക്കപ്പഴും, കാനിങ്സെന്ററിൽ പോയി ഉണ്ടാക്കി കൊണ്ടു വരുന്നതാണ് അതൊക്കെ, നാട്ടിൽ അപ്പൂപ്പനും അമ്മുമ്മയ്ക്കും കൂടെ അനിന്തരവർക്കും ഉള്ള പങ്കു കൊടുക്കാൻ. എന്തായാലും കാത്തിരിക്കുന്ന അമ്മുമ്മയും അപ്പൂപ്പനും അമ്മച്ചിയും ചേട്ടനും മിനിയും മുരളിയുമായി തുടങ്ങും കളിയും വാചകമടിയും ....കൊടം പുളിയുടെ പഴം കഴിക്കുക കുളത്തിലെ കുളിയും മീൻപിടുത്തവും, അതിലും ഒരു കഥയുണ്ട്. ആ കുളത്തിൽ ഞാൻ മുങ്ങി ചാകേണ്ടതായിരുന്നു എന്റെ 2-1/2 വയസിൽ . എല്ലാവരുടെയും കണ്ണ് വെട്ടിച്ചു പോയി ഇഷ്ട്ടത്തി കാലു നനയ്ക്കാൻ ..ദേ കിടക്കുന്നു കുളത്തിൽ, അമ്മയ്ക്കു സംശയംതോന്നി നോക്കിയപ്പോൾ പൊങ്ങി കിടക്കുന്നു. നീന്തൽ അറിയാത്ത അമ്മ എന്റെ കാലിൽ പിടിച്ചു വലിച്ചെടുത്തു അമ്മുമ്മയെ ഏല്പിച്ചു, അമ്മുമ്മ തലയിൽ വെച്ചു ചുറ്റിച്ചു എന്നൊക്കെ ആണ് കഥ. എന്തയാലും അതിനു ശേഷം ഈ വർഷം അത്രെയും അമ്മയ്ക്ക് ഞാൻ വെള്ളത്തിൽ ഇറങ്ങുന്നത് തന്നെ പേടി !എനിക്കോ, വെള്ളം കണ്ടാൽ ഭ്രാന്തും. ചേച്ചി ഇവിടെയും ഡീസന്റ്ആണേ, ഒരു ഗുലുമാലിനും ഇല്ല.
ഓണം സമയം ആണെങ്കിൽ പൂപറിക്കാൻ ഉള്ള നെട്ടോട്ടം ആണ് , പുലി കളി കാണാനുള്ള ആഹ്ലാദവും പിന്നെ യഥേഷ്ടം ഉപ്പേരികളും കഴിച്ചു നടക്കും അതിൽ ചേമ്പു ഉപ്പേരിക്കു പിശുക്കു കൂടുതൽ ആണ് ...ഏതോ രണ്ടുവർഷം അമ്മാവന്മാരുടെ ക്ലബ്ബിലെ ഓണം പരുപാടി ഉണ്ടായിരുന്നു, തിരുവാതിര കളി , ഒപ്പന അങ്ങനെ കുറെ പരുപാടികൾക്കു പങ്കെടുത്തിരുന്നു . സ്വതവേ സ്ട്രിക്ട് ആയിരുന്ന അമ്മ, അമ്മാവന്മാരും കുഞ്ഞമ്മയും ഉള്ളത് കാരണം മാത്രം ആയിരിക്കാം ഈ പരിപാടികൾക്ക് വിട്ടതും. അങ്ങനെ നീളുന്നു അമ്പലപ്പുഴ വിശേഷം.
ശരിക്കും പറഞ്ഞാൽ ഇതൊന്നും അല്ല ഞാൻ എഴുതാൻ ഉദ്ദേശിച്ചത്. അമ്പലപ്പുഴയിൽ പ്രത്യേകിച്ച് വലിയ അവധിക്കു വരുമ്പോൾ അമ്പലത്തിൽ നിന്നും സ്ഥിരമായി വായന കേൾക്കുമായിരുന്നു, അതു എന്താണെന്നു ചോദിച്ചിട്ടും ഇല്ല പറഞ്ഞു തന്നിട്ടുമില്ല . തൊഴാൻ പോകുമ്പോൾ പതിവു തെറ്റിക്കാതെ നാടകശാലയിൽ കയറി ഇരിക്കും ( അന്നും ഇന്നും ) അപ്പോഴും ഈ വായന കാണുകയും കേൾക്കുകയും ചെയ്യാറുണ്ട് . കണ്ണനെ ഒരുക്കി നിറുത്തി ഉള്ള കഥപറച്ചിലും പാരായണവും . കൂടി വന്നാൽ ഒരു പത്തു പേര് കാണും അവിടെ. അന്നും എനിക്കറിയില്ലായിരുന്നു എന്താണ് അവിടെ നടക്കുന്നത് . വർഷങ്ങൾക്കു ശേഷം അതും വിവാഹം കഴിഞ്ഞു ഇവിടെ തിരുവന്തപുരത്തു വന്നപ്പോൾ മാത്രമായിരുന്നു എന്നിക്കു മനസിലായത് അതു സപ്താഹമായിരുന്നു അവിടെ നടന്നിരുന്നത്. എന്റെ ഊഹം ശരി ആണെങ്കിൽ വർഷത്തിൽ രണ്ടു തവണ എങ്കിലും ഞങളുടെ കണ്ണന് സപ്താഹം ഉണ്ടായിരുന്നിരിക്കണം. ഇന്നത്തെ പോലെ ഒരു വലിയ സംഭവം ആയിരുന്നില്ല അമ്പലപ്പുഴയിൽ അന്ന് സപ്താഹം. എന്നും അവിടത്തെ എല്ലാ വിശേഷങ്ങളും കളഭവും ഉൽസവവും ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു . ഗുരുവയുരപ്പനെ കാണാൻ പോകുമ്പോൾ ഉണ്ടാകുന്ന വെപ്രാളം ഒന്നും അമ്പലപ്പുഴ കണ്ണനെ കാണാൻ പോകുമ്പോൾ ഇല്ലായിരുന്നു എന്നതായിരുന്നു വാസ്തവം . ..സന്തത സഹചാരിയാണ് എന്റെ കണ്ണൻ...നമ്മുടെ കൂടെ തന്നെ ഉള്ള ഒരാൾ അത്ര മാത്രം...പക്ഷേ എന്നും അവിടുന്ന് ഉണ്ടാകും എന്ന വിശ്വാസവും പണ്ടേക്കു പണ്ടേ ഉടലെടുത്തിരുന്നു എന്നതും ഒരു പരമാർത്ഥം.
വാസുദേവാ....
Comments
അമ്പലപ്പുഴ കണ്ണനെ തൊഴുമ്പോൾ കിട്ടുന്നത് വേറെ ഒരു ആനന്ദം🙏❤️🙏